ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഉത്തരകൊറിയയിലേക്ക്; ഏഴ് വർഷത്തിനിടെയുള്ള ആദ്യ സന്ദർശനം
text_fieldsബീജിങ്: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ജൂൺ 8 മുതൽ 9 വരെ ഉത്തരകൊറിയ സന്ദർശിക്കുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. ഏഴ് വർഷത്തിനിടെ ഇതാദ്യമായാണ് ഷീ ജിൻപിങ് ഉത്തരകൊറിയ സന്ദർശിക്കുന്നത്. പ്യോങ്യാങ്ങുമായുള്ള നയതന്ത്രബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ചൈനീസ് പ്രസിഡന്റിന്റെ ഈ നീക്കം.
കഴിഞ്ഞ മാസം ബീജിങ്ങിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ എന്നിവരുമായി ഷീ ജിൻപിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹം പ്യോങ്യാങ്ങിലേക്ക് തിരിക്കുന്നത്.
കോവിഡ് മഹാമാരിക്ക് ശേഷം ഉത്തരകൊറിയയുമായുള്ള ബന്ധം മരവിച്ചിരിക്കുകയായിരുന്നു. ഇതിനിടെ, യുക്രെയ്ൻ അധിനിവേശത്തിന് റഷ്യയെ സഹായിക്കാൻ കിം ജോങ് ഉൻ തങ്ങളുടെ സൈന്യത്തെയും ആയുധങ്ങളെയും മോസ്കോയിലേക്ക് അയച്ചിരുന്നു. ഇത് റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കി. ഈ സാഹചര്യത്തിലാണ് തങ്ങളുടെ ഏക ഔദ്യോഗിക സഖ്യകക്ഷിയായ ഉത്തരകൊറിയയെ വീണ്ടും ഒപ്പം നിർത്താൻ ചൈന നേരിട്ട് രംഗത്തിറങ്ങുന്നത്.
കോവിഡിനെ തുടർന്ന് നിർത്തിവെച്ചിരുന്ന ബീജിങ്-പ്യോങ്യാങ് പാസഞ്ചർ ട്രെയിൻ സർവീസുകളും എയർ ചൈന വിമാന സർവീസുകളും കഴിഞ്ഞ മാർച്ചിൽ പുനരാരംഭിച്ചിരുന്നു. നിലവിൽ ബിസിനസ്സ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും വിദ്യാർഥികൾക്കും മാത്രമാണ് യാത്രാ അനുമതിയുള്ളത്.
72-കാരനായ ഷീ ജിൻപിങ്ങിന്റെ ഈ വർഷത്തെ ആദ്യ വിദേശ സന്ദർശനമാണിത്. സമീപകാലത്തായി വിദേശയാത്രകൾ വൻതോതിൽ കുറച്ച അദ്ദേഹം, കഴിഞ്ഞ ഒക്ടോബർ അവസാനമാണ് ഇതിന് മുമ്പ് വിദേശയാത്ര നടത്തിയത്. അന്ന് ദക്ഷിണ കൊറിയ സന്ദർശിച്ച അദ്ദേഹം അവിടെവെച്ച് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു വർഷത്തിനിടയിൽ ഷീ ജിൻപിങ് ഇരു കൊറിയകളും സന്ദർശിക്കുന്നത് കൊറിയൻ ഉപദ്വീപിലെ സമാധാനാന്തരീക്ഷത്തിന് വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തൽ.
2012-ൽ ചൈനയുടെ പരമോന്നത നേതാവായി അധികാരമേറ്റ ശേഷം ഷീ ജിൻപിങ് ഒരു തവണ ഉത്തരകൊറിയയും രണ്ട് തവണ ദക്ഷിണ കൊറിയയും സന്ദർശിച്ചിട്ടുണ്ട്. നേരത്തെ 2008ൽ വൈസ് പ്രസിഡന്റായിരിക്കെ കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് ഇല്ലിന്റെ ഭരണകാലത്തും അദ്ദേഹം പ്യോങ്യാങ് സന്ദർശിച്ചിരുന്നു.
അതേസമയം, ആണവായുധ ശേഖരം വൻതോതിൽ വർദ്ധിപ്പിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് കിം ജോങ് ഉൻ കഴിഞ്ഞ ദിവസം ഉത്തരകൊറിയയിലെ പുതിയ ആണവ സാമഗ്രി ഉൽപ്പാദന കേന്ദ്രം സന്ദർശിച്ചിരുന്നു. ഷീ ജിൻപിങ്ങിന്റെ സന്ദർശനത്തിന് മുന്നോടിയായാണ് കിമ്മിന്റെ ഈ നീക്കമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

