ഏഷ്യൻ വിന്റർ ഗെയിംസിനിടെ നടന്നത് 2,70,000-ത്തിലധികം വിദേശ സൈബർ ആക്രമണങ്ങൾ; പിന്നിൽ അമേരിക്കയെന്ന് ചൈന
text_fieldsബെയ്ജിങ്: ചൈനയുടെ വടക്കുകിഴക്കൻ നഗരമായ ഹാർബിനിൽ ഫെബ്രുവരിയിൽ നടന്ന ഏഷ്യൻ വിന്റർ ഗെയിംസിനിടെ യു.എസ് സൈബർ ആക്രമണം നടത്തിയതായി ചൈന ആരോപിച്ചു. യു.എസ് പൗരന്മാരായ കാതറിൻ എ. വിൽസൺ, റോബർട്ട് ജെ. സ്നെല്ലിങ്, സ്റ്റീഫൻ ഡബ്ല്യു. ജോൺസൺ എന്നിവർ നാഷനൽ സെക്യൂരിറ്റി ഏജൻസിയുടെ സഹായത്തോടെയാണ് ആക്രമണം നടത്തിയതെന്ന് ഗെയിംസ് നടന്ന ഹാർബിൻ നഗരത്തിലെ പൊലീസ് അറിയിച്ചു.
മൂവരും ഇപ്പോൾ എവിടെയാണെന്ന കാര്യം ചൈന പുറത്തുവിട്ടിട്ടില്ല. ഏഷ്യൻ ഗെയിംസിന്റെ രജിസ്ട്രേഷൻ, മത്സരം തുടങ്ങിയ സംവിധാനങ്ങളും ഗെയിംസുമായി ബന്ധപ്പെട്ടവരുടെ ഡാറ്റയുമാണ് ആക്രമികൾ ലക്ഷ്യമിട്ടിരുന്നത്. ഗെയിംസ് അലങ്കോലപ്പെടുത്താൻ മത്സരത്തിന്റെ ആദ്യം മുതൽ അവസാനം വരെ ശ്രമം നടത്തിയതായും ഉദ്യോഗസ്ഥൻ പറഞ്ഞതായി ചൈനീസ് വാർത്ത ഏജൻസിയായ സിനൂഹ റിപ്പോർട്ട് ചെയ്തു.
ഹാർബിൻ നഗരം ഉൾപ്പെടുന്ന ഹീലോങ്ജിയാങ് പ്രവിശ്യയിലെ ഊർജ, ഗതാഗത, ജലവിഭവ, ടെലികമ്യൂണിക്കേഷൻസ്, പ്രതിരോധ ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങിയ നിർണായക അടിസ്ഥാന സൗകര്യങ്ങളിലും സൈബർ ആക്രമണങ്ങൾ നടന്നു. ചൈനീസ് ടെക്‌നോളജി കമ്പനിയായ ഹുവാവേയെയും ഹാക്കർമാർ ആക്രമിച്ചതായി സിനൂഹ റിപ്പോർട്ടിൽ പറഞ്ഞു.
ഏഷ്യൻ വിന്റർ ഗെയിംസുമായി ബന്ധപ്പെട്ട വിവര സംവിധാനങ്ങളിൽ 2,70,000-ത്തിലധികം വിദേശ സൈബർ ആക്രമണങ്ങൾ രേഖപ്പെടുത്തിയതായി ചൈനയുടെ കമ്പ്യൂട്ടർ വൈറസ് വാച്ച്ഡോഗ് പറഞ്ഞു. ആക്രമണങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും അമേരിക്കയിൽ നിന്നാണ് വന്നതെന്ന് വാച്ച്ഡോഗ് പറഞ്ഞു.
അതേസമയം, ചൈനയുടെ ആരോപണത്തെക്കുറിച്ച് യു.എസ് പ്രതികരിച്ചിട്ടില്ല. സൈബർ ആക്രമണം നടത്തുന്നതായി ഇരു രാജ്യങ്ങളും നേരത്തേ പലതവണ പരസ്പരം ആരോപിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.