ചൈനീസ് വിദേശകാര്യ മന്ത്രി അഫ്ഗാനിസ്ഥാന്‍ സന്ദർശിച്ചതായി താലിബാന്‍
text_fieldsകാബൂൾ: ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വ്യാഴാഴ്ച അഫ്ഗാനിസ്ഥാനിലെത്തിയതായി താലിബാൻ അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ ഭരണത്തിൽ സഹായിക്കേണ്ടതിനെക്കുറിച്ച് അയൽരാജ്യങ്ങളുമായി ഒരാഴ്ച മുമ്പ് ചൈന കൂടിക്കാഴ്ച നടത്തിയിരുന്നു.
അഫ്ഗാനിസ്ഥാനിലെ ഇസ്‌ലാമിക് എമിറേറ്റ് നേതാക്കളുമായി ചർച്ച നടത്തുന്നതിനാണ് ചൈനീസ് വിദേശകാര്യ മന്ത്രി കാബൂളിലെത്തിയതെന്ന് താലിബാൻ സർക്കാർ ഉദ്യോഗസ്ഥൻ അഹ്മദ് യാസിർ ട്വീറ്റ് ചെയ്തു. ഈയിടെയായി വാങിന്റെ വിദേശപര്യടനങ്ങളുടെ വിശദാംശങ്ങളെക്കുറിച്ച് ചൈന വ്യക്തമായി വെളിപ്പെടുത്താറില്ല. പാകിസ്താൻ നേതൃത്വവുമായി വാങ് കൂടിക്കാഴ്ച നടത്തിയതും പ്രസ്താവനകൾ പറഞ്ഞതും, കൂടിക്കാഴ്ച അവസാനിച്ചതിന് ശേഷമാണ് ചൈനയുടെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഈ മാസം അവസാനത്തോടെ ചൈനീസ് പ്രതിനിധി സംഘം കാബൂളിലെത്തുമെന്ന് ഖനന - പെട്രോളിയം മന്ത്രാലയം മാർച്ച് 14ന് പറഞ്ഞതായി ടോളോ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണമേറ്റെടുക്കുന്നതിന് മുമ്പ് തന്നെ താലിബാനുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ചൈനയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു.