മുൻ ചൈനീസ് പ്രധാനമന്ത്രി ലീ കെഖിയാങ് അന്തരിച്ചു
text_fieldsബീജിങ്: മുൻ ചൈനീസ് പ്രധാനമന്ത്രി ലീ കെഖിയാങ്(68) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ചൈനയുടെ ഔദ്യോഗിക മാധ്യമമായ സി.സി.ടി.വി അദ്ദേഹത്തിന്റെ മരണവാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. 2013 മുതലുള്ള 10 വർഷക്കാലം ചൈനയുടെ നേതൃനിരയിൽ രണ്ടാമനായിരുന്നു അദ്ദേഹം. ഈ വർഷം മാർച്ചിലാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലെ ചുമതലകൾ ഒഴിഞ്ഞ് അദ്ദേഹം വിശ്രമജീവിതം ആരംഭിച്ചത്.
'സഖാവ് ലീ കെക്കിയാങ് ഷാങ്ഹായിയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ഇതിനിടെ ഒക്ടോബർ 26ന് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി. കെഖിയാങ്ങിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായെന്നും ഒക്ടോബർ 27ന് രാത്രി 12.10ഓടെ അദ്ദേഹത്തിന്റെ മരണം സംഭവിച്ചുവെന്നുമാണ്' സി.സി.ടി.വി റിപ്പോർട്ട് ചെയ്തത്.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നത നേതൃത്വത്തിന്റെ ഭാഗമായിരുന്ന ലീയെ ഈയടുത്ത കാലത്ത് ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ് ഒതുക്കിയതായി ആക്ഷേപമുയർന്നിരുന്നു. പീക്കിങ് യൂനിവേഴ്സിറ്റിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ലീ സമ്പദ്‍വ്യവസ്ഥയിലെ ഉദാരനയങ്ങളുടെ വക്താവായിരുന്നു. എന്നാൽ, സർക്കാർ നിയന്ത്രണത്തിനായി വാദിച്ചിരുന്നയാളായിരുന്നു ചൈനയുടെ ഇപ്പോഴത്തെ പ്രസിഡന്റായ ഷീ ജിങ്പിങ്. ഇത് ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നതക്കിടയാക്കിയിരുന്നുവെന്നാണ് റിപ്പോർട്ട്.
2013ൽ കമ്യൂണിസ്റ്റ് പാർട്ടി നേതാവ് ഹു ജിന്താവോക്ക് ശേഷം ലി നേതാവാകുമെന്നായിരുന്നു പ്രതീഷിച്ചിരുന്നത്. എന്നാൽ, ഷീ ജിങ്പിങ് പാർട്ടിയുടെ നേതാവായി ഉയരുകയായിരുന്നു. അധികാരം സ്വന്തം കൈകളിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു ഷീ ചെയ്തത്.
സാമ്പത്തിക ശാസ്ത്രജ്ഞനെന്ന നിലയിൽ സംരംഭകരുടെ അവസ്ഥ മെച്ചപ്പെടുത്താനുള്ള നിരവധി നടപടികൾ ലീ നടപ്പാക്കിയിരുന്നു. വിദേശകമ്പനികളോട് കൂടുതൽ ഉദാരമായ സമീപനമാണ് അദ്ദേഹം കൈകൊണ്ടത്. ലീയുടെ കാലത്താണ് ചൈന നിർണായക സാമ്പത്തിക ശക്തിയായതെന്ന് വിലയിരുത്തലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

