പാർട്ടി കോൺഗ്രസിനു മുമ്പ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെതിരെ ചൈനയിൽ അസാധാരണ പ്രതിഷേധം
text_fieldsബെയ്ജിങ്: ആഴ്ചകൾക്കു മുമ്പാണ് ചൈനയിൽ സൈന്യം അധികാരം പിടിച്ചുവെന്നും പ്രസിഡന്റ് ഷി ജിൻപിങ്ങിനെ വീട്ടുതടങ്കലിലാക്കിയെന്നുമുള്ള റിപ്പോർട്ടുകൾ പ്രചരിച്ചത്. അടിസ്ഥാനമില്ലാത്ത ഊഹാപോഹങ്ങൾ മാത്രമാണ് അതെന്ന് പറഞ്ഞ് ചൈനീസ് ഭരണകൂടവും രാഷ്ട്രീയ നിരീക്ഷകരും അതെല്ലാം തള്ളിക്കളഞ്ഞു.
ഇപ്പോൾ രാജ്യത്തെ കടുത്ത കോവിഡ് നിയന്ത്രണങ്ങൾക്കെതിരെയും ഷി ജിൻപിങ്ങിനെതിരെയും അസാധാരണ പ്രതിഷേധങ്ങൾക്കാണ് ചൈന സാക്ഷ്യം വഹിച്ചിരിക്കുന്നത്. ചരിത്രപരമായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിനു തൊട്ടുമുമ്പാണ് പ്രതിഷേധം എന്നതും ശ്രദ്ധേയം.
ബെയ്ജിങ്ങിന്റെ വടക്കുപടിഞ്ഞാറൻ ജില്ലയായ ഹെയ്ദിയാനിലാണ് പ്രതിഷേധം നടന്നത്. നൂറുകണക്കിനുപേരാണ് പാർട്ടി പതാക പിടിച്ച് ഷിക്കെതിരെ മുദ്രാവാക്യങ്ങളുമായി രംഗത്തെത്തിയത്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നിട്ടുണ്ട്. ഷിയെ പുറത്താക്കി തെരഞ്ഞെടുപ്പ് നടത്തണമെന്നതടക്കമുള്ള ആവശ്യങ്ങൾ സമരക്കാർ ഉയർത്തുന്നുണ്ടെന്ന് റോയിട്ടേഴ്സ് അടക്കമുള്ളവ റിപ്പോർട്ട് ചെയ്തു. പ്രതിഷേധക്കാരെ പൊലീസ് അടിച്ചോടിച്ചതായും ബി.ബി.സി റിപ്പോർട്ടിൽ പറയുന്നു.
ഞായറാഴ്ചയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിന് തുടക്കം കുറിക്കുന്നത്. സമ്മേളത്തിൽ പാർട്ടി തലപ്പത്ത് ഷിക്ക് മൂന്നാമൂഴം ലഭിക്കുമെന്ന് ഉറപ്പാണ്. ഇതിനിടയിലാണ് അസാധാരണ പ്രതിഷേധം നടക്കുന്നത്. ''രാജ്യം കൊള്ളയടിക്കുന്ന ഏകാധിപതി ഷി ജിൻപിങ്ങിനെ പുറത്താക്കൂ'' എന്നെഴുതിയ ബാനറടക്കമാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്.
രാജ്യത്ത് കോവിഡിന്റെ പേരിൽ നടപ്പാക്കിയ കടുത്ത നിയന്ത്രണങ്ങളിലും വിമർശനമുണ്ട്. ''കോവിഡ് ടെസ്റ്റുകളല്ല, ഭക്ഷണമാണ് വേണ്ടത്; ലോക്ഡൗണുകളല്ല, സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശമാണ് വേണ്ടത്'' തുടങ്ങിയ ബാനറുകളും ചിത്രങ്ങളിൽ കാണാം.പ്രതിഷേധങ്ങളെ തുടർന്ന് ചൈനീസ് നഗരത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

