മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ: ശൈഖ് ഹസീനക്കെതിരായ കേസിൽ കുറ്റപത്രം ജൂലൈ ഒന്നിന് പരിഗണിക്കും
text_fieldsധാക്ക: സ്ഥാന ഭ്രഷ്ടയാക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്കെതിരായ കേസിൽ കുറ്റപത്രം ജൂലൈ ഒന്നിന് പരിഗണിക്കുമെന്ന് ബംഗ്ലാദേശ് ക്രൈംസ് ട്രൈബ്യൂണൽ അറിയിച്ചു.
മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുടെ പേരിലാണ് ശൈഖ് ഹസീന, മുൻ ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ കമാൽ, മുൻ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ചൗധരി അബ്ദുല്ല അൽ മാമുൻ എന്നിവർക്കെതിരെ കേസുകൾ ചുമത്തിയിരിക്കുന്നതെന്ന് ബംഗ്ലാദേശ് വാർത്ത ഏജൻസിയായ ബംഗ്ലാദേശ് സംഗ്ബാദ് സംഗസ്ത (ബി.എസ്.എസ്) റിപ്പോർട്ട് ചെയ്തു. കീഴടങ്ങാൻ നോട്ടീസ് നൽകിയിട്ടും പ്രതികൾ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് ജസ്റ്റിസ് എം.ഡി ഗുലാം മുർതസ മജുംദാർ അധ്യക്ഷനായ ക്രൈംസ് ട്രൈബ്യൂണലിലെ മൂന്നംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ വർഷം ആഗസ്റ്റ് അഞ്ചിന് വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിൽ ഏകദേശം 16 വർഷത്തെ അവാമി ലീഗ് ഭരണം അട്ടിമറിക്കപ്പെടുകയും ഹസീനക്ക് അധികാരം നഷ്ടപ്പെടുകയുമായിരുന്നു. പ്രക്ഷോഭത്തിൽ വിദ്യാർഥികളടക്കം നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് മുഖ്യ ഉപദേശകനായി മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരമേൽക്കുകയായിരുന്നു.
ഹസീനയ്ക്കും കൂട്ടുപ്രതികൾക്കും വേണ്ടി കോടതിയിൽ ഹാജരാകാൻ അഭിഭാഷകനെ നിയമിക്കുമെന്ന് ട്രൈബ്യൂണൽ അറിയിച്ചു. ഹസീനയടക്കം കുറ്റവാളികൾക്കു വേണ്ടി കുറ്റപത്രത്തിൽ പ്രോസിക്യൂഷൻ അഞ്ച് കുറ്റങ്ങളാണ് ചുമത്തിയത്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളിലും കൂട്ടക്കൊലപാതക കേസിലും ക്രൈം ട്രൈബ്യൂണലിന്റെ അന്വേഷണ ഏജൻസി മേയ് 12ന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

