യു.എസ്-ഇറാൻ യുദ്ധം: ഇരുവിഭാഗവും സംയമനം പാലിക്കണമെന്ന് ചൈന
text_fieldsബീജിങ്: യു.എസും ഇറാനും തമ്മിൽ വീണ്ടും ശക്തമായ വ്യോമാക്രമണങ്ങൾ തുടങ്ങിയ പശ്ചാത്തലത്തിൽ കൂടുതൽ സംഘർഷങ്ങളിലേക്ക് പോകാതെ ഇരുവിഭാഗവും പിൻവാങ്ങണമെന്ന് ചൈന. യു.എസിനോടും ഇറാനോടും ആക്രമണം നിർത്തി അടിയന്തരമായി സമാധാനം പുനസ്ഥാപിക്കാൻ ചൈന ആവശ്യപ്പെട്ടു.
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളിൽ ചൈന അതീവ ആശങ്കാകുലരാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ ബീജിങ്ങിൽ വെച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു. "ഇരുവിഭാഗവും ശാന്തത പാലിക്കണം. കൂടുതൽ പ്രകോപനങ്ങളിലേക്ക് കടക്കാതെ സംയമനം പാലിക്കുകയും, മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ പ്രായോഗിക നടപടികൾ സ്വീകരിക്കുകയും വേണം." ലിൻ ജിയാൻ പറഞ്ഞു. കൂടാതെ, രാഷ്ട്രീയവും നയതന്ത്രപരവുമായ ചർച്ചകളിലൂടെ എത്രയും വേഗം സമഗ്രവും ശാശ്വതവുമായ വെടിനിർത്തലിലേക്ക് ഇരുരാജ്യങ്ങളും നീങ്ങണമെന്നും ചൈന ആവശ്യപ്പെട്ടു.
യു.എസ് സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ വെടിവെച്ചിട്ടതിന് മറുപടിയായി ഇറാൻ സൈനിക താവളങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തിയതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കരാറിനായി ശ്രമിക്കുന്നതിനിടെയാണ് പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് സൈനിക നീക്കമുണ്ടായിരിക്കുന്നത്.
ഹുർമുസ് കടലിടുക്കിന് ചുറ്റുമുള്ള ഇറാന്റെ നിരവധി വ്യോമ പ്രതിരോധ, റഡാർ സംവിധാനങ്ങളെ ലക്ഷ്യമിട്ടായിരുന്നു യു.എസ് ആക്രമണം. എന്നാൽ ഒരു ആക്രമണവും ഭീഷണിയും മറുപടിയില്ലാതെ വിടില്ലെന്ന് വ്യക്തമാക്കിയ തെഹ്റാൻ യു.എസ് താവളങ്ങൾക്ക് നേരെ തിരിച്ചടി നൽകി. കുവൈത്ത്, ബഹ്റൈൻ, ജോർഡൻ എന്നീ രാഷ്ട്രങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ ആയിരുന്നു കുവൈത്തിനുനേരെയുള്ള ആക്രമണം.
പുതിയ ആക്രമണ പരമ്പരക്ക് പിന്നാലെ അമേരിക്കക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി രംഗത്തെത്തി. അമേരിക്ക തെഹ്റാന്റെ ‘ദൃഢനിശ്ചയത്തെ’ പരീക്ഷിക്കാനാണ് മുതിരുന്നതെന്നും ഇറാന്റെ സായുധ സേന ഒരു ആക്രമണവും മറുപടിയില്ലാതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

