യുദ്ധഭൂമിയിലേക്ക് ഹ്യൂമനോയ്ഡ് റോബോട്ടുകൾ; സൈനിക പരിശീലന നീക്കവുമായി ചൈന
text_fieldsബീജിങ്: ഹ്യൂമനോയ്ഡ് റോബോട്ടുകളെ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനുള്ള നീക്കങ്ങൾ ശക്തമാക്കി ചൈന. ലബോറട്ടറികളിൽ വികസിപ്പിക്കുന്ന റോബോട്ടിക് സാങ്കേതികവിദ്യ സൈനിക പരിശീലന മൈതാനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കണമെന്ന് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഔദ്യോഗിക പത്രമായ പി.എൽ.എ ഡെയ്‌ലി ഗവേഷകരോട് ആവശ്യപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഓഗസ്റ്റിൽ ചൈനയിൽ നടന്ന വേൾഡ് ഹ്യൂമനോയ്ഡ് റോബോട്ട് ഗെയിംസിൽ റോബോട്ടുകൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. ഗെയിംസ് അവസാനിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് സാങ്കേതികവിദ്യയെ സൈനിക പരിശീലനത്തിലേക്ക് മാറ്റുന്നത് വേഗത്തിലാക്കണമെന്ന് പത്രം ആവശ്യപ്പെട്ടത്.
റോയിട്ടേഴ്സ് നടത്തിയ അന്വേഷണത്തിൽ 100-ലേറെ ചൈനീസ് സൈനിക സംഭരണ രേഖകൾ, ഗവേഷണ പ്രബന്ധങ്ങൾ, പേറ്റന്റുകൾ, സർക്കാർ രേഖകൾ, പ്രതിരോധ കമ്പനികളുടെ വിവരങ്ങൾ എന്നിവ പരിശോധിച്ചു. ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ സൈനിക ഉപയോഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ ചൈന വേഗത്തിലാക്കുകയാണെന്നും ഭാവിയിൽ യുദ്ധമേഖലയിൽ വിന്യസിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഹ്യൂമനോയ്ഡ് റോബോട്ട് നിർമാണത്തിൽ ചൈനയാണ് നിലവിൽ മുന്നിൽ. 2025-ൽ ലോകത്ത് വിതരണം ചെയ്ത ഇത്തരം റോബോട്ടുകളിൽ ഏകദേശം 95 ശതമാനവും ചൈനീസ് നിർമാതാക്കളുടേതായിരുന്നു. നിരീക്ഷണം, പട്രോളിങ്, സൈനിക സാമഗ്രികളുടെ നീക്കം, തുരങ്കങ്ങളിലും കപ്പലുകളിലും നടത്തുന്ന ദൗത്യങ്ങൾ തുടങ്ങിയവക്കാണ് റോബോട്ടുകളെ പ്രധാനമായും ഉപയോഗിക്കാൻ പദ്ധതിയിടുന്നത്. റോബോട്ട് നായ്ക്കളും ആളില്ലാ വാഹനങ്ങളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾക്കൊപ്പം ഇവയെ വിന്യസിക്കാനും ചൈന ആലോചിക്കുന്നുണ്ട്.
ഒരു ഗവേഷണ പ്രബന്ധത്തിൽ വിവരിച്ച പദ്ധതിപ്രകാരം ഹ്യൂമനോയ്ഡ് റോബോട്ടുകൾ, റോബോട്ട് നായ്ക്കൾ, ആളില്ലാ വാഹനങ്ങൾ എന്നിവ ഉൾപ്പെടുന്ന ആറ് റോബോട്ടുകളെ രണ്ട് ആക്രമണ സംഘങ്ങളായി തിരിച്ച് സൈനികർക്കൊപ്പം പ്രവർത്തിപ്പിക്കാം. ശത്രുസൈന്യം നിയന്ത്രിക്കുന്ന കെട്ടിടങ്ങളിൽ പ്രവേശിച്ച് പരിശോധന നടത്തുന്നതിനും ഇവയെ ഉപയോഗിക്കാമെന്നാണ് നിർദേശം. ഈ സാങ്കേതികവിദ്യ അഞ്ച് മുതൽ പത്ത് വർഷത്തിനുള്ളിൽ പ്രായോഗികമാകുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
അതേസമയം, ആയുധധാരികളായ ഹ്യൂമനോയ്ഡ് റോബോട്ടുകളെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പ്രവർത്തനത്തിലുള്ള സൈനിക യൂണിറ്റുകളിൽ വിന്യസിച്ചതിന് തെളിവുകളൊന്നുമില്ലെന്ന് റോയിട്ടേഴ്സ് വ്യക്തമാക്കി. റോബോട്ടുകൾക്ക് ഇപ്പോഴും വലിയ തോതിൽ ഊർജം ആവശ്യമാണ്. എ.ഐ അധിഷ്ഠിത ആയുധങ്ങൾ മനുഷ്യരുടെ നിയന്ത്രണത്തിൽ തന്നെ തുടരണമെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സാങ്കേതികവും സാമ്പത്തികവുമായ തടസ്സങ്ങൾ മറികടന്നാൽ ഹ്യൂമനോയ്ഡ് റോബോട്ടുകൾ യുദ്ധഭൂമിയിലേക്ക് എത്തുമെന്ന് ചൈനീസ് സൈനിക ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

