ഹൂതികളുടെ കുതിപ്പ് തടയാൻ ഇറാന്റെ സഹായം തേടി ചൈന; നീക്കം സൗദിയുടെ അഭ്യർഥനക്ക് പിന്നാലെയെന്ന്
text_fieldsതെഹ്റാൻ: ആഗോള ഊർജ്ജ വിപണിയുടെ പ്രധാനപ്പെട്ട കേന്ദ്രമായ ബാബ് എൽ-മന്ദബിൽ ഹൂതികളുടെ ആധിപത്യം തടയാൻ ചൈന രഹസ്യമായി ഇറാന്റെ സഹായം ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ചെങ്കടൽ തീരത്ത് കഴിഞ്ഞ ആഴ്‌ച ഹൂതികൾ മിന്നലാക്രമണം നടത്തിയതിനു പിന്നാലെ ചൈനയോട് സൗദി അറേബ്യ സഹായം അഭ്യർത്ഥിച്ചതിനെത്തുടർന്നാണിതെന്നും ഇറാൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ചെങ്കടൽ തീരത്തും ബാബ് എൽ-മന്ദെബ് കടലിടുക്കിന് ചുറ്റും ഹൂതികൾ അതിവേഗ മുന്നേറ്റം നടത്തിയതിനെ തുടർന്നാണ് റിയാദ് സഹായത്തിനായി ചൈനയെ സമീപിച്ചതെന്നും, ഈ നീക്കങ്ങൾ സൗദിയുടെ എണ്ണ കയറ്റുമതിക്കും ഷിപ്പിംഗിനും കൂടുതൽ ഭീഷണിയാണെന്നും ഇറാൻ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. മേഖലയിൽ സംയമനം പാലിക്കാനും സമാധാന ചർച്ചകൾ പുനരാരംഭിക്കാനും സുരക്ഷിതമായ നാവിഗേഷൻ പുനഃസ്ഥാപിക്കാനും ചൈന നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഇതുകൂടാതെയാണ് ഇറാനുമായി രഹസ്യ സംഭാഷണം നടത്തിയത്.
തങ്ങൾ ആശ്രയിക്കുന്ന ഊർജ്ജ പാതകളിലുടനീളം സംഘർഷം പടരുന്നത് തടയുക എന്നത് ചൈനയുടെയും ആവശ്യമാണ്.ബുധനാഴ്ച ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി ചൈന സന്ദർശിച്ചിരുന്നു. ഈ സന്ദർശനത്തിനിടെയാണോ ചൈന ഈ ആവശ്യം മുന്നോട്ട് വെച്ചതെന്ന് വ്യക്തമല്ല. ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കുന്നതിനെ ആശ്രയിച്ചായിരിക്കും മേഖലയിലെ സുസ്ഥിരതയും സമാധാനവും എന്ന് ഇറാൻ അധികൃതർ ഇതിന് മറുപടി നൽകിയെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.ഹൂതികളെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടാൽ ഇറാനുമേൽ സാമ്പത്തിക സമ്മർദ്ദം ചെലുത്തുമെന്ന് ചൈന ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും മൂന്ന് ഇറാനിയൻ വൃത്തങ്ങൾ പറഞ്ഞു.
റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്ന തരത്തിലായിരുന്നു ചൈനീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം. മേഖലയിലെ സംഘർഷങ്ങൾ യെമനിലേക്കും ചെങ്കടലിലേക്കും കൂടുതൽ വ്യാപിക്കുന്നത് കാണാൻ ചൈന ആഗ്രഹിക്കുന്നില്ലെന്നും വർധിച്ചുവരുന്ന സംഘർഷങ്ങൾ ഒരു കക്ഷിയുടെയും താൽപ്പര്യങ്ങൾക്ക് ഗുണകരമല്ലെന്നും ചൈനീസ് അധികൃതർ റോയിട്ടേഴ്സിനോട് പറഞ്ഞു.എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും സുരക്ഷയും മാനിക്കപ്പെടണം. ജനങ്ങളുടെ ഉപജീവന സൗകര്യങ്ങൾ ലക്ഷ്യം വയ്ക്കരുത്. സാഹചര്യത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നാണ് ചൈന അഭ്യർത്ഥിക്കുന്നതെന്നും അതിൽ പറഞ്ഞു.ഒരു പതിറ്റാണ്ടിലേറെയായി ഇറാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

