Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘കണ്ണാടി പ്രതിബിംബ’ സമസ്യക്ക് ഉത്തരം നൽകിയ ഗവേഷകർക്ക് രസതന്ത്ര നൊബേൽ

text_fields
bookmark_border
ഫ്രഞ്ച് രസതന്ത്രജ്ഞൻ ഹെൻറി ബി. കാഗനും ജപ്പാൻ ശാസ്ത്രജ്ഞൻ കെൻസോ സോഐയും പുരസ്കാരം പങ്കിട്ടു
‘കണ്ണാടി പ്രതിബിംബ’ സമസ്യക്ക് ഉത്തരം നൽകിയ ഗവേഷകർക്ക് രസതന്ത്ര നൊബേൽ
cancel

സ്റ്റോക്ഹോം: 2026ലെ രസതന്ത്ര നൊബേൽ പുരസ്കാരം ഫ്രഞ്ച് രസതന്ത്രജ്ഞൻ ഹെൻറി ബി. കാഗനും ജപ്പാൻ ശാസ്ത്രജ്ഞൻ കെൻസോ സോഐക്കും. അസമമിതി ജൈവ സംശ്ലേഷണത്തിൽ (അസിമട്രിക് ഓർഗാനിക് സിന്തസിസ്) തന്മാത്രകളുടെ ഒരു പ്രത്യേക ‘കണ്ണാടി പ്രതിബിംബ’ രൂപം മാത്രം സൃഷ്ടിക്കാൻ സഹായിക്കുന്ന നോൺ-ലീനിയർ ഇഫക്ടുകളും ഓട്ടോകാറ്റലിസിസും കണ്ടെത്തിയതിനാണ് പുരസ്കാരം.

രാസപ്രവർത്തനങ്ങളിൽ, ഒരേ രാസഘടനയുള്ള ചില തന്മാത്രകൾ ഇടത്-വലത് കൈകൾപോലെ പരസ്പരം കണ്ണാടി പ്രതിബിംബങ്ങളായ രണ്ടു രൂപങ്ങളിൽ കാണപ്പെടാറുണ്ട്. ഇവയെ ‘കൈറൽ’ തന്മാത്രകൾ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ, ജീവജാലങ്ങളുടെ രസതന്ത്രത്തിൽ പലപ്പോഴും ഈ രണ്ടു രൂപങ്ങളിൽ ഒന്ന് മാത്രമാണ് ഉപയോഗിക്കപ്പെടുന്നത്. അമിനോ ആസിഡുകൾ ഇതിന് പ്രധാന ഉദാഹരണമാണ്. എന്തുകൊണ്ടാണ് ജീവൻ ഒരു പ്രത്യേക തന്മാത്രാരൂപത്തെ മാത്രം തിരഞ്ഞെടുക്കുന്നതെന്ന ചോദ്യം ഒരു നൂറ്റാണ്ടിലേറെയായി രസതന്ത്രജ്ഞരെ കുഴക്കിയിരുന്നു. ഈ പ്രതിഭാസമാണ് ‘ഹോമോകൈറാലിറ്റി’ എന്നറിയപ്പെടുന്നത്.

രാസപ്രവർത്തനങ്ങളിലൂടെ ഇത്തരം കണ്ണാടി പ്രതിബിംബ തന്മാത്രകൾ രൂപപ്പെടുമ്പോൾ സാധാരണയായി രണ്ടു രൂപങ്ങളും തുല്യ അളവിലാണ് ലഭിക്കുന്നത്. എന്നാൽ, മരുന്നുകൾ ഉൾപ്പെടെ ജീവശരീരവുമായി ഇടപഴകേണ്ട സംയുക്തങ്ങളുടെ കാര്യത്തിൽ ഒരു പ്രത്യേക രൂപം മാത്രം ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കാരണം, ഒരുപോലെ ഇരിക്കുമെങ്കിലും ഒരു തന്മാത്രക്ക് മാത്രമായിരിക്കും ഔഷധഗുണം. അപര തന്മാത്ര വിപരീത ഫലമുണ്ടാകുന്നതുമാകും. അതിനാൽ ആവശ്യമായ രൂപം മാത്രം തിരഞ്ഞെടുക്കുന്ന രാസപ്രവർത്തനങ്ങൾ വികസിപ്പിക്കുന്നത് ഔഷധനിർമാണ രംഗത്ത് നിർണായകമാണ്. ഈ സമസ്യ ഗവേഷകരെ കുഴക്കിയിരുന്നു.

1980കളിൽ കാഗൻ നടത്തിയ ഗവേഷണങ്ങൾ രാസപ്രവർത്തനങ്ങളെ നിയന്ത്രിച്ച് ഒരു കണ്ണാടിരൂപം മറ്റേതിനേക്കാൾ കൂടുതലായി ഉണ്ടാക്കാൻ കഴിയുമെന്ന് തെളിയിച്ചു. പിന്നീട് കെൻസോ സോഐ നടത്തിയ പരീക്ഷണങ്ങൾ ഈ ആശയത്തെ പുതിയ തലത്തിലേക്ക് ഉയർത്തി. ഒരു തന്മാത്രയുടെ പ്രത്യേക കണ്ണാടിരൂപം സ്വയം അതേ രൂപത്തിന്റെ കൂടുതൽ തന്മാത്രകൾ രൂപപ്പെടാൻ സഹായിക്കുന്ന ഓട്ടോകാറ്റലിറ്റിക് പ്രതികരണം അദ്ദേഹം കണ്ടെത്തി. ഇത് പിന്നീട് ‘സോഐ റിയാക്ഷൻ’ എന്ന പേരിലറിയപ്പെട്ടു. ഇവരുടെ കണ്ടെത്തലുകൾ തന്മാത്രകളിലെ ‘കൈറാലിറ്റി’യെക്കുറിച്ചുള്ള ശാസ്ത്രീയ ധാരണ തന്നെ മാറ്റിമറിച്ചതായി നൊബേൽ കമ്മിറ്റി വിലയിരുത്തി. പ്രത്യേകിച്ച് പുതിയ മരുന്നുകൾ രൂപകൽപന ചെയ്യുന്നതിനും ആവശ്യമായ തന്മാത്രാരൂപം കൃത്യമായി നിർമിക്കുന്നതിനും ഈ കണ്ടെത്തലുകൾ ശക്തമായ ശാസ്ത്രീയ ഉപകരണങ്ങളായി മാറി.

95കാരനായ ഹെൻറി ബി. കാഗൻ ഫ്രാൻസിലെ യൂനിവേഴ്സിറ്റി പാരിസ്-സൂഡുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ശാസ്ത്രജ്ഞനാണ്. 76കാരനായ കെൻസോ സോഐ ടോക്യോ യൂനിവേഴ്സിറ്റി ഓഫ് സയൻസിലെ ഗവേഷകനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chemistry Nobel for solving mirror image
Next Story