യു.എസ് എണ്ണക്കും കൽക്കരിക്കും തീരുവ, ഗൂഗ്ളിനെതിരെ അന്വേഷണം; ട്രംപിന് ചൈനയുടെ തിരിച്ചടി
text_fieldsബെയ്ജിങ്: ഇറക്കുമതി തീരുവ കൂട്ടി വ്യാപാര യുദ്ധം പ്രഖ്യാപിച്ച ട്രംപ് ഭരണകൂടത്തിന് അതേ നാണയത്തിൽ തിരിച്ചടിയുമായി ചൈന രംഗത്ത്. യു.എസിൽനിന്നുള്ള കൽക്കരിക്കും പ്രകൃതിവാതകത്തിനും 15 ശതമാനവും ക്രൂഡ് ഓയിലിന് പത്ത് ശതമാനവും ഇറക്കുമതി തീരുവയാണ് ചൈന ഏർപ്പെടുത്തിയത്. കാർഷികോപകരണങ്ങൾക്കും കാറുകൾക്കും പത്ത് ശതമാനം അധിക താരിഫ് ഏർപ്പെടുത്തിയിട്ടുണ്ട്. സാധനങ്ങൾക്ക് താരിഫ് ഏർപ്പെടുത്തിയതിന് പുറമെ, യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് ഭീമൻ ഗൂഗ്ളിനെതിരെ ചൈന വിശ്വാസ വഞ്ചനക്ക് അന്വേഷണവും ആരംഭിച്ചു.
“യു.എസ് ഏകപക്ഷീയമായി തീരുവ വർധിപ്പിച്ചത് ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങളുടെ ഗുരുതര ലംഘനമാണ്. ഇതിലൂടെ സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കാനാകില്ലെന്ന് മാത്രമല്ല, യു.എസും ചൈനയും തമ്മിലുള്ള സാമ്പത്തിക -വ്യാപാര സഹകരണത്തെ മോശമാക്കുകയും ചെയ്യും” -ചൈനയുടെ ഔദ്യോഗിക പ്രതികരണത്തിൽ പറയുന്നു. നേരത്തെ ചൈനീസ് ഉൽപന്നങ്ങൾക്ക് യു.എസ് പത്ത് ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് ചൈനയുടെ നീക്കം.
കമ്പോള നിയന്ത്രണവുമായി ബന്ധപ്പെട്ട ചട്ടലംഘനത്തിനാണ് ഗൂഗ്ളിനെതിരെ അന്വേഷണം നടക്കുന്നത്. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ പുറത്തുവിടാൻ ചൈന തയാറായിട്ടില്ല. ഗൂഗ്ളിന്റെ സെർച്ച് എൻജിൻ ചൈനയിൽ ബ്ലോക്ക് ചെയ്തിരിക്കെയാണ് അന്വേഷണമെന്നത് ശ്രദ്ധേയമാണ്. എന്നാൽ ആഭ്യന്തര വിപണിയിൽ പരസ്യമേഖലയിൽ ഉൾപ്പെടെ ഗൂഗ്ൾ പ്രവർത്തിച്ചുവരുന്നുണ്ട്. ടങ്സ്റ്റൻ അനുബന്ധ സാധനങ്ങളുടെ കയറ്റുമതി നിയന്ത്രിക്കാനും പി.വി.എച്ച് കോർപറേഷൻ, കാൽവിൻ ക്ലെയിൻ, ഇല്ലുമിന കമ്പനി എന്നിവയെ വിശ്വാസയോഗ്യമല്ലാത്തവരുടെ പട്ടികയിൽ പെടുത്താനും ചൈന തീരുമാനിച്ചു.
ലോകത്തെ രണ്ട് പ്രബല രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരയുദ്ധം ആഗോളതലത്തിൽ പ്രത്യാഘാതമുണ്ടാക്കും എന്നാണ് വിലയിരുത്തൽ. മെക്സികോ, കാനഡ എന്നീ രാജ്യങ്ങൾക്കെതിരെ 25 ശതമാനം ഇറക്കുമതിത്തീരുവയും ചൈനയ്‌ക്കെതിരെ 10 ശതമാനം ഇറക്കുമതിത്തീരുവയും ചുമത്തുമെന്നാണു കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചത്. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, മെക്സിക്കോ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോ എന്നിവരുമായുള്ള ചർച്ചകളെ തുടർന്ന് ഈ രാജ്യങ്ങൾക്കെതിരെ തീരുവ ചുമത്തുന്നത് താൽക്കാലത്തേക്കു മരവിപ്പിച്ചു.
ട്രംപ് തുടങ്ങിവച്ച വ്യാപാരയുദ്ധത്തിനു പിന്നാലെ ആഗോളതലത്തിൽ കറൻസി, ഓഹരി വിപണികൾ തകർന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണം പോലും ഒരു ശതമാനത്തോളം വിലയിടിഞ്ഞശേഷമാണു തിരിച്ചുകയറിയത്. യു.എസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ ഉൾപ്പെടെ മിക്ക കറൻസികൾക്കും ഇടിവുണ്ടായി. തിങ്കളാഴ്ച രൂപയുടെ മൂല്യം ഡോളറിന് 87.29 എന്ന നിലയിൽ സർവകാല റെക്കോഡിൽ എത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.