'ഒരിഞ്ച് സ്ഥലം കൊടുത്താൽ അവർ ഒരു മൈൽ ദൂരം പോകും'; താരിഫ് യുദ്ധത്തിൽ ഇന്ത്യക്ക് ചൈനീസ് പിന്തുണ
text_fieldsന്യൂഡൽഹി: താരിഫ് യുദ്ധത്തിൽ ഇന്ത്യക്ക് ചൈനയുടെ പിന്തുണ. ചൈനീസ് അംബാസിഡർ സു ഫെയിഹോങാണ് ഇന്ത്യയെ പിന്തുണച്ച് രംഗത്തെത്തിയത്. ഭീഷണിപ്പെടുത്തുന്നവർക്ക് ഒരിഞ്ച് സ്ഥലം നൽകിയാൽ അവർ ഒരു മൈൽ ദൂരം പോകുമെന്ന് സു ഫെയിഹോങ് പറഞ്ഞു.
താരിഫ് ഒരു ആയുധമായി ഉപയോഗിച്ച് മറ്റുള്ള രാജ്യങ്ങളെ അടിച്ചമർത്തുന്നത് യു.എൻ ചാർട്ടറിന്റേയും ലോകവ്യാപാര സംഘടനയുടേയും നിയമങ്ങളുടേയും ലംഘനമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും പ്രതികരിച്ചു.
അതേസമയം ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ബ്രസീലിയൻ പ്രസിഡന്റ് ഉപദേഷ്ടാവ് സെൽസോ അമോറിമുമായി സംസാരിച്ചു. സംഭാഷണത്തിൽ ട്രംപിന്റെ പേരെടുത്ത് പറയാതെ ചൈനീസ് വിദേശകാര്യമന്ത്രി വിമർശനം ഉന്നയിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിന് മറുപടിയായി ചൈനീസ് പിന്തുണക്ക് ബ്രസീൽ നന്ദിയറിയിക്കുകയും ചെയ്തിരുന്നു.
ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്തി ഡോണൾഡ് ട്രംപ് വ്യാപാര യുദ്ധം ശക്തമാക്കിയിരിക്കുകയാണ്. നേരത്തേ പ്രഖ്യാപിച്ച 25 ശതമാനം പകരച്ചുങ്കത്തിനു പുറമേ, റഷ്യൻ എണ്ണ വാങ്ങുന്നതിനു പിഴയായി 25 ശതമാനം കൂടി അധിക തീരുവ ചുമത്തുന്ന എക്സിക്യുട്ടിവ് ഉത്തരവിൽ കഴിഞ്ഞ ദിവസം ട്രംപ് ഒപ്പുവെച്ചിരുന്നു. അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിക്ക് തീരുമാനം കനത്ത തിരിച്ചടിയാകും.
ആഗസ്റ്റ് രണ്ടിന് പ്രഖ്യാപിച്ച പകരച്ചുങ്കം നടപ്പാക്കുന്നത് മൂന്നുതവണ മാറ്റിവെച്ചശേഷം വ്യാഴാഴ്ച പ്രാബല്യത്തിൽ വരാനിരിക്കേയാണ് ട്രംപിെന്റ നടപടി. 25 ശതമാനം പകരച്ചുങ്കം വ്യാഴാഴ്ച നിലവിൽ വരുമെങ്കിലും പിഴയായി ചുമത്തിയ 25 ശതമാനം അധിക തീരുവ 21 ദിവസത്തിനുശേഷമായിരിക്കും പ്രാബല്യത്തിൽ വരുക. ഇന്ത്യക്കെതിരെ 24 മണിക്കൂറിനുള്ളിൽ അധികതീരുവ ചുമത്തുമെന്ന് ട്രംപ് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

