
ചൈന തീകൊണ്ട് തലചൊറിയുന്നു; തായ്‍വാനെ ആക്രമിച്ചാൽ യു.എസ് പ്രതിരോധിക്കും -ജോ ബൈഡൻ
text_fieldsടോക്യോ: ചൈന തായ്‍വാന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചാൽ യു.എസ് സേന തായ്‍വാൻ സൈന്യത്തിന് പ്രതിരോധം തീർക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ചൈന തീ കൊണ്ടാണ് തലചൊറിയുന്നതെന്ന് യു.എസ് മുന്നറിയിപ്പ് നൽകി.
ക്വാഡ് ഉച്ചകോടിക്കായി ടോക്യോയിലെത്തിയ ബൈഡൻ ജപ്പാൻ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പറഞ്ഞത്. പ്രദേശത്ത് ചൈനയുടെ സാമ്പത്തിക -സൈനിക ശക്തി വർധിപ്പിക്കുന്നതിന്റെ ആശങ്ക നിലനിൽക്കുന്നതിനിടെയാണ് യു.എസിന്റെ ശക്തമായ പ്രതികരണം.
ദശകങ്ങളായി തന്ത്രപരമായ നിഷ്പക്ഷത സ്വീകരിച്ചാണ് യു.എസ് ചൈനയുമായും തായ്‍വാനുമായും ബന്ധം നിലനിർത്തിയിരുന്നത്. തായ്‍വാനെതിരെ ചൈനയുടെ ആക്രമണമുണ്ടായാൽ യു.എസിന്റെ നിലപാട് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ലായിരുന്നു. ബീജിങ്ങിനെ ആക്രമണത്തിൽ നിന്ന് പിന്നാക്കം വലിക്കുന്നതിനൊപ്പം തന്നെ തായ്‍വാൻ ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിൽ നിന്നും തടയുകയും ചെയ്യുന്നതായിരുന്നു യു.എസിന്റെ നിലപാട്.
അതിനിടെയാണ് ചൈനയുടെ നടപടിയെ വിമർശിച്ച് ജോബൈഡൻ രംഗത്തെത്തിയത്. തായ്‍വാനെ ചൈന സൈനിക ശക്തിയാൽ കീഴടക്കാൻ ശ്രമിക്കുമ്പോൾ എന്ത് സൂചനയാണ് നൽകേണ്ടതെന്ന് ജോ ബൈഡൻ ചോദിക്കുന്നു. യു.എസ് നയതന്ത്രപരമായി ബീജിങ്ങിനെ അംഗീകരിക്കുമ്പോഴും യഥാർഥത്തിൽ തായ്പേയുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിരിക്കുകയാണ്.
ചൈന-റഷ്യ ബന്ധങ്ങളും ചൈനയുടെ നാവിക പ്രവർത്തനങ്ങളും നിരീക്ഷിക്കാനും ജപ്പാൻ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ തീരുമാനമായി. നേരത്തെ, റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെയും അതിന് ചൈനയുടെ പിന്തുണയെയും യു.എസും ജപ്പാനും അടക്കം വിമർശിച്ചിരുന്നു