Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വംശഹത്യയെ എതിർത്തതിന് സ്പെയിൻ ശിക്ഷിക്കപ്പെടുന്നുവോ?
cancel
camera_alt

മെറോക്കോയിൽ നിന്ന് അതിർത്തി കടന്നെത്തി തറാജൽ ബീച്ചിന് സമീപത്തെ ഓവുചാലിനുള്ളിൽ മറഞ്ഞിരുന്ന കുടിയേറ്റക്കാരിലൊരാളെ സ്പാനിഷ് സേനാംഗങ്ങൾ കണ്ടെത്തിയപ്പോൾ

ആഫ്രിക്കൻ വൻകരയിൽ സ്ഥിതി ചെയ്യുന്ന രണ്ട് സ്പാനിഷ് എൻക്ലേവുകളിൽ ഒന്നായ സ്യൂതയിലേക്ക് മൊറോക്കോയിൽ നിന്ന് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ കുറഞ്ഞത് 57 കുടിയേറ്റക്കാർക്കാണ് കഴിഞ്ഞയാഴ്ച ജീവൻ നഷ്ടപ്പെട്ടത്. വെറും 24 മണിക്കൂറിനുള്ളിൽ പതിനായിരക്കണക്കിന് ആളുകൾ സ്യൂതയിലേക്ക് പ്രവേശിച്ച ഈ സംഭവത്തെ ‘‘പ്രാദേശിക അഖണ്ഡതയുടെ ലംഘനം’’ എന്നാണ് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വിശേഷിപ്പിച്ചത്. സോഷ്യൽ മീഡിയ പോസ്റ്റുകൾ കണ്ടാണ് ഇത്തരമൊരു സാഹസത്തിന് മുതിർന്നതെന്നാണ് പല കുടിയേറ്റക്കാരും മാധ്യമങ്ങളോട് പറഞ്ഞത്. (കടൽ വഴി നീന്തി അതിർത്തി കടന്നെത്തുന്നവരെ ഉടനടി തിരിച്ചയക്കാൻ പാടില്ലെന്ന് സ്പാനിഷ് സുപ്രീം കോടതി വിധിച്ചതായും സ്പെയിനിൽ പ്രവേശിക്കുന്ന എല്ലാവർക്കും യൂറോപ്യൻ കമീഷൻ അഭയം നൽകുമെന്നുമെല്ലാമുള്ള വ്യാജ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നീന്തിക്കടക്കേണ്ട വഴികൾ, അതിർത്തിയിലെ കോസ്റ്റ് ഗാർഡിന്റെ പട്രോളിങ് സമയം, ഏത് സമയത്ത് കൂട്ടത്തോടെ അതിർത്തി കടക്കണം തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കുന്ന വിഡിയോകളും സന്ദേശങ്ങളുമുണ്ടായിരുന്നു).

ഉടനടി ഐക്യരാഷ്ട്രസഭയിലെ ഇസ്രായേൽ അംബാസഡർ ഡാനി ഡാനോൺ സമൂഹ മാധ്യമങ്ങളിൽ കുറ്റപ്പെടുത്തലുമായി രംഗത്തെത്തി: ‘‘ഇസ്രായേലിനെ ഉപദേശിക്കാൻ ഒരു അവസരവും പാഴാക്കാത്ത സ്പെയിൻ, കുടിയേറ്റ നയത്തെച്ചൊല്ലിയുള്ള പ്രതിസന്ധിയെത്തുടർന്ന് സ്യൂതയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു’’ എന്നായിരുന്നു ഡാനി ഡാനോണിന്റെ ആദ്യ പ്രതികരണം.

‘‘ഞങ്ങളെ ഉപദേശിക്കുന്നത് തുടരുന്നതിന് മുമ്പ്, ആഫ്രിക്കയിൽ ഇപ്പോഴും കൊളോണിയൽ എൻക്ലേവുകൾ നിലനിർത്തുന്നത് എന്തിനാണെന്ന് ലോകത്തോട് വിശദീകരിക്കാൻ സമയമായിരിക്കുന്നു’’ എന്നും ഡാനി തുടർന്നു.

ഗസ്സ മുനമ്പിൽ ഫലസ്തീനികൾക്കെതിരെ വംശഹത്യ അഴിച്ചുവിടുകയും, വെസ്റ്റ് ബാങ്കിൽ ക്രൂരമായ കൊളോണിയൽ അധിനിവേശം നടത്തുകയും ചെയ്യുന്ന ഒരു രാജ്യം ‘‘കൊളോണിയൽ എൻക്ലേവുകളെ’’ കുറിച്ച് പരാതിപ്പെടുന്നതിനേക്കാൾ വലിയ ഇരട്ടത്താപ്പില്ല.

ഇസ്രായേലിനെ ‘‘വംശഹത്യ നടത്തുന്ന രാജ്യം’’ എന്ന് വിശേഷിപ്പിക്കുകയും അവരുമായുള്ള വമ്പൻ ആയുധ ഇടപാടുകൾ റദ്ദാക്കുകയും ചെയ്ത സ്പെയിൻ, ഇസ്രായേലിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുന്ന യൂറോപ്യൻ രാജ്യമാണ്. അവർ 2024-ൽ ഫലസ്തീൻ രാജ്യത്തെ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തിരുന്നു.

സ്പെയിനിൽ നിന്ന് വ്യത്യസ്തമായി ഇസ്രായേലുമായി നല്ല ബന്ധം പുലർത്തുന്ന മൊറോക്കോ, മെലില്ലയും സ്യൂതയും തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നുണ്ട്.

ഡാനോണിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി സ്പാനിഷ് ഗതാഗത മന്ത്രി ഓസ്കാർ പ്യൂന്റെ എഴുതി: ‘‘ശരി, കാര്യങ്ങളെല്ലാം ഇപ്പോൾ വ്യക്തമാകുന്നുണ്ട്’’ - വംശഹത്യയെ എതിർത്തതുൾപ്പെടെ സ്പെയിൻ ചെയ്ത ‘‘തെറ്റുകൾ’’ക്കുള്ള ശിക്ഷയായി സ്യൂതയിലേക്ക് കുടിയേറ്റക്കാരുടെ വൻ പ്രവാഹം സൃഷ്ടിക്കുന്നതിൽ ഇസ്രായേലിന് പങ്കുണ്ടെന്ന ഊഹാപോഹങ്ങളെക്കുറിച്ചാണ് അദ്ദേഹം പരാമർശിച്ചത്.

ഇസ്രായേൽ ഉദ്യോഗസ്ഥരുടെയും ഇസ്രായേൽ അനുകൂല നിരീക്ഷകരുടെയും പരസ്യ പ്രസ്താവനകളാണ് ഈ ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയത്. മാർച്ച് മാസത്തിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ, മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ അഭിപ്രായപ്പെട്ടത്: ‘‘മൊറോക്കക്കാർ ഒത്തുചേരുകയും, അതിർത്തിയിലേക്ക് ബുൾഡോസറുകൾ അയക്കുകയും, തുടർന്ന് മൊറോക്കൻ കൊടി ഉയർത്താൻ നിരായുധരായി സ്യൂതയിലേക്കും മെലില്ലയിലേക്കും പ്രവേശിക്കുകയും വേണം.’’

ഇസ്രായേലി വൈനെറ്റ് ന്യൂസ് വെബ്‌സൈറ്റിനായുള്ള റിപ്പോർട്ടിൽ, നിയോകൺസർവേറ്റീവ് മിഡിൽ ഈസ്റ്റ് ഫോറം അംഗമായ അമീൻ അയ്യൂബ്, സ്യൂതയും മെലില്ലയും തിരിച്ചുപിടിക്കാൻ മൊറോക്കോയെ ഇസ്രായേൽ സഹായിക്കണം എന്ന് നിർദ്ദേശിച്ചു. മൊറോക്കോയെ ഇസ്രായേൽ സഹായിക്കേണ്ടതിന്റെ യഥാർഥ കാരണം ആ ലേഖനത്തിൽ അയ്യൂബ് വ്യക്തമാക്കിയത് ഇങ്ങനെ: ‘‘ജിബ്രാൾട്ടർ കടലിടുക്കിന് കുറുകെ, ലോകത്തിലെ ഏറ്റവും സുപ്രധാനമായ സമുദ്ര പാതകളിലൊന്നിന്റെ താക്കോൽ കൈവശം വെച്ചിരിക്കുന്ന പങ്കാളിയിലുള്ള തന്ത്രപരമായ നിക്ഷേപമാണിത്.’’

അയ്യൂബിന്റെ കാഴ്ചപ്പാടിൽ, യു.എസും സ്പെയിനും തമ്മിൽ വിയോജിപ്പുകളുള്ളതിനാൽ അത്തരം ഒരു നീക്കത്തിന് ഏറ്റവും അനുയോജ്യമായ സമയമായിരുന്നു അത്. യു.എസും ഇസ്രായേലും ചേർന്ന് ഇറാനെതിരെ നടത്തുന്ന യുദ്ധത്തോട് സഹകരിക്കാത്ത നിലപാടാണ് സ്പാനിഷ് ഭരണകൂടം സ്വീകരിച്ചത്. ഫെബ്രുവരി അവസാനം ആരംഭിച്ച യുദ്ധത്തിൽ യു.എസിന് തങ്ങളുടെ സൈനിക താവളങ്ങൾ ഉപയോഗിക്കാനുള്ള അനുമതി സ്പെയിൻ നിഷേധിച്ചു. അതിനു പകപോക്കാനായി സ്പെയിനെ നാറ്റോയിൽ നിന്ന് പുറത്താക്കാൻ അമേരിക്ക നിർദ്ദേശിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

സ്യൂതയിൽ നടന്ന സംഭവങ്ങളിൽ ഇസ്രായേലിന് ശരിക്കും പങ്കുണ്ടോ എന്ന് കണ്ടറിയേണ്ടതുണ്ട്. എന്നാൽ മറ്റുള്ളവരുടെ കാര്യങ്ങളിൽ കുതന്ത്രങ്ങളിലൂടെ ഇടപെടാൻ ആ രാജ്യം ഒരിക്കലും മടിച്ചിട്ടില്ലെന്ന കാര്യം മറക്കാനാവില്ല.

സ്യൂതയിലെ ‘‘അധിനിവേശത്തെ’’ സാഞ്ചസ് ഗവൺമെന്റിന്റെ കഴിവുകേടായി വ്യാഖ്യാനിച്ച യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഡെമോക്രാറ്റുകൾ വീണ്ടും അധികാരത്തിൽ വന്നാൽ യു.എസിൽ എന്താണ് സംഭവിക്കുക എന്നതിന്റെ മുന്നറിയിപ്പായും ചൂണ്ടിക്കാട്ടി: ‘‘ഇത് ഭയാനകമാണ്. ആ ചിത്രം ഓർമിക്കുക. തെറ്റായ വിഭാഗം അധികാരത്തിൽ വന്നാൽ മൂന്ന് വർഷത്തിനുള്ളിൽ നമ്മളും ഇതുപോലെയാകും’’ എന്നാണ് ട്രംപ് പറഞ്ഞത്.

ഇസ്രായേൽ തീർച്ചയായും കുറച്ചുകൂടി വ്യത്യസ്തമായ ഒരു നിലപാടാണ് ട്രംപിൽ നിന്ന് പ്രതീക്ഷിച്ചിട്ടുണ്ടാവുക - ഒരുപക്ഷേ തന്ത്രപ്രധാനമായ സ്യൂത മൊറോക്കൻ ഭൂപ്രദേശമാണെന്ന അവകാശവാദം. എന്നാൽ ഇത്തവണ വിദേശികൾക്കെതിരെ ഭീതി വളർത്തുന്ന രാഷ്ട്രീയത്തിനാണ് ട്രംപിന്റെ തലച്ചോറിൽ മുൻഗണന ലഭിച്ചതെന്ന് തോന്നുന്നു.

സ്പെയിനിന്റെ ഇരട്ടത്താപ്പിനെക്കുറിച്ച് നിരന്തരം കുറ്റപ്പെടുത്തുകയും, സ്വന്തം കൊളോണിയൽ ക്രൂരതകളിൽ നിന്നും വംശഹത്യ നയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ, ഇസ്രായേലിന്റെ വ്യാജ നാട്യങ്ങൾക്ക് അതിർവരമ്പുകളില്ല എന്ന് ഉറപ്പിച്ചു പറയാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:immigrationDiplomaticConflictSpainIsraelTensionsCeutaBorderCrisis
News Summary - Ceuta Border Crisis: Spain-Israel Tensions Rise Over Migrant Surge
Next Story