റഷ്യൻ എണ്ണയിറക്കുമതി; യു.എസ് ഉപരോധ ഭീഷണി തള്ളി ചൈന
text_fieldsബെയ്ജിങ്: റഷ്യയിൽനിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് ഉപരോധമേർപ്പെടുത്താനുള്ള അമേരിക്കയുടെ നീക്കത്തെ ശക്തമായി എതിർത്ത് ചൈന. മറ്റു രാജ്യങ്ങളുമായി ചൈന പുലർത്തുന്ന സ്വാഭാവികമായ വ്യാപാര-സാമ്പത്തിക ബന്ധങ്ങളിൽ ഇടപെടാനോ ഭീഷണിപ്പെടുത്താനോ മൂന്നാം കക്ഷികൾക്ക് അവകാശമില്ലെന്ന് ചൈന വ്യക്തമാക്കി. വ്യാഴാഴ്ച ബെയ്ജിങ്ങിൽ നടന്ന വാർത്തസമ്മേളനത്തിൽ സംസാരിക്കവെ ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. അന്താരാഷ്ട്ര നിയമങ്ങളുടെയോ ഐക്യരാഷ്ട്രസഭയുടെയോ അംഗീകാരമില്ലാതെ ഏകപക്ഷീയമായി നടപ്പാക്കുന്ന അമേരിക്കൻ നടപടികളെ ‘അധികാരപരിധിക്ക് പുറത്തുള്ള ഇടപെടൽ’ എന്ന് വിശേഷിപ്പിച്ച ചൈന, ഇതിനെ അംഗീകരിക്കില്ലെന്നും കൂട്ടിച്ചേർത്തു.
റഷ്യൻ ഊർജ ഉൽപന്നങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ ഉപരോധ നികുതി ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമനിർമാണത്തിന് അമേരിക്ക തുടക്കമിട്ടിരുന്നു. റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങുന്ന ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ഈ നീക്കം. എന്നാൽ, പരസ്പര നേട്ടത്തിൽ അധിഷ്ഠിതമായ വ്യാപാര ബന്ധങ്ങളെ തടസ്സപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും, റഷ്യയുമായുള്ള ഊർജ സഹകരണം തുടർന്നും മുന്നോട്ട് കൊണ്ടുപോകുമെന്നും ബെയ്ജിങ് വ്യക്തമാക്കി. നടപ്പു വർഷത്തിൽ മാത്രം കോടിക്കണക്കിന് ഡോളറിന്റെ റഷ്യൻ എണ്ണയും വാതകവുമാണ് ചൈന ഇറക്കുമതി ചെയ്തിട്ടുള്ളത്. പൈപ്പ്ലൈനുകൾ വഴിയുള്ള നേരിട്ടുള്ള വിതരണം ചൈനയുടെ ഊർജ സുരക്ഷയിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

