വെടിനിർത്തൽ; യു.എസിന് കാത്തിരിപ്പ്
text_fieldsതെഹ്റാൻ: ഹുർമുസ് പ്രതിസന്ധി ആഗോള സമ്പദ്‍വ്യവസ്ഥയെ രൂക്ഷമായി പിടിച്ചുലക്കുന്നതിനിടെ യു.എസ് സമർപ്പിച്ച വെടിനിർത്തൽ നിർദേശങ്ങൾക്ക് ബദൽ നിർദേശങ്ങളുമായി ഇറാൻ. താൽക്കാലിക വെടിനിർത്തലും ഹുർമുസ് വഴി ചരക്കുകടത്ത് അനുവദിക്കലും ലക്ഷ്യമിട്ട് അമേരിക്ക കഴിഞ്ഞ ദിവസം സമർപ്പിച്ച നിർദേശങ്ങൾക്കാണ് ഞായറാഴ്ച വൈകീട്ട് പാകിസ്താൻ വഴി ഇറാൻ മറുപടി നൽകിയത്. നിർദേശങ്ങൾ അമേരിക്കക്ക് കൈമാറിയതായി പാകിസ്താൻ അറിയിച്ചു.
ഇതുസംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ഇറാനു മാത്രമല്ല, മേഖലക്കും ആഗോള സമൂഹത്തിന് മൊത്തത്തിലും ആശങ്ക ഉയർത്തുന്ന യുദ്ധം അടിയന്തരമായി അവസാനിപ്പിക്കലാണ് ലക്ഷ്യമെന്നു മാത്രമായിരുന്നു ഇറാൻ പ്രതികരണം.
യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ ഊർജിതമായി തുടരുന്നതിനിടെ കഴിഞ്ഞ ദിവസമാണ് അമേരിക്ക 14 ഇന നിർദേശങ്ങൾ സമർപ്പിച്ചത്. ഇതുപ്രകാരം അണുവായുധം വികസിപ്പിക്കില്ലെന്ന് ഇറാൻ സമ്മതിക്കണം. അടുത്ത 12 വർഷത്തേക്ക് യുറേനിയം സമ്പുഷ്ടീകരണവും നിർത്തിവെക്കണം. ഇറാന്റെ വശമുള്ള 60 ശതമാനം സമ്പുഷ്ടീകരിച്ച 440 കിലോ യുറേനിയം അമേരിക്കക്ക് കൈമാറണം. പകരം യു.എസ് മരവിപ്പിച്ചുനിർത്തിയ ഇറാന്റെ ശതകോടികൾ വിട്ടുനൽകും. ഉപരോധങ്ങൾ എടുത്തുകളയുകയും ചെയ്യും. കരാറിലൊപ്പുവെച്ച് 30 ദിവസങ്ങൾക്കകം ഹുർമുസ് ഉപരോധം പൂർണമായി അവസാനിപ്പിക്കണം.
ഇവയിലേറെയും ഇറാന് അംഗീകരിക്കാനാകാത്തവയാണെങ്കിലും വെടിനിർത്തൽ നടപ്പാക്കാൻ അവസാന പോംവഴിയെന്ന നിലക്ക് അംഗീകരിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ലബനാനിലടക്കം മേഖലയിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളും സമ്പൂർണമായി അവസാനിപ്പിക്കാനാവശ്യപ്പെട്ടുള്ള നിർദേശങ്ങളാണ് ഇറാൻ സമർപ്പിച്ചതെന്നാണ് സൂചന. നേരത്തെ യു.എസ് നിർദേശങ്ങൾ സമർപ്പിച്ചതിന് പിറകെ രണ്ട് ഇറാൻ കപ്പലുകളാണ് യു.എസ് ആക്രമിച്ചു പ്രവർത്തനരഹിതമാക്കിയത്. ഒമാൻ കടൽതീരത്തോടു ചേർന്നും യു.എ.ഇയിലെ ഫുജൈറ തുറമുഖത്തിനു സമീപവുമാണ് കപ്പലുകൾ ആക്രമിക്കപ്പെട്ടത്. ഇതിനു പുറമെ ഇറാനിൽ ബന്ദർ ഖമീർ, സിറിക്, ഖിശം ദ്വീപ് എന്നിവിടങ്ങളിലും യു.എസ് സേന ആക്രമണം നടത്തി. പിന്നാലെ യു.എ.ഇയിൽനിന്ന് പുറപ്പെട്ട കപ്പലിനു നേരെയും ആക്രമണമുണ്ടായി.
ഹുർമുസിൽ വിദേശകപ്പലുകൾക്കുമേൽ ഇറാനും യു.എസും ഉപരോധം തുടരുകയാണ്. ഫെബ്രുവരി എട്ടു മുതൽ ഉപരോധം തുടരുന്നത് ആഗോള ഇന്ധന വിപണിയിൽ വിലക്കയറ്റം രൂക്ഷമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

