ആറ് വർഷത്തിന് ശേഷം ചൈന-ഉത്തരകൊറിയ വിമാന സർവീസുകൾ പുനരാരംഭിച്ചു
text_fieldsഎയർ ചൈന
ബീജിങ്: കോവിഡ് മഹാമാരിയെത്തുടർന്ന് നിർത്തിവെച്ചിരുന്ന ചൈന - ഉത്തരകൊറിയ വിമാന സർവീസുകൾ ഔദ്യോഗികമായി പുനരാരംഭിച്ചു. ചൈനയുടെ പതാകവാഹക വിമാനക്കമ്പനിയായ എയർ ചൈന തിങ്കളാഴ്ചയാണ് ബീജിങ്ങിൽ നിന്ന് പ്യോങ്യാങ്ങിലേക്ക് നേരിട്ടുള്ള സർവീസ് നടത്തിയത്. 2020ൽ കോവിഡ് വ്യാപനത്തെത്തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ശേഷം ആദ്യമായാണ് ചൈനീസ് വിമാനം ഉത്തരകൊറിയയിൽ എത്തുന്നത്.
പ്യോങ്യാങ് വിമാനത്താവളത്തിലെത്തിയ വിമാനത്തെയും യാത്രക്കാരെയും ഉത്തരകൊറിയയിലെ ചൈനീസ് അംബാസഡർ വാങ് യാജുൻ ഉൾപ്പെടെയുള്ള നയതന്ത്ര ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു. ഈ മാസം 12ന് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള പാസഞ്ചർ ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചതിന് പിന്നാലെയാണ് വിമാന സർവീസുകളും സജീവമായത്.
കോവിഡിന് മുമ്പ് ഉത്തരകൊറിയ സന്ദർശിച്ചിരുന്ന വിദേശ വിനോദസഞ്ചാരികളിൽ 90 ശതമാനവും ചൈനക്കാരായിരുന്നു. വിനോദസഞ്ചാരത്തിന് ഏർപ്പെടുത്തിയ നിരോധനം നീക്കാൻ ഉത്തരകൊറിയ കാലതാമസം വരുത്തിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാൽ 2024ൽ റഷ്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് പ്രവേശനം നൽകിക്കൊണ്ട് രാജ്യം നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ തുടങ്ങിയിരുന്നു. ഇപ്പോൾ വിമാന സർവീസുകൾ കൂടി ആരംഭിച്ചതോടെ ചൈനീസ് ടൂറിസ്റ്റ് ഗ്രൂപ്പുകളുടെ വരവ് വർധിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഉത്തരകൊറിയയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും പ്രധാന സഖ്യകക്ഷിയുമാണ് ചൈന. സെപ്റ്റംബറിൽ ബീജിങ്ങിൽ നടന്ന വമ്പൻ സൈനിക പരേഡിൽ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പങ്കെടുത്തത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുന്നതിന്റെ സൂചനയായിരുന്നു. ദശകങ്ങൾക്ക് ശേഷമാണ് ഒരു ഉത്തരകൊറിയൻ ഭരണാധികാരി ചൈനീസ് സൈനിക പരേഡിൽ സംബന്ധിക്കുന്നത്.
ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണങ്ങളിൽ ചൈന പലപ്പോഴും അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, മേഖലയിലെ അമേരിക്കൻ സ്വാധീനത്തെ ചെറുക്കാൻ പ്യോങ്യാങ്ങുമായി അടുത്ത ബന്ധം നിലനിർത്താനാണ് ബീജിങ് താൽപ്പര്യപ്പെടുന്നത്. 2023ൽ തന്നെ ഉത്തരകൊറിയൻ വിമാനക്കമ്പനിയായ എയർ കൊറിയോ സർവീസുകൾ തുടങ്ങിയിരുന്നുവെങ്കിലും, എയർ ചൈനയുടെ വരവ് മേഖലയിലെ സാമ്പത്തിക-നയതന്ത്ര നീക്കങ്ങളിൽ വലിയ മാറ്റമുണ്ടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

