തായ്‌വാൻ വിഷയത്തിൽ തീകൊണ്ട് കളിക്കരുത്; യു.എസിന് മുന്നറിയിപ്പുമായി ചൈന
text_fieldsബെയ്ജിങ്: യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ പ്രകോപനത്തിനു പിന്നാലെ തായ്‍വാൻ വിഷയത്തിൽ ‘തീകൊണ്ട് കളിക്കുന്നതിനെതിരെ’ അമേരിക്കക്ക് മുന്നറിയിപ്പ് നൽകി ചൈന. മേഖലയിൽ യു.എസ് ശീതയുദ്ധത്തിന്റെ മാനസികാവസ്ഥ പ്രചരിപ്പിക്കുകയാണെന്നും ചൈന കുറ്റപ്പെടുത്തി.
ശനിയാഴ്ച സിംഗപ്പൂരിൽ നടന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ ഉന്നതതല ഉച്ചകോടിയിലായിരുന്നു ഹെഗ്സെത്തിന്റെ പരാമർശം. ഏഷ്യയുടെ ശാക്തിക സന്തുലിതാവസ്ഥ മാറ്റുന്നതിനുള്ള സൈനിക നടപടിക്ക് ചൈന തയ്യാറെടുക്കുകയാണെന്നും തായ്‌വാനിൽ അധിനിവേശ സാധ്യത മുന്നിൽകണ്ട് പരിശീലിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ, ഹെഗ്‌സെത്തിന്റെ പരാമർശങ്ങൾക്ക് ഉടനടി മറുപടിയുമായി ചൈനയുടെ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. തായ്‌വാൻ ഇപ്പോഴും തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും ഒരു ബാഹ്യ ശക്തി അതിനു പുറത്തേക്ക് ഇതിനെ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പ് നൽകി. ചൈനയെ ഒതുക്കാനുള്ള ഒരു വിലപേശൽ കാർഡായി തായ്‌വാൻ പ്രശ്‌നത്തെ ഉപയോഗിക്കരുതെന്നും തീകൊണ്ട് കളിക്കരുതെന്നും അവർ പറഞ്ഞു.
ദക്ഷിണ ചൈനാക്കടലിൽ യു.എസ് സൈനിക വിന്യാസം നടത്തി പ്രശ്‌നം ആളിക്കത്തിക്കുകയാണെന്നും ഏഷ്യ-പസഫിക് മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കുകയാണെന്നും ചൈന അവകാശപ്പെട്ടു. മേഖലയിലെ രാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ പ്രദേശത്തെ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുകയാണെന്നും ചൈന കൂട്ടിച്ചേര്‍ത്തു.
സ്വയം ഭണരാധികാരമുള്ള ദ്വീപായ തായ്‌വാനെ ചൈന തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി കണക്കാക്കുകയും ആവശ്യമെങ്കിൽ ബലപ്രയോഗത്തിലൂടെ വീണ്ടും ഒന്നിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, തായ്‌വാൻ സർക്കാർ ചൈനയുടെ പരമാധികാര അവകാശവാദങ്ങൾ നിരസിക്കുകയും ദ്വീപിലെ ജനങ്ങൾക്ക് മാത്രമേ അവരുടെ ഭാവി തീരുമാനിക്കാൻ കഴിയൂ എന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

