ഗസ്സ: അറബ് ലീഗ് അംഗങ്ങളുമായി ചൈന കൂടിക്കാഴ്ച നടത്തി; ‘ഫലസ്തീൻ ജനതക്ക് മാനുഷിക സഹായം നൽകുന്നത് തുടരും’
text_fieldsബീജിങ്: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന യുദ്ധക്കുറ്റങ്ങൾക്കിടെ, വിഷയം ചർച്ച ചെയ്യാൻ ചൈനയുടെ പശ്ചിമേഷ്യൻ പ്രതിനിധി ഷായ് ജുൻ അറബ് ലീഗിലെ മുതിർന്ന അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഫലസ്തീൻ വിഷയത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന അറബ് ലീഗിനെ ചൈന ശക്തമായി പിന്തുണക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഫലസ്തീൻ ജനതക്ക് മാനുഷിക സഹായം നൽകുന്നത് തുടരുമെന്നും ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ മന്ത്രാലയം ഉറപ്പ് നൽകി. ഫലസ്തീൻ, ഇസ്രായേൽ എന്നീ രണ്ട് രാജ്യങ്ങളുടെ സമാധാനപരമായ സഹവർത്തിത്വം സാക്ഷാത്കരിക്കുന്നതിന് ദ്വിരാഷ്ട്രമാണ് പരിഹാരം. ഇതിനുള്ള നടപടി സ്വീകരിക്കാൻ അന്താരാഷ്ട്ര സമൂഹം ആത്മാർത്ഥമായി ശ്രമിക്കണമെന്നും ഷായ് ജുൻ പറഞ്ഞു.
പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഈജിപ്ത്, ഫലസ്തീൻ അതോറിറ്റി, ഇസ്രായേൽ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരുമായി ഷായ് സംസാരിച്ചതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

