Begin typing your search above and press return to search.
exit_to_app
exit_to_app
ചൈനക്കാരുടെ മഞ്​ജു വാര്യർ ഇൻറർനെറ്റിൽ നിന്ന്​ അപ്രത്യക്ഷമായി; ആരാധക ലക്ഷങ്ങൾ അങ്കലാപ്പിൽ
cancel
Homechevron_rightNewschevron_rightWorldchevron_rightചൈനക്കാരുടെ 'മഞ്​ജു...

ചൈനക്കാരുടെ 'മഞ്​ജു വാര്യർ' ഇൻറർനെറ്റിൽ നിന്ന്​ അപ്രത്യക്ഷമായി; ആരാധക ലക്ഷങ്ങൾ അങ്കലാപ്പിൽ

text_fields
bookmark_border

മലയാളിക്ക്​ മഞ്​ജു വാര്യർ എങ്ങിനെയാണോ അങ്ങിനെയാണ്​ ചൈനക്കാർക്ക്​ ചാവ്​ വെ എന്ന നടി. അക്ഷരാർഥത്തിൽ ചൈനക്കാരുടെ വനിതാ സൂപ്പർസ്​റ്റാറാണിവർ. അഭിനേത്രി എന്നതിനൊപ്പം സംവിധായിക, ബിസിനസുകാരി, ഗായിക എന്നീ നിലകളിലെല്ലാം പ്രശസ്​ത. പതിറ്റാണ്ടുകളായി ചൈനീസ്​ പ്രേക്ഷകരുടെ മനസിൽ ചിരപ്രതിഷ്​ഠ നേടിയ കലാകാരികൂടിയാണ്​ ചാവ്​ വെ. ശത ​േകാടീശ്വരനായ ഭർത്താവുമായി ചേർന്ന്​ ബിസിനസിലും ഇറങ്ങി ഇവർ ലാഭം കൊയ്​തിരുന്നു.


ട്വിറ്ററിന്​ സമാനമായ ചൈനീസ്​ മൈക്രോബ്ലോഗിങ്​ സൈറ്റായ വെയ്‌ബോയിൽ 86 ദശലക്ഷം ആരാധകരാണ്​ 45കാരിയായ ചാവ്​ വെയ്​ക്ക്​ ഉണ്ടായിരുന്നത്​. ഒരു സുപ്രഭാതത്തിൽ ഇവരെ സംബന്ധിച്ച വിവരങ്ങളെല്ലാം ചൈനീസ്​ ഇൻറർനെറ്റിൽ നിന്ന്​ അപ്രത്യക്ഷമായിരിക്കുകയാണ്​.രാജ്യത്തെ ഏറ്റവും വലിയ വീഡിയോ സ്ട്രീമിങ്​ സൈറ്റുകളിൽ ഇവരുടെ പേര് തിരഞ്ഞാൽ വിവരങ്ങൾ ഒന്നും ലഭ്യമല്ല. അവരുടെ ജനപ്രിയ ടിവി പരമ്പരയായ 'മൈ ഫെയർ പ്രിൻസസ്' ഉൾപ്പെടെയുള്ള പരിപാടികളുടെ എല്ലാ വീഡിയോകളും നീക്കംചെയ്​തിരിക്കുന്നു. ചൈനയുടെ വിക്കിപീഡിയയിൽ ചാവ്​ വെ സംവിധാനം ചെയ്​ത സിനിമകളുടെ വിവരണങ്ങളിൽനിന്നുപോലും അവരുടെ പേര്​ ഒഴിവാക്കി. സംവിധായികയുടെ പേരി​െൻറ സ്​ഥാനത്ത്​ വരകൾ മാത്രമാണ്​ ഇപ്പോഴുള്ളത്​. ഓഗസ്റ്റ് 26 നാണ്​ ചാവ്​ വെയുടെ ഓൺലൈൻ തിരോധാനം സംഭവിച്ചത്​


നിരീക്ഷകർ പറയുന്നത്​

രാജ്യത്തി​െൻറ വിനോദ വ്യവസായത്തിലേക്ക്​ ചൈനീസ്​ കമ്മ്യൂണിസ്​റ്റ്​ പാർട്ടി സംശയത്തോടെ നോക്കിത്തുടങ്ങിയിട്ട്​ കുറേക്കാലമായതായി സാമൂഹിക നിരീക്ഷകർ പറയുന്നു. വിപുലമായ അടിച്ചമർത്തലാണ്​ ഇൗ മേഖലയിൽ നടക്കുന്നത്​. 'അനാരോഗ്യകരമായ സെലിബ്രിറ്റി സംസ്​കാരം' രാജ്യത്തുണ്ട്​ എന്നാണ്​ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിലയിരുത്തൽ. ഇതിനെ നിയന്ത്രിക്കണം എന്നും അവർക്ക്​ അഭിപ്രായമുണ്ട്​. ചാവ്​ വെയുടെ കാര്യത്തിൽ വിവിധ നടപടികൾക്ക്​ തങ്ങളെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് ചൈനീസ് സർക്കാർ പരസ്യമായി പറഞ്ഞിട്ടില്ല.

'ചൈനയിലെ സെലിബ്രിറ്റി സംസ്​കാരത്തിൽ എന്താണ് തെറ്റെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി കാണുന്നതി​െൻറ ഒരു പോസ്റ്റർ പതിപ്പാണ്​ ചാവോ വെയ്'-ചൈനീസ് സിനിമകളിലും രാഷ്ട്രീയത്തിലും പ്രാവീണ്യം നേടിയ ദക്ഷിണ കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫസർ സ്റ്റാൻലി റോസൻ പറഞ്ഞു. എത്ര സമ്പത്തുണ്ടായാലും ജനപ്രിയരായാലും നിങ്ങൾ വേട്ടയാടപ്പെടും എന്നാണ്​ നടിക്കെതിരായ നടപടിയിലൂടെ സർക്കാർ നൽകുന്ന സൂചനയെന്നും അദ്ദേഹം പറഞ്ഞു. ചാവ്​ വെയുടെ കാര്യത്തിലെ ദുരൂഹത 'മറ്റ് സെലിബ്രിറ്റികളെ അതീവ ജാഗ്രതയുള്ളവരും ഭരണകൂടത്തി​െൻറ ലക്ഷ്യങ്ങൾ ഉൾക്കൊള്ളുന്നതിൽ മുൻകൈയെടുക്കുന്നവരുമാക്കും' എന്നും സ്റ്റാൻലി റോസൻ കൂട്ടിച്ചേർത്തു. ഒാൺലൈൻ തിരോധാനം സംബന്ധിച്ച്​ മാധ്യമങ്ങളോട്​ പ്രതികരിക്കാൻ നടിയോ ചൈനയുടെ ഇൻറർനെറ്റ് റെഗുലേറ്ററായ സൈബർസ്പേസ് അഡ്​മിനിസ്ട്രേഷനോ തയ്യാറായിട്ടില്ല.


കഴിഞ്ഞ ഏതാനും ആഴ്‌ചകളിൽ, നികുതി വെട്ടിപ്പ് അന്വേഷണത്തിൽ കുടുങ്ങിയ നടി ഷെങ്​ ഷുവാങ്, ജപ്പാനിലെ വിവാദ ദേവാലയം സന്ദർശിച്ച യുവ നടൻ ഷാങ് ഷെഹാൻ എന്നിവരുൾപ്പെടെയുള്ള മറ്റ് പ്രമുഖരും കമ്മ്യൂണിസ്​റ്റ്​ പാർട്ടിയുടെ വിമർശനങ്ങൾക്ക്​ ഇരയായിരുന്നു.സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സെലിബ്രിറ്റികളുടെ റാങ്കിങ്​ ചൈന നിരോധിച്ചിട്ടുണ്ട്​. രാഷ്ട്രീയമായി അല്ലെങ്കിൽ ധാർമ്മികമായി നിലവാരം പുലർത്താത്ത കലാകാരന്മാരെ നിരോധിക്കാൻ പരമ്പരാഗത പ്രക്ഷേപകർക്കും സ്ട്രീമിങ്​ പ്ലാറ്റ്ഫോമുകൾക്കും ചൈനീസ്​ സർക്കാർ നിർദേശവും നൽകിയിട്ടുണ്ട്​.

Show Full Article
TAGS:China Zhao Wei Internet Movie Star Erased 
News Summary - China’s Biggest Movie Star Was Erased From the Internet, and the Mystery Is Why
Next Story