ഇന്ത്യൻ വനിതയെ ഷാങ്ഹായ് വിമാനത്താവളത്തിൽ തടങ്കലിലാക്കിയെന്ന ആരോപണം നിഷേധിച്ച് ചൈന
text_fieldsബെയ്ജിങ്: അരുണാചലിൽ നിന്നുളള യാത്രക്കാരിയെ ഷാങ്ഹായ് പുഡോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പതിനെട്ടു മണിക്കൂറോളം തടഞ്ഞുവെച്ച് ഉപദ്രവിച്ചുവെന്ന ആരോപണം നിഷേധിച്ച് ചൈന. സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു വിമർശനമുന്നയിക്കുകയും ചെയ്തതിനു പിന്നാലെയാണ് ചൈനയുടെ നിഷേധം.
നവംബർ 21ന് യു.കെ ആസ്ഥാനമായുള്ള ഇന്ത്യൻ പൗരനായ പെമ വാങ്‌ജോം തോങ്‌ഡോക്കിനെ മണിക്കൂറുകളോളം തടഞ്ഞുവച്ചതായുള്ള റിപ്പോർട്ടുകളോട് പ്രതികരിച്ച ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ്, അതിർത്തി പരിശോധനാ ഉദ്യോഗസ്ഥർ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് പ്രവർത്തിച്ചതെന്ന് പറഞ്ഞു.
‘ചൈനയുടെ അതിർത്തി പരിശോധനാ അധികാരികൾ മുഴുവൻ പ്രക്രിയയും നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചുവെന്നും, ബന്ധപ്പെട്ട വ്യക്തിയുടെ നിയമപരമായ അവകാശങ്ങളും താൽപര്യങ്ങളും പൂർണമായും സംരക്ഷിച്ചുവെന്നും ഞങ്ങൾ മനസ്സിലാക്കി. സ്ത്രീ ആരോപിക്കുന്നതുപോലെ നിർബന്ധിത നടപടികൾക്കോ തടങ്കലിനോ പീഡനത്തിനോ വിധേയയായിട്ടില്ല’ എന്നും വക്താവ് പറഞ്ഞു. എയർലൈൻ അവർക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും സ്ഥലം നൽകിയതായും മാവോ നിങ് പറഞ്ഞു.
സാങ്‌നാൻ ചൈനയുടെ പ്രദേശമാണ്. ഇന്ത്യ നിയമവിരുദ്ധമായി സ്ഥാപിച്ച അരുണാചൽ പ്രദേശിനെ ചൈന ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും ചൈനയുടെ പ്രദേശികമായ അവകാശവാദങ്ങൾ ആവർത്തിച്ചുകൊണ്ട് മാവോ പറഞ്ഞു.
അരുണാചൽ പ്രദേശ് അനിഷേധ്യമായ ഇന്ത്യൻ പ്രദേശമാണെന്നും അവിടുത്തെ നിവാസികൾക്ക് ഇന്ത്യൻ പാസ്‌പോർട്ടുകൾ കൈവശം വെക്കാനും യാത്ര ചെയ്യാനും അവകാശമുണ്ടെന്നും ഇന്ത്യ പ്രസ്താവന നടത്തിയതിന്റെ തൊട്ടുപിറ്റേ ദിവസമാണ് ചൈനയുടെ പ്രതികരണം. ചൈനീസ് അധികൃതരുടെ പെരുമാറ്റത്തെ അപലപിച്ച അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു സംഭവത്തിൽ അഗാധമായി ഞെട്ടലാണുണ്ടായതെന്ന് അറിയിച്ചു.
പെമ വാങ് തോങ്‌ഡോക്ക് എന്ന അരുണാചലുകാരിയാണ് ചൈനീസ് ഇമിഗ്രേഷൻ അധികൃതർ ഇന്ത്യൻ പാസ്‌പോർട്ട് സ്വീകരിക്കാതെ ഷാങ്ഹായ് പുഡോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പതിനെട്ടു മണിക്കൂറോളം തടഞ്ഞുവെച്ച് ഉപദ്രവിച്ചുവെന്ന് ആരോപണവുമായി രംഗത്തെത്തിയത്.
നവംബർ 21ന് ലണ്ടനിൽ നിന്ന് ജപ്പാനിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശ് ചൈന അവരുടെ ഭാഗമായി കണക്കാക്കുന്നതിനാൽ തന്റെ പാസ്‌പോർട്ട് അസാധുവാണെന്ന് പറഞ്ഞതായി പെമ വാങ് ‘എക്‌സി’ലെ പോസ്റ്റിൽ പറഞ്ഞു. ജന്മസ്ഥലം കാരണം തന്റെ ഇന്ത്യൻ പാസ്‌പോർട്ട് അംഗീകരിക്കാൻ ആവില്ലെന്ന് ഇമിഗ്രേഷൻ ഡെസ്‌കിലെ ഉദ്യോഗസ്ഥർ പറഞ്ഞതായും അവർ പറഞ്ഞു.
സാധുവായ ജാപ്പനീസ് വിസ കൈവശം വച്ചിട്ടും പാസ്‌പോർട്ട് കണ്ടുകെട്ടി. തുടർന്നുള്ള വിമാനത്തിൽ കയറുന്നതിൽ നിന്ന് അവരെ തടഞ്ഞു. ചൈനീസ് പാസ്‌പോർട്ടിന് അപേക്ഷിക്കാൻ ഇമിഗ്രേഷൻ ജീവനക്കാരും ചൈന ഈസ്റ്റേൺ എയർലൈൻസ് ജീവനക്കാരും തന്നോട് നിർദേശിച്ചതായും ഭക്ഷണം, വിമാനത്താവള സൗകര്യങ്ങൾ, അവരുടെ യാത്രാ സ്റ്റാറ്റസിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ എന്നിവയിലേക്ക് പ്രവേശനം നിഷേധിച്ചതായും അവർ പറയുകയുണ്ടായി.
തുടർന്ന് ചൈനയുടെ ഈസ്റ്റേൺ എയർലൈൻസിൽ നിന്നുതന്നെ ഒരു പുതിയ ടിക്കറ്റ് വാങ്ങാമെന്ന് സമ്മതിച്ചതിന് ശേഷമാണ് യുവതിക്ക് പാസ്‌പോർട്ട് തിരികെ നൽകിയത്. ദുരിതത്തിലായ അവർ യു.കെയിലെ ഒരു സുഹൃത്ത് വഴി ഷാങ്ഹായിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടു. കോൺസുലർ ഉദ്യോഗസ്ഥർ ഇടപെട്ടതിനുശേഷം രാത്രി വൈകിയാണ് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങി യാത്ര തുടരാൻ അവർക്ക് കഴിഞ്ഞത്.
ഈ സംഭവം ‘ഇന്ത്യയുടെ പരമാധികാരത്തോടുള്ള അപമാനം’ എന്ന് വിശേഷിപ്പിച്ച തോങ്‌ഡോക്ക്, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഇന്ത്യൻ അധികാരികളോടും ചൈനീസ് അധികൃതരുമായി ഈ വിഷയം ചർച്ച ചെയ്യണമെന്നും അഭ്യർത്ഥിച്ചു. സമാനമായ പെരുമാറ്റം നേരിടേണ്ടിവരുന്ന അരുണാചൽ പ്രദേശിൽ നിന്നുള്ള എല്ലാ ഇന്ത്യക്കാർക്കും സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം ഉത്തരവാദിത്തവും നഷ്ടപരിഹാരവും സർക്കാർ തേടണമെന്ന് അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

