സൈനികാഭ്യാസം തുടർന്ന് ചൈന; നടത്തുന്നത് തായ്‍വാൻ പിടിക്കാനുള്ള 'ട്രയൽ'?
text_fieldsബെയ്ജിങ്: അവധികൾ അവസാനിച്ചിട്ടും തായ്‍വാൻ കടലിൽ സൈനികാഭ്യാസം നിർത്താതെ ചൈന. നേരത്തേ പ്രഖ്യാപിച്ച നാലു ദിവസം പിന്നിട്ടതോടെ വീണ്ടും പുതിയത് പ്രഖ്യാപിച്ചാണ് തായ്‍വാനെ വരിഞ്ഞുമുറുക്കി ചൈനയുടെ നീക്കം. വരുംനാളുകളിൽ ദ്വീപിനെ പൂർണമായി പിടിച്ചടക്കുന്നതിന്റെ ഭാഗമായാണോ സൈനികാഭ്യാസമെന്ന അഭ്യൂഹം ശക്തിപ്പെടുകയാണ്.
ചൈനയുടെ ഈസ്റ്റേൺ തിയറ്റർ കമാൻഡിന്റെ ഭാഗമായുള്ള നൂറുകണക്കിന് വിമാനങ്ങളും ഡ്രോണുകളുമാണ് ഈ ദിവസങ്ങളിൽ വ്യോമാതിർത്തി കടന്ന് തായ്‍വാനിലെത്തി മടങ്ങിയത്. 11 ഹൃസ്വദൂര മിസൈലുകളും ചൈന തൊടുത്തു. ദീർഘദൂര മിസൈലുകളുടെ പരീക്ഷണവും റിപ്പോർട്ട് ചെയ്തിരുന്നു. ഞായറാഴ്ച ആദ്യഘട്ട സൈനികാഭ്യാസം അവസാനിക്കാനിരിക്കെ ഇരു രാജ്യങ്ങളുടെയും 10 യുദ്ധവിമാനങ്ങൾ ജലാതിർത്തിക്കരികെ മുഖാമുഖം വന്നുമടങ്ങി.
വീണ്ടും സൈനികാഭ്യാസം പ്രഖ്യാപിച്ച് ഞായറാഴ്ചയും സമാന രീതിയിൽ വ്യോമ, നാവിക സേനകൾ അഭ്യാസം നടത്തിയതോടെയാണ് തായ്‍വാനു മേൽ ചൈനയുടെ സൈനിക നടപടി ആസന്നമാണെന്ന സംശയം ശക്തമായത്. തുടർന്നുള്ള ദിവസങ്ങളിൽ പതിവായി സൈനികാഭ്യാസം നടക്കുമെന്നാണ് ചൈനയുടെ പുതിയ പ്രഖ്യാപനം.
1949ലെ ആഭ്യന്തര യുദ്ധത്തിനു പിറകെ രണ്ടായി പിരിഞ്ഞെങ്കിലും ചൈന തങ്ങളുടേതെന്ന് വിശ്വസിക്കുന്ന ദ്വീപ് രാജ്യമാണ് തായ്‍വാൻ. കടുത്ത മുന്നറിയിപ്പ് അവഗണിച്ച് യു.എസ് പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി സന്ദർശനം നടത്തി മടങ്ങിയതിനു പിറകെയാണ് പതിറ്റാണ്ടുകൾക്കിടെ ഏറ്റവും ശക്തമായ സൈനികാഭ്യാസത്തിന് ചൈന തുടക്കം കുറിച്ചത്. മറുവശത്ത്, തായ്‍വാന് പരിശീലനം നടത്താൻ പോലും സ്ഥലപരിമിതി അനുവദിക്കുന്നില്ല.
പ്രതിസന്ധി രൂക്ഷമായതോടെ തായ്‍വാൻ രാജ്യാന്തര സമൂഹത്തിന്റെ സഹായം തേടിയിട്ടുണ്ട്.