ചൈനയിൽ കനത്ത മഴയിലും ചുഴലിക്കാറ്റിലും 39 മരണം; അണക്കെട്ടുകൾ തകർന്നു
text_fieldsബെയ്ജിങ്: ചുഴലിക്കാറ്റ് മൂലം ദക്ഷിണ ചൈനയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 39 പേർ മരിച്ചു. ഡാമിന്റെ റിസർവോയർ ഭാഗികമായി തകർന്ന ഹെങ്ഷ്വയിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. പട്ടണത്തിലേക്ക് വെള്ളം ഇരച്ചുകയറി 26 പേരാണ് ഇവിടെ മരിച്ചത്.
ഗുവാങ്സി പ്രദേശത്ത് ഒമ്പതുപേരെ കാണാതായി. ഉഷ്ണമേഖല ചുഴലിക്കാറ്റായ മെയ്സാക് മൂലം ശനിയാഴ്ച മുതൽ പെയ്ത റെക്കോഡ് മഴയിൽ ജലാശയങ്ങൾ കവിഞ്ഞൊഴുകുകയാണ്. ആയിരക്കണക്കിന് ആളുകൾ വീടുകളിലും കെട്ടിടങ്ങളിലും കുടുങ്ങിക്കിടക്കുന്നു.
ഗുയിഗാങ് നഗരത്തിലെ സ്കൂളുകളിൽ കുടുങ്ങിയ 10,000ത്തിലധികം വിദ്യാർഥികളെയും അധ്യാപകരെയും സൈന്യം പുറത്തെത്തിച്ചു. വെള്ളപ്പൊക്കത്തിൽ നിരവധി മൃഗങ്ങളും ഒഴുകിപ്പോയി. ഡ്രോണുകളും 5,700 ബോട്ടുകളും ചേർന്ന് നടത്തുന്ന രക്ഷാപ്രവർത്തനങ്ങളിലൂടെയാണ് വീടുകളിലും കെട്ടിടങ്ങളിലും കുടുങ്ങിപ്പോയ ആളുകൾക്ക് ഭക്ഷണവും കുടിവെള്ളവും എത്തിച്ചുകൊടുക്കുന്നത്. ഇതുവരെ 1,30,000 പേരെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

