പ്രകോപനം തുടർന്ന് ചൈന; അമിത പ്രതികരണമെന്ന് യു.എസ്
text_fieldsസൈനികാഭ്യാസവേളയിൽ ചൈനയിൽ നിന്ന് തൊടുക്കുന്ന മിസൈൽ. ചൈനീസ് സൈന്യം പുറത്തുവിട്ട വിഡിയോ ദൃശ്യം
ബെയ്ജിങ്: യു.എസ് പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിക്കും കുടുംബത്തിനും ഉപരോധം ഏർപ്പെടുത്തി ചൈന. സ്വയംഭരണ ദ്വീപായ തായ്വാനിൽ പെലോസി സന്ദർശനം നടത്തിയതിന് പിറകെയാണ് ചൈനയുടെ തീരുമാനം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തായ്വാന് ചുറ്റും തുടരുന്ന ചൈനയുടെ സൈനികാഭ്യാസത്തിൽ നൂറിലധികം യുദ്ധവിമാനങ്ങളും പത്ത് യുദ്ധക്കപ്പലുകളും പങ്കെടുത്തുവെന്ന് ചൈനയുടെ ഔദ്യോഗിക വാർത്ത ഏജൻസി 'സിൻഹുവ' വ്യക്തമാക്കി. തായ്വാൻ തീരത്ത് വിവിധ യുദ്ധാവശ്യങ്ങൾക്കുള്ള പടക്കപ്പലുകളും വിമാനങ്ങളും ചേർന്നുള്ള സംയുക്ത പരിശീലനമാണ് നടത്തിയത്. തായ്വാൻ തങ്ങളുടെ പ്രദേശമാണെന്നാണ് ചൈനയുടെ അവകാശവാദം. നവീകരിച്ച മിസൈലുകളും ചൈന പരീക്ഷിച്ചിട്ടുണ്ട്. ഇത് ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചുവെന്ന് അവർ പറയുന്നു.
നാൻസി പെലോസിയുടെ സന്ദർശനത്തിലുള്ള പ്രതിഷേധമാണ് ചൈനയെ പ്രകോപിപ്പിച്ചത്. കാൽ നൂറ്റാണ്ടിനിടെ, തായ്വാനിലെത്തുന്ന ഏറ്റവും ഉയർന്ന യു.എസ് പ്രതിനിധിയാണ് പെലോസി. പെലോസിക്കും കുടുംബത്തിനുമുള്ള ഉപരോധത്തിന്റെ സ്വഭാവം, കാലപരിധി തുടങ്ങിയവ വെളിപ്പെടുത്തിയിട്ടില്ല. ചൈനയുടെ ഗൗരവകരമായ ആശങ്കകളെ പെലോസി അവഗണിച്ചുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇത് പ്രകോപനപരമാണ്. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും കുറച്ചുകാണുന്നതുമാണ്. -ചൈന വ്യക്തമാക്കി. തായ്വാൻ സ്വന്തംനിലക്ക് വിദേശ ബന്ധമുണ്ടാക്കുന്നത് ചൈന അംഗീകരിക്കുന്നില്ല. ദശാബ്ദങ്ങളായി ചൈനക്കും തായ്വാനുമിടയിൽ കരുതൽ മേഖലയായി (ബഫർ സോൺ) നിലനിൽക്കുന്ന കടലിടുക്കിലെ തായ്വാൻ ഭാഗത്തേക്ക് ചൈന വെള്ളിയാഴ്ച രാവിലെ പടക്കപ്പലുകളും സൈനിക വിമാനങ്ങളും അയച്ചതായി തായ്വാൻ വ്യക്തമാക്കി. വ്യാഴാഴ്ച ചൈന സൈനികാഭ്യാസം തുടങ്ങിയതു മുതൽ അഞ്ചു മിസൈലുകൾ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയുള്ള ഹതെറുമ ദ്വീപിന് സമീപം പതിച്ചതായി ജപ്പാൻ പ്രതിരോധ മന്ത്രി നൊബുവോ കിഷി പറഞ്ഞു. ഇതിൽ ജപ്പാൻ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ചൈനയുടെ ദക്ഷിണ-കിഴക്കൻ തീരമായ ഫുജിയാനിൽ നിന്ന് തൊടുത്ത നാലു മിസൈലുകൾ തായ്വാന് മുകളിലൂടെയാണ് പറന്നതെന്ന് കരുതുന്നതായി ജപ്പാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യു.എസ് ഉദ്യോഗസ്ഥരുടെ തായ്വാൻ സന്ദർശനം തടയാൻ ചൈനക്കാവില്ലെന്ന് നാൻസി പെലോസി ടോക്യോയിൽ പറഞ്ഞു. പെലോസിയുടെ ഏഷ്യ സന്ദർശനം ജപ്പാനിൽ പൂർത്തിയാകും.സൈനികാഭ്യാസത്തിനെതിരെ പ്രതികരിച്ച ഏഴ് യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിനിധികളെ ചൈന വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു.
അതിനിടെ, ചൈനയുടെ സൈനികാഭ്യാസത്തിനെതിരെ യു.എസും രംഗത്തുവന്നു. ഇത് പ്രകോപനപരവും നിരുത്തരവാദപരമായ നടപടിയുമാണെന്ന് യു.എസ് അഭിപ്രായപ്പെട്ടു. ചൈന 11 ബാലിസ്റ്റിക് മിസൈലുകളാണ് തായ്വാനു ചുറ്റും അയച്ചത്. അവർ അമിത പ്രതികരണം നടത്തുകയാണെന്നും ഇതിന് പെലോസിയുടെ സന്ദർശനം മറയാക്കുകയാണെന്നും യു.എസ് ദേശീയ സുരക്ഷ കോഓഡിനേറ്റർ (സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ്) ജോൺ കിർബി ആരോപിച്ചു. ചൈന ഇത്തരം നടപടികൾ സ്വീകരിക്കുമെന്ന് മുമ്പേ കരുതിയതാണെന്നും പടിഞ്ഞാറൻ പസഫിക്കിലെ കടലും ആകാശവും ഉപയോഗിക്കുന്നത് അമേരിക്ക അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'യു.എസ്.എസ് റൊണാൾഡ് റീഗൻ' വിമാനവാഹിനിക്കപ്പലിനും സമീപത്തുള്ള പടക്കപ്പലുകൾക്കും യഥാസ്ഥാനത്ത് തുടരാൻ പ്രതിരോധകാര്യ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ കഴിഞ്ഞ ദിവസം നിർദേശം നൽകിയിട്ടുണ്ട്.