സംഭാഷണത്തിനിടയിലും ട്രംപിന് ചൈനയുടെ മുന്നറിയിപ്പ്
text_fieldsബെയ്ജിങ്: ഒമ്പത് വർഷത്തിനുശേഷം ചൈനയിലെത്തിയ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ബെയ്ജിങ്ങിൽ ഉജ്ജ്വല വരവേൽപ്. കഴിഞ്ഞദിവസം രാത്രി തലസ്ഥാന നഗരിയിലെത്തിയ ട്രംപിനെയും സംഘത്തെയൂം വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള പ്രതിനിധികളാണ് വിമാനത്താവളത്തിൽ സ്വീകരിച്ചത്. വ്യാഴാഴ്ച പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി ട്രംപ് സംഭാഷണം നടത്തുകയും ചെയ്തു. സൗഹൃദ സംഭാഷണത്തിൽപോലും തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാനാണ് ചൈനീസ് പ്രസിഡന്റ് ശ്രമിച്ചത്. തായ്വാനുമായി ബന്ധപ്പെട്ട വിഷയത്തിൽ യു.എസിന് അദ്ദേഹം ശക്തമായ മുന്നറിയിപ്പ് നൽകുകയും ചെയ്തു. തായ്വാനെ ചൈന വിമത പ്രവിശ്യയായിട്ടാണ് കണക്കാക്കുന്നത്. അവിടത്തെ ജനാധിപത്യ സർക്കാറിനെ ചൈന അംഗീകരിക്കുന്നില്ല.
എന്നാൽ, സർക്കാറിന് പ്രതിരോധശേഷി വർധിപ്പിക്കാനായി യു.എസ് ആയുധങ്ങൾ നൽകിയത് ചൈനയെ പ്രകോപിപ്പിച്ചിരുന്നു. ഈ വിഷയമാണ് ട്രംപുമായുള്ള ചർച്ചയിൽ ഷി ജിൻപിങ് ഉയർത്തിയത്. വിഷയം ശ്രദ്ധാപൂർവം കൈകാര്യം ചെയ്തില്ലെങ്കിൽ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘‘തായ്വാൻ പ്രശ്നമാണ് ചൈന-യു.എസ് ബന്ധത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം. ഇത് നന്നായി കൈകാര്യം ചെയ്താൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിൽ തുടരാൻ സാധ്യതയുണ്ട്.
ഇത് തെറ്റായി കൈകാര്യം ചെയ്താൽ, രണ്ട് രാജ്യങ്ങളും സംഘർഷത്തിലേക്ക് വരാം. ഇത് ചൈന-യു.എസ് ബന്ധത്തെ അപകടകരമായ സാഹചര്യത്തിലേക്ക് തള്ളിവിടും -ഷി ജിൻപിങ്ങിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര തർക്കങ്ങളും തീരുവ സംബന്ധിച്ച് നിലനിൽക്കുന്ന വിവാദങ്ങളും ട്രംപിന്റെ സന്ദർശനത്തിൽ ചർച്ചയാകുമെന്നാണ് കരുതുന്നത്. പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷവും ഹുർമുസ് കടലിടുക്കിലെ സുരക്ഷാ പ്രശ്നങ്ങളും ചർച്ചയുടെ ഭാഗമാണ്. ഇറാന്റെ കാര്യത്തിൽ ചൈനയുടെ സജീവ ഇടപെടൽ ട്രംപ് ആവശ്യപ്പെട്ടേക്കും. എ.ഐ സാങ്കേതികവിദ്യയുടെ വികാസവും സൈനിക ആവശ്യങ്ങൾക്കായി ഇവ ഉപയോഗിക്കുന്നതിലെ നിയന്ത്രണങ്ങളും ചർച്ചയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

