ക്രൂരത കാമറയിൽ പകർത്തി ആഘോഷം; ഇസ്രായേൽ പങ്കുവെച്ച ഗസ്സ ഫ്ലോട്ടില പ്രവർത്തകരുടെ വിഡിയോ പുറത്ത്
text_fieldsഫലസ്തീൻ: ഗസ്സയിലെ ഇസ്രായേൽ ഉപരോധം ലംഘിക്കാൻ ശ്രമിച്ച അന്താരാഷ്ട്ര 'സുമൂദ് ഫ്ലോട്ടില്ല' പ്രവർത്തകരെ ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥർ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ-ഗ്വീർ ആണ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. തങ്ങളെ ആരും ചോദ്യം ചെയ്യില്ലെന്ന ഇസ്രായേലിന്റെ അഹങ്കാരമാണ് സ്വന്തം ക്രൂരതകൾ ലോകത്തിന് മുന്നിൽ വിളിച്ചുപറയാൻ അവരെ പ്രേരിപ്പിക്കുന്നത്. എന്നാൽ, ഈ ദൃശ്യങ്ങൾ തന്നെ ഇസ്രായേലിനെതിരെയുള്ള അന്താരാഷ്ട്ര കേസുകളിൽ വലിയ തെളിവുകളായി മാറുകയാണ്.
കൈകൾ പിന്നോട്ട് കെട്ടി, തല നിലത്തു മുട്ടിച്ച് മുട്ടുകുത്തി നിൽക്കുന്ന മനുഷ്യാവകാശ പ്രവർത്തകരെ മന്ത്രി ബെൻ-ഗ്വീർ പരിഹസിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനെതിരെ സംസാരിക്കാൻ ശ്രമിച്ച ഒരു വനിതാ പ്രവർത്തകയുടെ കഴുത്തിൽ ബലമായി പിടിച്ച് തറയിലേക്ക് ദാരുണമായി തള്ളിയിടുന്നതും വിഡിയോയിലുണ്ട്. ഫലസ്തീൻ തടവുകാരെയും വിദേശ സഹായ പ്രവർത്തകരെയും ഇസ്രായേൽ എത്രത്തോളം ക്രൂരമായാണ് കൈകാര്യം ചെയ്യുന്നത് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഈ വിഡിയോ.
ഇസ്രായേലിന്റെ മനുഷ്യാവകാശ ലംഘനങ്ങൾ ഇതാദ്യമല്ല. 2003ൽ ഫലസ്തീനികളുടെ വീട് പൊളിക്കുന്നത് തടയാൻ ശ്രമിച്ച അമേരിക്കൻ യുവതി റേച്ചൽ കോറിയെ ബുൾഡോസർ കയറ്റി കൊന്നതും, 2022ൽ അൽ ജസീറ മാധ്യമപ്രവർത്തക ഷിറീൻ അബു ആഖിലയെ വെടിവെച്ചു കൊന്നതും, 2024 ഏപ്രിലിൽ 'വേൾഡ് സെൻട്രൽ കിച്ചൻ' എന്ന സംഘടനയുടെ ഏഴ് വിദേശ സഹായ പ്രവർത്തകരെ ഡ്രോൺ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതും ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരതയുടെ ചരിത്രത്തിലെ ചിലതു മാത്രമാണ്. ഫലസ്തീൻ തടവുകാരെ ലൈംഗികമായി പീഡിപ്പിക്കുന്നതും നായ്ക്കളെ വിട്ട് കടിപ്പിക്കുന്നതും തങ്ങളുടെ 'സാധാരണ പ്രവർത്തന രീതി' ആണെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടുകൾ പോലും സാക്ഷ്യപ്പെടുത്തുന്നു.
വിഡിയോ പുറത്തുവന്നതോടെ കാനഡ, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, പോർച്ചുഗൽ, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങൾ ഇസ്രായേൽ അംബാസഡർമാരെ വിളിച്ചുവരുത്തി കടുത്ത അമർഷം രേഖപ്പെടുത്തി. ഇസ്രായേലിനെ അനുകൂലിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾ പോലും ഇപ്പോൾ വലിയ രാഷ്ട്രീയ സമ്മർദത്തിലാണ്. ആഗോളതലത്തിൽ ഇസ്രായേലിനെതിരെയുള്ള പൊതുവികാരം ശക്തമാകുന്നതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തന്നെ സമ്മതിച്ചിട്ടുണ്ട്.
ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക ഇസ്രായേലിനെതിരെ നൽകിയ വംശഹത്യ കേസിലെ ഭൂരിഭാഗം തെളിവുകളും ഇസ്രായേൽ ഭരണാധികാരികളും സൈനികരും മാധ്യമങ്ങളും സ്വന്തം സോഷ്യൽ മീഡിയ വഴി പങ്കുവെച്ച വിഡിയോകളും പ്രസംഗങ്ങളുമാണ്. സ്വന്തം കുറ്റകൃത്യങ്ങൾ പരസ്യമായി ആഘോഷിക്കുന്ന ഇസ്രായേലിന്റെ അഹങ്കാരം തന്നെയാണ് ഒടുവിൽ അവർക്ക് അന്താരാഷ്ട്ര കോടതികളിൽ വലിയ തിരിച്ചടിയാകാൻ പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

