ചൈനയും റഷ്യയും പ്രതിരോധ സഹകരണം വർധിപ്പിക്കുന്നു -ജപ്പാൻ
text_fieldsസ്റ്റോക്ഹോം: ഏഷ്യയിൽ റഷ്യ, ചൈന സൈനിക സഹകരണം വർധിക്കുകയാണെന്ന മുന്നറിയിപ്പുമായി ജപ്പാൻ വിദേശകാര്യ മന്ത്രി യോഷിമാസ ഹയാഷി. യുക്രെയ്നിലെ റഷ്യൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്പിലെ സുരക്ഷ സാഹചര്യത്തെ ഇന്തോ-പസിഫിക് മേഖലയുടെ സുരക്ഷ സാഹചര്യങ്ങളിൽനിന്ന് വേറിട്ടു കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്പിലെയും ഇന്തോ-പസിഫിക് മേഖലയിലെയും വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര ക്രമത്തിന്റെ അടിത്തറതന്നെ യുക്രെയ്നിൽ റഷ്യ നടത്തുന്ന യുദ്ധം തകർത്തതായി അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി ഇതിനോട് പ്രതികരിക്കണം. അല്ലാത്തപക്ഷം, മറ്റു മേഖലകളിലും സമാനമായ വെല്ലുവിളികൾ നേരിടേണ്ടിവരും.

