ചൈന തായ്‌വാനെ ആക്രമിക്കില്ല, ആക്രമിച്ചാൽ എന്താകുമെന്ന് അവർക്കറിയാം -ട്രംപ്
text_fieldsവാഷിങ്ടൺ: ചൈന തായ്‌വാനെ ആക്രമിച്ചാൽ ‘അനന്തരഫലങ്ങൾ’ ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ പ്രസിഡന്റായിരിക്കുമ്പോൾ ചൈന തായ്‌വാനെ ആക്രമിക്കില്ലെന്നും ആക്രമിച്ചാൽ ഉണ്ടാകുന്ന അനന്തരഫലം അവർക്ക് അറിയാമെന്നും എന്നും ട്രംപ് പറഞ്ഞു. ടി.വി ചാനലിന് നൽകിയ അഭിമുഖത്തിൽ, ചൈന തായ്‌വാനിൽ സൈനിക നടപടി സ്വീകരിച്ചാൽ എന്തുചെയ്യുമെന്നും അങ്ങനെ സംഭവിച്ചാൽ അമേരിക്ക സൈന്യത്തെ വിന്യസിക്കുമോ എന്നുമുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ട്രംപ്.
ട്രംപും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും തമ്മിൽ ദിവസങ്ങൾക്ക് മുമ്പ് കൂടിക്കാഴ്ച നടത്തുകയും, ഇരുരാജ്യങ്ങളും തമ്മിലെ ഏറെക്കാലമായ വ്യാപാര യുദ്ധം അയയുമെന്ന് കരുതപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് ട്രംപിന്‍റെ പുതിയ പ്രസ്താവന വന്നിരിക്കുന്നത്. ഇത് ഒരു വിഷയമായി കൂടിക്കാഴ്‌ചയിൽ ഉയർന്നു വന്നിട്ടില്ലെന്നും ഷി ജിൻപിങ് ഒരിക്കലും ഇക്കാര്യം ഉന്നയിച്ചിട്ടില്ല എന്നും ട്രംപ് പറഞ്ഞു.
ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെ ദക്ഷിണ കൊറിയയിൽ വെച്ചായിരുന്നു ട്രംപ് - ഷി കൂടിക്കാഴ്ച. യു.എസിന്റെ പ്രധാന സഖ്യകക്ഷിയായ തായ്‌വാനെക്കുറിച്ച് ചർച്ച ചെയ്തില്ലെങ്കിലും മറ്റു നിരവധി വിഷയങ്ങൾ ഇരുനേതാക്കളും സംസാരിച്ചിരുന്നു. തുടർന്ന് ചൈനീസ് പ്രസിഡന്‍റുമായുള്ള ചർച്ചയെ ‘ചരിത്രപരം’ എന്ന് ട്രംപ് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
വ്യാപാരം സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ടെങ്കിലും തായ്‌വാൻ വിഷയത്തിൽ ട്രംപിന്റേത് കർശന നിലപാടാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ചൈനയുടെ പ്രതിരോധ മന്ത്രി അഡ്‌മിറൽ ഡോങ് ജൂനും അമേരിക്കൻ സൈനിക സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും മലേഷ്യയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിൽ തായ്‌വാനിലും ദക്ഷിണ കടലിടുക്കിലും വർധിച്ചു വരുന്ന ചൈനീസ് സൈനിക സാന്നിധ്യത്തിൽ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

