തയ്‌വാൻ കടലിൽ യു.എസ് യുദ്ധക്കപ്പൽ; പ്രകോപനപരമെന്ന് ചൈന
text_fieldsബെയ്ജിങ്: തയ്‍വാൻ കടലിടുക്കിലെ യു.എസ് യുദ്ധക്കപ്പലിന്‍റെ സാന്നിധ്യം പ്രകോപനപരമാണെന്ന് ചൈന. യു.എസ്.എസ് റാൾഫ് ജോൺസൺ എന്ന യുദ്ധക്കപ്പലാണ് തയ്‍വാൻ കടലിടുക്കിലൂടെ കടന്നുപോയത്. എന്നാൽ, പതിവ് സൈനിക പരിശോധനകളുടെ ഭാഗമായാണ് കപ്പൽ തയ്‍വാൻ കടലിടുക്കിലെത്തിയതെന്ന് യു.എസ് പ്രതിരോധവകുപ്പ് പ്രതികരിച്ചു.
സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖലക്ക് വേണ്ടിയുള്ള അമേരിക്കയുടെ പ്രതിബദ്ധതയാണ് തയ്‍വാൻ കടലിടുക്കിലൂടെയുള്ള യാത്ര. അന്താരാഷ്ട്ര നിയമങ്ങൾ അനുവാദം നൽകുന്ന ഏത് പാതയിലൂടെയും യു.എസ് സൈന്യം യാത്രചെയ്യുമെന്നും യു.എസ് പ്രതിരോധ വക്താവ് വ്യക്തമാക്കി.
യുദ്ധക്കപ്പലിന്‍റെ യാത്രയിൽ അസാധാരണമായി ഒന്നും ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് തയ്‍വാൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
യുക്രെയ്നിൽ റഷ്യ അധിനിവേശം തുടരുന്ന സാഹചര്യത്തിൽ തയ്‍വാനിലേക്കും ചൈനയിലേക്കും രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നുണ്ട്. തയ്‍വാൻ തങ്ങളുടേതാണെന്നാണ് ചൈനീസ് നിലപാട്. ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും സ്വതന്ത്രരാജ്യമാണ് തങ്ങളെന്ന് തയ്‍വാനിലെ ഭരണകൂടവും വ്യക്തമാക്കിയിട്ടുണ്ട്.
റഷ്യ യുക്രെയ്നിൽ അധിനിവേശം നടത്തുന്നത് തക്കസമയമായിക്കണ്ട് ചൈന തയ്‍വാനിൽ അധിനിവേശത്തിനൊരുങ്ങുമോയെന്നതാണ് നിലനിൽക്കുന്ന ആശങ്ക.