'യു.എസിന്‍റേത് ഇരട്ടത്താപ്പിന്‍റെ ഉത്തമ ഉദാഹരണം'; 100 ശതമാനം അധിക താരിഫ് ചുമത്തിയ നടപടിയിൽ ആഞ്ഞടിച്ച് ചൈന
text_fieldsബീജിങ്: എല്ലാ ഇറക്കുമതികൾക്കും 100 ശതമാനം അധിക താരിഫ് ചുമത്തിയ യു.എസ് നടപടിയെ ഇരട്ടത്താപ്പിന്‍റെ ഉത്തമോദാഹരണം എന്ന് വിമർശിച്ച് ചൈന. വെള്ളിയാഴ്ചയാണ് ചൈനയിൽ നിന്നുള്ള കയറ്റുമതിക്ക് 100 ശതമാനം അധിക താരിഫ് ഈടാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഇതോടെ ചൈനക്കുമേലുള്ള താരിഫ് 130 ശതമാനമായി.
നവംബർ 1 മുതലാണ് താരിഫ് ഈടാക്കി തുടങ്ങുക. അപൂർവ ധാതുക്കളുടെ (റെയർ എർത്ത് എലമെന്റ്സ് ) കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന് തിരിച്ചടിയായാണ് ചൈനീസ് ഉൽപന്നങ്ങൾക്ക് 100 ശതമാനം അധിക തീരുവ ചുമത്താനുള്ള ട്രംപിന്‍റെ പ്രതികാര നടപടി. ഈ മാസം നടത്താനിരുന്ന ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻ പിങുമായുള്ള കൂടിക്കാഴ്ച റദ്ദാക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ട്രംപിന്‍റെ നടപടി ചൈനയുടെ താൽപ്പര്യങ്ങളെ കാര്യമായി ബാധിച്ചുവെന്നും ചൈനയുടെ കൊമേഴ്സ് മിനിസ്ട്രി പറഞ്ഞു.യു.എസ് താരിഫ് നടപടികൾ തുടരുകയാണെങ്കിൽ തങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാൻ ഉചിതമായ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
ആഗോള വ്യാവസായിക വിതരണ ശൃംഖലകളുടെ വികസനവും സുസ്ഥിരതയും മികച്ച രീതിയിൽ സംരക്ഷിക്കുന്നതിന് എല്ലാ രാജ്യങ്ങളുമായും കയറ്റുമതി നിയന്ത്രണങ്ങൾ സംബന്ധിച്ച ചർച്ചകളും കൈമാറ്റങ്ങളും നടത്താൻ തങ്ങൾ തയാറാണെന്ന് ചൈനീസ് വക്താവ് വ്യക്തമാക്കി. യു.എസ് തങ്ങളുടെ നടപടി തിരുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

