അപൂർവ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണം തുടരും -ചൈന
text_fieldsബെയ്ജിങ്: അപൂർവ ധാതുക്കളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ന്യായീകരിച്ച് ചൈന. ആഗോള സമാധാനം നിലനിർത്താനുള്ള നടപടിയാണിതെന്നും അതിന്റെ പേരിൽ ചൈനീസ് ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് 100 ശതമാനം അധിക തീരുവ ചുമത്തിയ യു.എസ് നടപടി തുടർന്നാൽ ശക്തമായി നേരിടുമെന്നും ചൈന.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അപൂർവ ധാതുക്കൾ, ലിഥിയം ബാറ്ററികൾ, അനുബന്ധ ഉൽപന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതികതയുടെയും ഉപകരണങ്ങളുടെയും കയറ്റുമതിക്ക് ചൈന പുതിയ നിയന്ത്രണം ചുമത്തിയത്. ചൈനയിൽ നിന്ന് എത്തിച്ച വസ്തുക്കൾ ചില കമ്പനികൾ സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞായിരുന്നു നിയന്ത്രണം.
തൊട്ടുപിറകെ, നടപടി പിൻവലിച്ചില്ലെങ്കിൽ നവംബർ ഒന്നുമുതൽ എല്ലാ ചൈനീസ് ഉൽപന്നങ്ങൾക്കും 100 ശതമാനം അധിക തീരുവ ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതോടെ ചൈനക്കുമേലുള്ള താരിഫ് 130 ശതമാനമായി ഉയരും. തന്ത്രപ്രധാന സോഫ്റ്റ് വെയറുകളുടെ കയറ്റുമതി നിരോധിക്കുമെന്നും ഉത്തരവിറക്കി. ഈ മാസം നടത്താനിരുന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ച റദ്ദാക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, ദേശീയ സുരക്ഷയെ മറ്റു വിഷയങ്ങളുമായി അമേരിക്ക കൂട്ടിക്കലർത്തുകയാണെന്നും സെമികണ്ടക്ടർ, ചിപ്പ് മേഖലകളിലും കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തുകയാണെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം കുറ്റപ്പെടുത്തി. തെറ്റായ ഈ വഴി തുടരാനാണ് തീരുമാനമെങ്കിൽ ചൈന ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു. ആഗോളതലത്തിൽ അപൂർവ ധാതുക്കളുടെ 70 ശതമാനവും ചൈനയിലാണ് ഖനനം ചെയ്തെടുക്കുന്നത്. അവയുടെ സംസ്കരണ പ്രക്രിയ 90 ശതമാനവും നടക്കുന്നതും ചൈനയിലാണ്.
ഇലക്ട്രോണിക്സ്, വാഹനങ്ങൾ, കാറ്റിൽനിന്നുള്ള ഊർജം, പ്രതിരോധ ഉപകരണങ്ങൾ എന്നിവയിലെല്ലാം ഇവ ആവശ്യമാണ്. യു.എസ്, യൂറോപ്യൻ യൂനിയൻ, ഇന്ത്യ എന്നിവയാണ് ചൈനയിൽനിന്ന് അപൂർവ ധാതുക്കൾ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത്.
മുമ്പും ചൈനക്കുമേൽ സമാനമായ തീരുവ യുദ്ധം ട്രംപ് പ്രഖ്യാപിച്ചിരുന്നെങ്കിലും അപൂർവ ധാതുക്കളുടെ കയറ്റുമതി നിർത്തുമെന്ന് ഭീഷണി മുഴക്കിയതോടെ ഇടക്കാല വ്യാപാര കരാറിന് സമ്മതിച്ചിരുന്നു. അമേരിക്ക സെമികണ്ടക്ടർ ചിപ്പുകളുടെ കയറ്റുമതി നിയന്ത്രണം ഒഴിവാക്കണമെന്നായിരുന്നു ചൈനയുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

