Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅപൂർവ ധാതുക്കളിൽ...

അപൂർവ ധാതുക്കളിൽ പിടിമുറുക്കി ചൈന; തിരിച്ചടിച്ച് ട്രംപ്

text_fields
bookmark_border
അപൂർവ ധാതുക്കളിൽ പിടിമുറുക്കി ചൈന; തിരിച്ചടിച്ച് ട്രംപ്
cancel

വാഷിങ്ടൺ: അപൂർവ ധാതുക്കളുടെ (റെയർ എർത്ത് എലമെന്റ്സ് ) കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന് തിരിച്ചടിയായി ചൈനീസ് ഉൽപന്നങ്ങൾക്ക് 100 ശതമാനം അധിക തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നവംബർ ഒന്നിന് പുതിയ തീരുവ നിലവിൽ വരും. ഇരു രാജ്യങ്ങളും തമ്മിലെ തീരുവ യുദ്ധം പരിഹരിക്കുന്നതിന് ശ്രമം നടക്കുന്നതിനിടെയാണ് പുതിയ നടപടി.

ഈമാസം അവസാനം ദക്ഷിണ കൊറിയയിൽ ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുമ്പോൾ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്താൻ ട്രംപ് നേരത്തെ തീരുമാനിച്ചിരുന്നു. ഇനി അതിൽ അർഥമില്ലെന്ന് ട്രംപ് സമൂഹ മാധ്യമത്തിൽ കുറിച്ചു. അതേസമയം, ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയിട്ടില്ലെന്ന് ട്രംപ് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ, കൂടിക്കാഴ്ച നടക്കുമോയെന്ന് അറിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇലക്ട്രിക് വാഹനങ്ങൾ, പ്രതിരോധ ഉപകരണങ്ങൾ തുടങ്ങിയവയുടെ നിർമാണത്തിൽ അവിഭാജ്യ ഘടകമായ അപൂർവ ധാതുക്കളുടെ കയറ്റുമതിക്ക് വ്യാഴാഴ്ചയാണ് ചൈന നിയന്ത്രണം ഏർപ്പെടുത്തിയത്. ഡിസംബർ ഒന്നുമുതലാണ് നിയന്ത്രണം നിലവിൽ വരുക. അപൂർവ ധാതുക്കൾ വിദേശത്തേക്ക് കൊണ്ടുപോകുന്നതിന് വിദേശ കമ്പനികൾ പ്രത്യേക അനുമതി നേടണം. ഈ ധാതുക്കളുടെ ഖനനം, സംസ്കരണം എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യയുടെ കയറ്റുമതിക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സൈനിക ഉപകരണങ്ങൾക്കായി ഇത്തരം ധാതുക്കൾ കയറ്റുമതി ചെയ്യുന്നതിനുള്ള അപേക്ഷ നിരസിക്കുമെന്നും ചൈന വ്യക്തമാക്കി. അപൂർവ ധാതുക്കളിൽ 12 എണ്ണത്തിനാണ് ചൈന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ചൈനയുടെ നടപടി ഞെട്ടിക്കുന്നതും അന്യായവുമാണെന്ന് ട്രംപ് സമൂഹ മാധ്യമത്തിൽ കുറിച്ചു. ചൈന ശത്രുതയോടെ പെരുമാറുകയാണെന്നും അപൂർവ ധാതുക്കളുടെ കയറ്റുമതി തടയുന്നതിലൂടെ ലോകത്തെ ബന്ദിയാക്കാനാണ് ശ്രമിക്കുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി. മാസങ്ങൾക്കുമുമ്പ് ചൈനക്കെതിരെ 145 ശതമാനം തീരുവ ട്രംപ് പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ ഉൽപന്നങ്ങൾക്ക് 125 ശതമാനം തീരുവ ചുമത്തിയാണ് ചൈന തിരിച്ചടിച്ചത്. പിന്നീട് അമേരിക്ക 30 ശതമാനമായും ചൈന 10 ശതമാനമായും തീരുവ കുറച്ചു.

അപൂർവ ധാതുക്കൾ എന്നാൽ

ഭൂമിയിൽ അത്ര വിരളമല്ലെങ്കിലും സംസ്കരിച്ചെടുക്കാൻ ഏറെ പ്രയാസമുള്ളതാണ് അപൂർവ ധാതുക്കൾ. ലോകത്തെ അപൂർവ ധാതുക്കളിൽ 60-70 ശതമാനവും ചൈനയിലാണ് ഉൽപാദിപ്പിക്കുന്നത്. അതേസമയം, ഈ ധാതുക്കളുടെ സംസ്കരണത്തിൽ ഇതിലും മുന്നിലാണ് ചൈനയുടെ സ്ഥാനം. 90 ശതമാനം സംസ്കരണവും ചൈനയിലാണ്.

സിവിലിയൻ, സൈനിക ആവശ്യങ്ങൾക്ക് ഈ ധാതുക്കൾ ഉപയോഗിക്കുന്നുണ്ട്. വൈദ്യുതി വാഹനങ്ങൾ, ലിഥിയം അയേൺ ബാറ്ററി, എൽ.ഇ.ഡി ടി.വി, കാമറ ലെൻസ്, കമ്പ്യൂട്ടർ ചിപ്പ് എന്നിവയിൽ ഉപയോഗിക്കുന്നു. അമേരിക്കൻ പ്രതിരോധ മേഖലക്കും ഇവ അത്യന്താപേക്ഷിതമാണ്. എഫ് -35 യുദ്ധ വിമാനങ്ങൾ, മുങ്ങിക്കപ്പല​ുകൾ, ടോമഹോക് മിസൈൽ, റഡാർ സംവിധാനം, ഡ്രോണുകൾ, സ്മാർട്ട് ബോംബുകൾ എന്നിവയുടെ നിർമാണത്തിനും ഇവ ഉപയോഗിക്കുന്നു.

ആവർത്തന പട്ടികയിൽ 57 മുതൽ 71 വരെ സ്ഥാനങ്ങളിലുള്ള ലാൻഥനം, സെറിയം, പ്രസിയോഡിമിയം, നിയോഡൈമിയം, പ്രോമീഥിയം, സമരിയം, യൂറോപിയം, ഗാഡോലിനിയം, ടേർബിയം, ഡിസ്​പ്രോസിയം, ഹോൾമിയം, എർബിയം, തൂലിയം, യെറ്റെർബിയം, ലുട്ടീഷ്യം എന്നിവയും സ്കാൻഡിയം, യെട്രിയം എന്നിവയുമാണ് അപൂർവ മൂലകങ്ങൾ. ഇതിൽ ഹോൾമിയം, എർബിയം, തൂലിയം, യൂറോപിയം, യെറ്റെർബിയം എന്നീ അഞ്ച് മൂലകങ്ങളെയാണ് ചൈന വ്യാഴാഴ്ച നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തിയത്. സമരിയം, ഗാഡോലിനിയം, ടേർബിയം, ഡിസ്​പ്രോസിയം, ലുട്ടീഷ്യം, സ്കാൻഡിയം, യെട്രിയം എന്നിവ​ക്ക് ഏപ്രിലിൽ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ഇന്ത്യക്ക് ഗുണമാകും

ന്യൂഡൽഹി: അമേരിക്കയും ചൈനയും തമ്മിലെ പുതിയ തീരുവ യുദ്ധം ഇന്ത്യൻ കയറ്റുമതിക്കാർക്ക് ഗുണമാകുമെന്ന് വിലയിരുത്തൽ. ചൈനയിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് വില ഉയരുന്നതോടെ അമേരിക്കൻ ഇറക്കുമതിക്കാർ ഇന്ത്യയിലേക്ക് തിരിയുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ വർഷം എട്ട് ലക്ഷം കോടി രൂപയുടെ ഉൽപന്നങ്ങളാണ് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റിയയച്ചത്. എന്നാൽ, 50 ശതമാനം തീരുവ ചുമത്തിയതോടെ ഇതിൽ പകുതിയിലധികം ഉൽപന്നങ്ങൾക്ക് തിരിച്ചടി നേരിട്ടു. അതേസമയം, പുതുതായി ഏർപ്പെടുത്തിയ 100 ശതമാനം ഉൾപ്പെടെ ചൈനീസ് ഉൽപന്നങ്ങൾക്കുള്ള തീരുവ 130 ശതമാനമായി ഉയർന്നു. ഇത് ഇന്ത്യൻ കയറ്റുമതി മേഖലക്ക് പ്രയോജനം ചെയ്യും. ചൈനീസ് ഉൽപന്നങ്ങളുടെ ഉയർന്ന തീരുവ ഇറക്കുമതിക്കാരെ ഇന്ത്യയിലേക്ക് ആകർഷിക്കുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്​പോർട്ട് ഓർഗനൈസേഷൻസ് പ്രസിഡന്റ് എസ്.സി. രൽഹാൻ പറഞ്ഞു.

ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, പാദരക്ഷകൾ, സൗരോർജ പാനലുകൾ തുടങ്ങിയവക്കായി അമേരിക്ക ചൈനയെ വൻതോതിൽ ആശ്രയിക്കുന്നുണ്ട്. ഈ മേഖലകളിലെ ഇന്ത്യൻ കയറ്റുമതിക്കാർ പുതിയ നീക്കത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:xi jingpingDonald TrumpChinaUSA
News Summary - China seizes rare earth minerals; Trump retaliates
Next Story