അരുണാചലിനു മേൽ അവകാശവാദവുമായി വീണ്ടും ചൈന
text_fieldsബെയ്ജിങ്: അരുണാചൽ പ്രദേശ് തങ്ങളുടേതെന്ന അവകാശവാദവുമായി ചൈന വീണ്ടും. അരുണാചൽ ‘ഇന്ത്യയുടെ സ്വാഭാവിക ഭാഗ’മാണെന്ന് ശനിയാഴ്ച കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നടത്തിയ പ്രസ്താവനക്ക് മറുപടിയിലാണ് ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാൻ അവകാശവാദം ആവർത്തിച്ചത്. ഇന്ത്യ-ചൈന അതിർത്തി പൂർണമായി തീരുമാനമായിട്ടില്ലെന്നും അരുണാചൽ പ്രദേശ് എന്നും ചൈനയുടെ ഭാഗമായിരുന്നെന്നും ഇന്ത്യ അനധികൃതമായി കൈയേറുകയായിരുന്നെന്നും വിദേശകാര്യ വക്താവ് ലിൻ ജിയാൻ അവകാശപ്പെട്ടു. ‘നിയമവിരുദ്ധമായി കൈയേറിയ ഭൂമിയിൽ 1987ൽ അരുണാചൽപ്രദേശ് എന്നപേരിൽ ഇന്ത്യ അവകാശവാദം ഉന്നയിക്കുകയായിരുന്നു. ഈ വിഷയത്തിൽ ചൈന നിലപാട് മാറ്റിയിട്ടില്ല’- ലിൻ കൂട്ടിച്ചേർത്തു.
ഈമാസം നാലാം തവണയാണ് ചൈന അരുണാചൽപ്രദേശിനു മേൽ അവകാശവാദവുമായി എത്തുന്നത്. മാർച്ച് ഒമ്പതിന് അരുണാചലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനത്തിനെതിരെ നയതന്ത്രപരമായ പ്രതിഷേധം അറിയിച്ചിരുന്നതായും ചൈന പറയുന്നു. നേരത്തേ ചൈനീസ് പ്രതിരോധമന്ത്രിയും അരുണാചൽ ചൈനയുടെ പ്രവിശ്യയാണെന്ന് അവകാശപ്പെട്ടിരുന്നു. ഇതിനെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ശക്തമായി പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

