ഇസ്രായേൽ-ഫലസ്തീൻ സംഘർഷം: ശാശ്വത സമാധാനം പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ചൈന
text_fieldsബീജിങ്: ഇസ്രായേൽ-ഫലസ്തീൻ സംഘർഷം അവസാനിപ്പിച്ച് ശാശ്വത സമാധാനം പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ചൈന. ഇസ്രായേൽ-ഫലസ്തീൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന.
ഇസ്രായേലിനും ഫലസ്തീനിനുമിടയിൽ സംഘർഷവും അക്രമവും രൂക്ഷമായതിൽ അതീവ ഉത്കണ്ഠാകുലരാണെന്ന് ചൈന പറയുന്നു. ശാന്തതയുമ സംയമനവും പാലിക്കാൻ ഇരുകക്ഷികളോടും ആവശ്യപ്പെടുകയാണ്. സ്ഥിതിഗതികൾ കൂടുതൽ വഷളാവുന്നത് തടയാനും ഇരു രാജ്യങ്ങളും ശത്രുത ഉടൻ അവസാനിപ്പിക്കണമെന്നും ചൈന ആഹ്വാനം ചെയ്തു.
തുടർന്നും സംഘർഷത്തിനുള്ള സാധ്യതയുള്ളതിനാൽ ശാശ്വതമായ സമാധാനം കൊണ്ടു വരുന്നതിനായി ഒരു വഴി കണ്ടെത്താൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്യുകയാണെന്നും ചൈന പ്രസ്താവനയിൽ അറിയിച്ചു.
ഫലസ്തീൻ ചെറുത്തുനിൽപ് സംഘടന ‘ഹമാസ്’ അധിനിവിഷ്ട ഗസ്സയിൽനിന്ന് കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ ഇസ്രായേലിൽ കടന്നുകയറി ശനിയാഴ്ച നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 250ഓളം പേർ കൊല്ലപ്പെടുകയും 1500 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മിന്നലാക്രമണത്തിൽ ഞെട്ടിയ ഇസ്രായേൽ യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണത്തിലൂടെ തിരിച്ചടി തുടങ്ങി. ഇസ്രായേൽ ആക്രമണത്തിൽ 232ഓളം പേർ കൊല്ലപ്പെട്ടു. 1610 പേർക്ക് പരിക്കുണ്ട്. മരണസംഖ്യ ഉയരുകയാണ്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച, ജൂത വിശേഷ ആചരണമായ ‘സൂക്കോത്തി’ന്റെ പേരിൽ എണ്ണൂറോളം ഇസ്രായേലി കുടിയേറ്റക്കാരും ജൂത പുരോഹിതരും കിഴക്കൻ ജറൂസലമിലെ അൽ അഖ്സ പള്ളിയിലേക്ക് ഇരച്ചുകയറി കുത്തിയിരിക്കുകയും ഇസ്രായേൽ സൈന്യം ഫലസ്തീനികൾക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തതോടെ ഫലസ്തീനിൽ പ്രക്ഷുബ്ധാവസ്ഥ നിലനിൽക്കുകയായിരുന്നു. അതിനിടെയാണ് കരയും കടലും ആകാശവും വഴി ഇസ്രായേൽ അതിർത്തികൾ ഭേദിച്ച് ഹമാസിന്റെ സായുധവിഭാഗമായ ഖസ്സാം ബ്രിഗേഡിന്റെ ഭടന്മാർ ഇസ്രായേലിലേക്ക് ഇരച്ചുകയറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

