ചൈനയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയം
text_fieldsബെയ്ജിങ്: പസഫിക് സമുദ്രത്തിൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ചൈന. ഏഷ്യ-പസഫിക് മേഖലയിൽ ആയുധശേഷി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണം. ഇത് ഒരു രാജ്യത്തിനും എതിരല്ലെന്നും അന്താരാഷ്ട്ര നിയമത്തിനും കീഴ്വഴക്കത്തിനും അനുസൃതമായി ബന്ധപ്പെട്ട രാജ്യങ്ങളെ മുൻകൂട്ടി അറിയിച്ചശേഷമായിരുന്നു പരീക്ഷണമെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയം പറഞ്ഞു.
44 വർഷത്തിനിടെ, ആദ്യമായാണ് ചൈന പുറംകടലിൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിജയകരമായി വിക്ഷേപിക്കുന്നത്. 1980 മേയിൽ ആയിരുന്നു ഇതിനുമുമ്പത്തെ വിജയകരമായ പരീക്ഷണമെന്ന് ഹോങ്കോങ് ആസ്ഥാനമായ സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അന്ന് 9000 കിലോമീറ്ററിന് അപ്പുറത്തെ ലക്ഷ്യത്തിലേക്കാണ് മിസൈൽ കുതിച്ചത്. പുതിയ മിസൈലിന് യു.എസിലേക്ക് വരെ എത്താൻ കഴിയുമെന്നും റിപ്പോർട്ടിലുണ്ട്.

