ചൈനയിലേക്ക് വരുന്നവർക്ക് ക്വാറൈന്റൻ വേണ്ട; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് മതിയാകും
text_fieldsബെയ്ജിങ്: കോവിഡ് കുത്തനെ ഉയരുന്നുവെന്ന വാർത്തകൾക്കിടയിലും വിദേശികളെ രാജ്യത്തേക്ക് ആകർഷിക്കാൻ പുതിയ നീക്കവുമായി ചൈന രംഗത്ത്. ചൈനയിലേക്ക് വരുന്ന യാത്രികർക്ക് ക്വാറൈന്റൻ ഒഴിവാക്കിക്കൊണ്ടാണ് സീറോ കോവിഡ് നയത്തിൽ പ്രധാന ഇളവ് നൽകുന്നത്. മൂന്നു വർഷമായി തുടരുന്ന സീറോ കോവിഡ് നയത്തിൽ ഇളവുവരുത്തിയതിനു പിന്നാലെയാണ് പുതിയ നടപടി. ജനുവരി എട്ടുമുതൽ രാജ്യത്തേക്ക് വരുന്നവർക്ക് ക്വാറൈന്റൻ ആവശ്യമില്ല. നേരത്തെ എട്ടു ദിവസത്തെ ക്വാറൈന്റൻ നിർബന്ധമായിരുന്നു. ആദ്യ അഞ്ചുദിവസം ക്വാറൈന്റനായി നീക്കിവെച്ച ഹോട്ടലുകളിലും അവസാന മൂന്ന് ദിവസം താമസ സ്ഥലത്തും കഴിയണമെന്നായിരുന്നു നിബന്ധന. ഈ നിബന്ധന ഒഴിവാക്കിയ ചൈന, യാത്ര തുടങ്ങുന്നതിന് 48 മണിക്കൂർ മുമ്പുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ രാജ്യത്തേക്ക് വരാമെന്ന് അറിയിച്ചിരിക്കുകയാണ്.
ഇത്രയും കാലം ചൈന മറ്റ് രാജ്യങ്ങളിൽ നിന്ന് സ്വയം ഐസോലേറ്റ് ചെയ്ത് കഴിയുകയായിരുന്നു. ഇത് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ തകർച്ചക്കിടയാക്കിയിരുന്നു. ഇതാണ് നയ വ്യതിയാനങ്ങൾക്ക് വഴിവെച്ചത്. ദേശീയ ആരോഗ്യ കമീഷനാണ് പുതിയ ഇളവ് പ്രഖ്യാപിച്ചത്.
ബിസിനസിനും പഠനത്തിനും കുടുംബാംഗങ്ങളെ കാണുന്നതിനുമുൾപ്പെടെ ഏത് കാര്യങ്ങൾക്കും ചൈനയിലേക്ക് വരാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കി നൽകുമെന്ന് രാജ്യം വ്യക്തമാക്കി. മഹാമാരിക്കാലത്ത് നിലച്ചുപോയ ടൂറിസം സാധ്യതകൾ വീണ്ടും ഒരുക്കുന്നതിനുള്ള തയാറെടുപ്പിലാണ് രാജ്യം. അതിന്റെ ഭാഗമായി ചൈനയിലേക്കും പുറത്തേക്കുമുള്ള വിമാനങ്ങളിൽ കോവിഡുമായതി ബന്ധപ്പെട്ട് യാത്രക്കാരുടെ എണ്ണത്തിലുണ്ടായ നിയന്ത്രണവും എടുത്തുമാറ്റും.
അതേസമയം, കോവിഡ് നിരീക്ഷണം തുടരുമെന്നും അതിഗുരുതരമായി രോഗം വ്യാപിക്കുന്നത് തടയാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ദേശീയ ആരോഗ്യ കമീഷൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

