Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചോരക്കൊതി മാറാതെ...

ചോരക്കൊതി മാറാതെ ഇ​സ്രായേൽ, ഗസ്സയിൽ കുട്ടികളടക്കം നാല് മരണം; നിരവധി പേർക്ക് പരിക്ക്

text_fields
bookmark_border
ചോരക്കൊതി മാറാതെ ഇ​സ്രായേൽ, ഗസ്സയിൽ കുട്ടികളടക്കം നാല് മരണം; നിരവധി പേർക്ക് പരിക്ക്
cancel

ഗസ്സ സിറ്റി: വെടിനിർത്തൽ കരാർ നിലനിൽക്കെ ഗസ്സ മുനമ്പിൽ ഇസ്രായേൽ വ്യോമാക്രമണം ശക്തിപ്പെടുത്തി. വ്യാഴാഴ്ച നടത്തിയ ആക്രമണങ്ങളിൽ കുട്ടികളടക്കം കുറഞ്ഞത് നാല് ഫലസ്തീനികൾ കൊല്ലപ്പെടുകയും ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഈജിപ്ത്, ഖത്തർ, തുർക്കിയ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ കൈറോയിൽ വെടിനിർത്തലിന്റെ രണ്ടാം ഘട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് റഫയിലും ഗസ്സയുടെ മറ്റു ഭാഗങ്ങളിലും ആക്രമണം തുടരുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പുതിയ മരണങ്ങളും മുമ്പ് പരിക്കേറ്റ ഒരാളുടെ മരണവും വീണ്ടെടുത്ത ഒരു മൃതദേഹവും ഉൾപ്പെടെ ആറ് മൃതദേഹങ്ങളും 34 പരിക്കേറ്റവരേയും ഗസ്സയിലുടനീളമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ദക്ഷിണ നഗരമായ ഖാൻ യൂനിസിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു പുരുഷനും എട്ടു വയസ്സുകാരനായ കുട്ടിയും കൊല്ലപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ആഭ്യന്തരമായി ഭവനരഹിതരാക്കപ്പെട്ടവർ കഴിയുന്ന ടെന്റ് ക്യാമ്പിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

മധ്യ ഗസ്സയിലെ ബുറൈജ് അഭയാർഥി ക്യാമ്പിൽ വീടിനുനേരെയുണ്ടായ വ്യോമാക്രമണത്തിൽ 18 മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഗസ്സ സിറ്റിയിൽ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ഫലസ്തീനിക്ക് നേരെ നടത്തിയ ആക്രമണത്തിൽ ഇയാൾ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ബുധനാഴ്ച വൈകുന്നേരം ഗസ്സ സിറ്റിയിലെ ശാതി അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണം അതിഭീകരമായിരുന്നുവെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ബഹുനില കെട്ടിടത്തിന് നേരെ നടത്തിയ ആക്രമണത്തിൽ സമീപത്തെ രണ്ട് താൽകാലിക ടെന്റ് ക്യാമ്പുകൾ പൂർണമായും തകർന്നു. 35ഓളം കുടുംബങ്ങളാണ് ഇവിടെ അഭയം പ്രാപിച്ചിരുന്നത്.

ഒക്ടോബറിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ട ചർച്ചകൾ കൈറോയിൽ പുരോഗമിക്കുകയാണ്. ഹമാസ് പ്രതിനിധികളും മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്ത്, ഖത്തർ, തുർക്കിയ എന്നിവരും ചർച്ചകളിൽ പങ്കാളികളാകുന്നുണ്ട്. എന്നാൽ രണ്ട് പ്രധാന വിഷയങ്ങളിൽ ഇരുവിഭാഗവും ഉറച്ചുനിൽക്കുന്നത് ചർച്ചകൾ സ്തംഭനാവസ്ഥയിലാക്കി:

ഗസ്സയിൽ നിന്നുള്ള സൈനിക പിന്മാറ്റവും ആക്രമണങ്ങൾ അവസാനിപ്പിക്കലും ഇസ്രായേൽ നടപ്പാക്കിയിട്ടില്ല. ആയുധങ്ങൾ പൂർണമായും താഴെവെക്കണമെന്ന ഇസ്രായേലിന്റെ ആവശ്യം ഹമാസ് തള്ളി. പകരം ആയുധങ്ങൾ ഇസ്രായേലിന് കൈമാറുന്നതിന് പകരം ഒരു ഫലസ്തീൻ ഭരണസമിതിയുടെ മേൽനോട്ടത്തിൽ പരിപാലിക്കാമെന്ന നിർദ്ദേശമാണ് ഹമാസ് മുന്നോട്ടുവെക്കുന്നത്.

കരാർ ഭേദഗതി ചെയ്ത് സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾ ഫലസ്തീൻ നിയമപ്രകാരം സംരക്ഷിക്കണമെന്നും ഹമാസ് ആവശ്യപ്പെടുന്നു.

2025 ഒക്ടോബറിലെ വെടിനിർത്തൽ കരാർ പ്രകാരം പ്രതിദിനം 600 സഹായ ട്രക്കുകൾ ഗസ്സയിലേക്ക് പ്രവേശിപ്പിക്കേണ്ടതുണ്ട്. എന്നാൽ ഇസ്രായേൽ അധികൃതർ സഹായ സാമഗ്രികൾ തടയുന്നത് തുടരുകയാണ്.

വെടിനിർത്തൽ പ്രഖ്യാപിച്ചതിനു ശേഷവും ഇസ്രായേൽ നിരന്തരം കരാർ ലംഘനം നടത്തുകയാണെന്നും ഇതിനകം ആയിരത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും മൂവായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

2023 ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 73,341 ഫലസ്തീനികൾ കൊല്ലപ്പെടുകയും 1,74,086 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഗസ്സയിലെ 60 ശതമാനത്തോളം വീടുകൾ തകർന്നതോടെ 12 ലക്ഷത്തിലധികം ആളുകൾ ഭവനരഹിതരായിക്കഴിയുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaIsraelceasefire violationAirstrike
News Summary - ചോരക്കൊതി മാറാതെ ഇ​സ്രായേൽ
Next Story