Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യക്ക് ആശങ്കയായി ചൈനയുടെ നീക്കം; ബംഗ്ലാദേശിലെ മോംഗ്ല തുറമുഖത്തിന് 2,800 കോടി വായ്പ

text_fields
bookmark_border
ഇന്ത്യക്ക് ആശങ്കയായി ചൈനയുടെ നീക്കം; ബംഗ്ലാദേശിലെ മോംഗ്ല തുറമുഖത്തിന് 2,800 കോടി വായ്പ
cancel

ധാക്ക: ബംഗ്ലാദേശിലെ മോംഗ്ല തുറമുഖം നവീകരിക്കുന്നതിനായി ചൈനയുടെ എക്‌സ്‌പോർട്ട്-ഇംപോർട്ട് ബാങ്ക് (എക്‌സിം ബാങ്ക്) 335.78 ദശലക്ഷം ഡോളറിന്റെ(ഏകദേശം 2,800 കോടി രൂപ) വായ്പ അനുവദിച്ചു. രണ്ട് ശതമാനം പലിശ നിരക്കിലുള്ള വായ്പാ കരാറിൽ ബംഗ്ലാദേശ് ഒപ്പുവെച്ചു. തന്ത്രപ്രധാനമായ തുറമുഖ വികസന പദ്ധതിയിൽ ചൈനയുടെ സ്വാധീനം വർധിക്കുന്നത് ഇന്ത്യയുടെ ആശങ്കകൾക്ക് ആക്കം കൂട്ടുകയാണ്.

ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ജൂണിൽ ചൈന സന്ദർശിച്ചപ്പോൾ രൂപപ്പെട്ട ധാരണയുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒക്ടോബർ 10ന് ബംഗ്ലാദേശ് സാമ്പത്തിക സഹകരണ വിഭാഗം ജോയിന്റ് സെക്രട്ടറി ആലിയ മെഹറും ചൈനീസ് എക്‌സിം ബാങ്ക് അസി. ജനറൽ മാനേജർ ഫെങ്ജുൻ ടിയാനും കരാറിൽ ഒപ്പുവെച്ചതായി ബംഗ്ലാദേശ് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്തെ ഔദ്യോഗിക വാർത്താ ഏജൻസിയായ ബംഗ്ലാദേശ് സംഗ്ബാദ് സൻസ്ഥയും(ബി.എസ്.എസ്) ഇക്കാര്യം റിപ്പോർട്ട് ചെയ്തു.

തുറമുഖത്തിന്റെ ശേഷി വർധിപ്പിക്കാനും ചരക്കുനീക്കം ആധുനികവൽക്കരിക്കാനുമാണ് വായ്പ ഉപയോഗിക്കുക. ആധുനിക യന്ത്രസാമഗ്രികളോടുകൂടിയ രണ്ട് കണ്ടെയ്‌നർ ടെർമിനലുകൾ, കണ്ടെയ്‌നർ യാർഡ്, കണ്ടെയ്‌നർ ഡെലിവറി യാർഡ്, ചരക്ക് കൈകാര്യം ചെയ്യുന്നതിനുള്ള യാർഡ് എന്നിവ പദ്ധതിയിൽ ഉൾപ്പെടും. തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ ബംഗ്ലാദേശിന്റെ സമുദ്രവ്യാപാരവും പ്രാദേശിക ഗതാഗത ബന്ധങ്ങളും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

മോംഗ്ല തുറമുഖത്തെ ഒരു ടെർമിനൽ പ്രവർത്തിപ്പിക്കാനുള്ള അവകാശം ഇന്ത്യ നേരത്തേ നേടിയിരുന്നു. ഇന്ത്യ പോർട്സ് ഗ്ലോബൽ ലിമിറ്റഡുമായി (ഐ.പി.ജി.എൽ) ഉണ്ടാക്കിയ കരാറിലൂടെ പ്രാദേശിക ഗതാഗതവും സമുദ്രവ്യാപാരവും മെച്ചപ്പെടുത്താനായിരുന്നു നീക്കം.

ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈനയുടെ സ്വാധീനം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ തന്ത്രപരമായ നീക്കമായും ഈ കരാർ വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ താരിഖ് റഹ്മാന്റെ ചൈന സന്ദർശനത്തിനുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ മോംഗ്ല തുറമുഖ വികസനത്തിനും ‘ടീസ്റ്റ’ നദീതട മാസ്റ്റർപ്ലാനിനും ചൈനയുടെ പങ്കാളിത്തത്തിന് പ്രാധാന്യം ലഭിക്കുകയായിരുന്നു. ഇതോടെ ബംഗ്ലാദേശിലെ നിർണായക അടിസ്ഥാന സൗകര്യ പദ്ധതികളിൽ ചൈനയുടെ സാന്നിധ്യം വർധിക്കുകയാണ്.

2024 ആഗസ്റ്റിലെ പ്രതിഷേധങ്ങളെത്തുടർന്ന് ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽനിന്ന് പുറത്തായതിനു ശേഷമാണ് ധാക്കയും ഡൽഹിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ രൂപപ്പെട്ടു. തുടർന്ന് മോംഗ്ല തുറമുഖ വികസനം, ടീസ്റ്റ മാസ്റ്റർപ്ലാൻ തുടങ്ങിയ പ്രധാന പദ്ധതികളിൽ ബംഗ്ലാദേശ് ചൈനയുമായുള്ള സഹകരണം വർധിപ്പിച്ചു. ഇന്ത്യയുടെ സുരക്ഷാ-തന്ത്രപരമായ താൽപര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഈ രണ്ട് പദ്ധതികളും.

മോംഗ്ല തുറമുഖത്തിന്റെ നവീകരണം ബംഗ്ലാദേശിന് വ്യാപാര-ഗതാഗത രംഗത്ത് നേട്ടമാകുമെങ്കിലും, ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ചൈനയുടെ വർധിച്ചുവരുന്ന സാന്നിധ്യം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധത്തിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - China Gives Rs 2,800 Crore Loan For Mongla Port; Concern For India
Next Story