Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅടുത്ത അഞ്ച്...

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ചൈന തായ്‌വാനെ ലക്ഷ്യമിട്ടേക്കുമെന്ന് ട്രംപിന്റെ ഉപദേശകർ

text_fields
bookmark_border
china
cancel

വാഷിങ്ടൺ: ചൈനീസ് സന്ദർശനം പൂർത്തിയാക്കി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാഷിങ്ടണിൽ തിരിച്ചെത്തിയതിന് പിന്നാലെ തായ്‌വാന് മേലുള്ള ചൈനീസ് അധിനിവേശ സാധ്യതയെക്കുറിച്ച് ട്രംപിന്റെ അടുത്ത ഉപദേശകർക്കിടയിൽ ആശങ്ക ശക്തമാകുന്നതായി റിപ്പോർട്ട്. ബീജിങ്ങിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി ട്രംപ് നടത്തിയ ഉച്ചകോടിക്ക് ശേഷമാണ് ഈ ആശങ്കകൾ ഉയർന്നതെന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'ആക്സിയോസ്' റിപ്പോർട്ട് ചെയ്യുന്നു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ചൈന തായ്‌വാനെ ലക്ഷ്യമിട്ടേക്കുമെന്നാണ് ട്രംപിന്റെ പല ഉപദേശകരും ഭയപ്പെടുന്നത്. ഇത് ആഗോള ചിപ്പ് വിതരണത്തെയും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെയും കടുത്ത പ്രതിസന്ധിയിലാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. ട്രംപിന്റെ ചൈനീസ് സന്ദർശനം തികച്ചും സൗഹൃദപരമായ അന്തരീക്ഷത്തിലാണ് നടന്നതെങ്കിലും ചർച്ചകളിൽ ഷീ ജിൻപിങ്ങ് നൽകിയ രാഷ്ട്രീയ സന്ദേശം വളരെ ശക്തമായിരുന്നുവെന്ന് യു.എസ് ഉപദേശകർ വിലയിരുത്തുന്നു.

ചൈനയെ ഒരു വളർന്നുവരുന്ന ശക്തിയായി കാണേണ്ടതില്ലെന്നും, മറിച്ച് അമേരിക്കക്ക് ഒപ്പമുള്ള തുല്യശക്തിയായി കാണണമെന്നുമാണ് ഷീ ജിൻപിങ്ങ് ഉച്ചകോടിയിലൂടെ വ്യക്തമാക്കിയത്. കൂടാതെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആഗോളതലത്തിൽ ഏറ്റവും വലിയ സംഘർഷ മേഖലയായി തായ്‌വാൻ മാറിയേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്മാർട്ട്‌ഫോണുകൾ, വാഹനങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന അത്യാധുനിക സെമികണ്ടക്ടർ ചിപ്പുകളുടെ ലോകത്തിലെ ഏറ്റവും വലിയ ഉത്പാദകരാണ് തായ്‌വാൻ. തായ്‌വാനിൽ ഒരു സംഘർഷമുണ്ടായാൽ അത് ആഗോള ചിപ്പ് വിപണിയെ പൂർണ്ണമായി ബാധിക്കും. ചിപ്പ് നിർമാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ അമേരിക്കക്ക് ഇനിയും ഏറെ സമയമെടുക്കുമെന്നും സാമ്പത്തികമായി ഇത്തരം ഒരു പ്രതിസന്ധി നേരിടാൻ രാജ്യം സജ്ജമല്ലെന്നും യു.എസ് ഉപദേശകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അതേസമയം തായ്‌വാന് 14 ബില്യൺ ഡോളറിന്റെ ആയുധങ്ങൾ വിൽക്കാനുള്ള നിർദേശത്തിൽ ട്രംപ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. മിസൈലുകളും വ്യോമപ്രതിരോധ സംവിധാനങ്ങളും ഉൾപ്പെടുന്ന ഈ പാക്കേജ് മാസങ്ങളായി അനുമതി കാത്തുകിടക്കുകയാണ്. തായ്‌വാൻ വിഷയത്തിൽ ചൈനയുമായുള്ള ബന്ധം വഷളാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് എയർഫോഴ്സ് വൺ വിമാനത്തിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കിയത്.

തായ്‌വാൻ വിഷയത്തിൽ തെറ്റായ നീക്കങ്ങൾ നടത്തിയാൽ അത് ഇരുരാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള യുദ്ധത്തിലേക്ക് നയിക്കുമെന്ന് ബീജിങ് ചർച്ചകൾക്കിടയിൽ ഷി ജിൻപിങ്ങ് ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നു. തായ്‌വാന് ആയുധം നൽകുന്നത് സംബന്ധിച്ച അമേരിക്കയുടെ 1982ലെ നയം നിലവിലെ സാഹചര്യത്തിൽ പൂർണ്ണമായി ബാധകമല്ലെന്ന സൂചനയും ട്രംപ് നൽകി.

എന്നാൽ യു.എസ് പ്രസിഡന്റിന്റെ പ്രസ്താവനകൾക്ക് പിന്നാലെ തങ്ങൾ പരമാധികാരമുള്ള ഒരു സ്വതന്ത്ര രാജ്യമാണെന്ന് തായ്‌വാൻ ആവർത്തിച്ചു. തായ്‌വാൻ ഒരിക്കലും ചൈനീസ് പീപ്പിൾസ് റിപ്പബ്ലിക്കിന്റെ ഭാഗമല്ലെന്ന് തായ്‌വാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UStaiwanXi JinpingDonald TrumpChina
News Summary - China May Attack Taiwan Soon, Trump Advisers Warn Days After Meeting With Xi In Beijing
Next Story