മ്യാന്മറിലെ ഓൺലൈൻ ചൂതാട്ട കേന്ദ്രങ്ങളിൽ തടവിലാക്കിയ പൗരന്മാരെ നാട്ടിലെത്തിച്ച് ചൈന
text_fieldsബീജിങ്: മ്യാന്മറിലെ ഓൺലൈൻ തട്ടിപ്പ് കേന്ദ്രത്തിൽനിന്ന് രക്ഷപ്പെടുത്തിയ തങ്ങളുടെ പൗരൻമാരെ ചൈന നാട്ടിലെത്തിച്ചു. നൂറുകണക്കിന് ചൈനീസ് തൊഴിലാളികളാണ് വ്യാഴാഴ്ച നാട്ടിലേക്ക് മടങ്ങിയത്. രാജ്യത്തെ നിയമ വിരുദ്ധ ചൂതാട്ട കേന്ദ്രങ്ങൾക്കെതിരെ മ്യാന്മർ സർക്കാർ നടപടികൾ ശക്തമാക്കിയിരുന്നു. വരും ദിവസങ്ങളിലും നൂറുകണക്കിന് പൗരന്മാരെ നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ ചൈനീസ് സർക്കാർ സ്വീകരിക്കുന്നുണ്ട്. ക്രിമിനൽ, ഗുണ്ടാ സംഘങ്ങൾ നടത്തുന്ന ഓൺലൈൻ തട്ടിപ്പ് കേന്ദ്രങ്ങളിൽ മനുഷ്യക്കടത്ത് വഴി എത്തിയ നിരവധി വിദേശികൾ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്. സംഘത്തിന്‍റെ നിർബന്ധത്തിന് വഴങ്ങി ഓൺലൈൻ വഴിയാണ് ഇവർ ആളുകളെ തട്ടിപ്പിന് ഇരകളാക്കുന്നത്. ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങളിലുള്ളവരിലധികവും ചൈനീസ് പൗരന്മാരാണ്.
ഇത്തരം കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ തായ്‍ലൻഡ്, മ്യാന്മർ സർക്കാറുകളോട് ചൈന സമ്മർദം ചെലുത്തുന്നുണ്ട്. വരും ദിവസങ്ങളിൽ ഓൺലൈൻ തട്ടിപ്പ് കേന്ദ്രങ്ങളിൽ കുടുങ്ങി കിടക്കുന്ന 800ലധികം ചൈനീസ് പൗരന്മാരെക്കൂടി തിരികെ കൊണ്ട് വരുമെന്ന് വാർത്താ ചാനലായ സി.സി.ടി.വി റിപ്പോർട്ട് ചെയ്തു. 16 വിമാനങ്ങളാണ് തങ്ങളുടെ പൗരൻമാരെ തിരികെ കൊണ്ടു വരുന്നതിനായി ചൈന തയാറാക്കി നിർത്തിയിരിക്കുന്നത്. തിരികെ മടങ്ങിയെത്തുന്നവരെ ചൈനീസ് ഉദ്യോഗസ്ഥർ അനുഗമിക്കും.
മ്യാൻമറിന്റെ ജുന്ദ ആർമിയുമായി ബന്ധപ്പെട്ട കാരൻ ബോർഡ് ഫോഴ്സ് തട്ടിപ്പ് കേന്ദ്രങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന പതിനായിരം പേരെ നാടു കടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. രാജ്യത്ത് നിയമ വിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന ഇരുനൂറോളം ചൈനീസ് പൗരൻമാരെ നിയമപരമായ നടപടികൾ പൂർത്തിയാക്കി തായ് ലൻഡ് അതിർത്തി വഴി ചൈനയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് ജുന്ദ പറഞ്ഞു. ചൈനയുടെ പൊതു സുരക്ഷാ ഉപമന്ത്രി ലിയു സോങ്‌യി കഴിഞ്ഞ ആഴ്ചകളിൽ ബാങ്കോക്കിലും അതിർത്തിയിലും നടത്തിയ സന്ദർശനങ്ങളുടെ ഫലമായാണ് ചൈനീസ് പൗരൻമാരുടെ മോചനം സാധ്യമായത്.
കംബോഡിയയിലും ഫിലിപ്പീൻസിലും ഉൾപ്പെടെ തെക്കുകിഴക്കൻ ഏഷ്യയിൽ അടുത്തിടെ വർധിച്ചു വരുന്ന ഓൺലൈൻ തട്ടിപ്പ് കേന്ദ്രങ്ങൾ പ്രതി വർഷം കോടികണക്കിന് ഡോളറാണ് വരുമാനം നേടുന്നത്. ഇവിടെ ജോലി ചെയ്യുന്നവരിലധികവും ഉയർന്ന ശമ്പളവും മറ്റ് തൊഴിലും വാഗ്ദാനം ചെയ്ത് കബളിക്കപ്പെട്ട് ഇവിടെ വന്ന് പെട്ടുപോയവരാണ്. കടുത്ത മർദനമാണ് തങ്ങൾക്ക് ഇവിടെ നേരിടേണ്ടി വരുന്നതെന്ന് തൊഴിലാളികൾ വെളിപ്പെടുത്തുന്നു. തട്ടിപ്പ് കേന്ദ്രങ്ങളിൽ ജോലി ചെയ്തിരുന്ന ഫിലിപ്പീൻസ്, എത്യോപ്യ, ബ്രസീൽ, നേപ്പാൾ തുടങ്ങിയ നിരവധി രാജ്യങ്ങളിൽ നിന്നുള്ള 260 പേരെ മ്യാൻമാർ അധികാരികൾ കഴിഞ്ഞ ആഴ്ച തായ് ലൻഡിന് കൈമാറിയുരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

