630 ഉയിഗുർ മുസ്‍ലിം ഗ്രാമങ്ങളുടെ പേര് മാറ്റി ചൈന; ലക്ഷ്യം മതവും സംസ്കാരവും തുടച്ചുനീക്കൽ
text_fieldsബെയ്ജിങ്: ഗ്രാമങ്ങളുടെ പേരുകളിൽ നിന്നും ഉയിഗുർ മുസ്‍ലിംകളുടെ മതവും സംസ്കാരവും തുടച്ചുനീക്കാനൊരുങ്ങി ചൈന. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ തീരുമാനപ്രകാരമാണ് ഗ്രാമങ്ങളുടെ പേരുകളിൽ നിന്നും ഉയിഗുർ മുസ്‍ലിംകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒഴിവാക്കുന്നത്. ഹ്യൂമൻ റൈറ്റ്സ് വാച്ചാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
2009 മുതൽ 2023 വരെയുള്ള കാലയളവിൽ ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയിലെ 630ഓളം ഗ്രാമങ്ങളുടെ പേരുകൾ ഇത്തരത്തിൽ മാറ്റിയെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട് ചെയ്യുന്നു. സന്തോഷം, ഐക്യം എന്നെല്ലാം അർഥം വരുന്ന പുതിയ പേരുകളാണ് ഗ്രാമങ്ങൾക്ക് പകരം നൽകിയത്.
ഉയിഗുർ മുസ്‍ലിംകളുടെ സമ്പന്നമായ സംസ്കാരത്തെ കാണിക്കുന്ന നിരവധി പേരുകൾ ഇത്തരത്തിൽ മാറ്റിയിട്ടുണ്ടെന്നും ഇത് ചൈനീസ് പ്രൊപ്പഗണ്ടയുടെ ഭാഗമാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് ചൈന ഡയറക്ടർ മായ വാങ് പറഞ്ഞു.
2018ലെ യു.എൻ റിപ്പോർട്ടോട് കൂടിയാണ് ഉയിഗുർ മുസ്‍ലിംകൾക്കെതിരായ ചൈനയുടെ നടപടികൾ ലോകത്ത് ചർച്ചയായത്. ഏകദേശം പത്ത് ലക്ഷത്തോളം ആളുകൾ ചൈനയുടെ വീണ്ടും വിദ്യാഭ്യാസമെന്ന പദ്ധതിക്ക് കീഴിലുള്ള സെന്ററുകളിൽ കഴിയുന്നുണ്ടെന്നായിരുന്നു യു.എൻ റിപ്പോർട്ട്. ഇതിൽ ഭൂരിപക്ഷവും ഉയിഗുർ മുസ്‍ലിംകളാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ, ആളുകൾ തീവ്രവാദത്തിലേക്ക് പോകുന്നതിന് തടയുന്നതിന് വേണ്ടിയാണ് അവരെ വീണ്ടും വിദ്യാഭ്യാസമെന്ന പദ്ധതിക്ക് കീഴിലുള്ള സെന്ററിലേക്ക് മാറ്റിയതെന്നാണ് ചൈന നൽകുന്ന വിശദീകരണം.
ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ പുതിയ റിപ്പോർട്ട് പ്രകാരം 2017 മുതൽ 2019 വരെയുള്ള കാലയളവിലാണ് ഭൂരിപക്ഷം ഗ്രാമങ്ങളുടെ പേരുകളും മാറ്റിയിരിക്കുന്നത്. മസാർ, ദുത്തർ പോലുള്ള ഉയിഗുർ മുസ്‍ലിംകളുടെ സംസ്കാരവുമായി ബന്ധപ്പെട്ട ഗ്രാമങ്ങളുടെ പേരുകളെല്ലാം ചൈന ഇത്തരത്തിൽ മാറ്റിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

