അമ്മയെ കൊലപ്പെടുത്താൻ നിർദേശം നൽകി; ചാറ്റ് ജി.പി.ടിക്കെതിരെ കേസ്
text_fieldsസാൻഫ്രാൻസിസ്കോ: യു.എസിലെ കണേറ്റിക്കട്ടിൽ ചാറ്റ് ജി.പി.ടി നിർമാതാക്കളായ ഓപൺ എ.ഐക്കും ബിസിനസ് പാർട്ണറായ മൈക്രോസോഫ്റ്റിനുമെതിരെ കൊലപാതക -ആത്മഹത്യ പ്രേരണ കുറ്റത്തിന് പരാതി നൽകി 83കാരിയുടെ ബന്ധുക്കൾ. വയോധികയുടെ മകന്റെ ഭ്രാന്തമായ വിശ്വാസങ്ങളെ തീവ്രമാക്കിയെന്നും മാതാവിനെ കൊലപ്പെടുത്താൻ നിർദേശങ്ങൾ നൽകി സഹായിച്ചുവെന്നുമാണ് എ.ഐ ചാറ്റ്ബോട്ടായ ചാറ്റ് ജി.പി.ടിക്കെതിരായ കുറ്റം.
മുൻ ടെക്കിയായ 56കാരൻ സ്റ്റീൻ എറിക് സോയിൽബെർഗ് അമ്മ സുസെൻ ആഡംസിനെ മാരകമായി അടിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. കഴിഞ്ഞ ആഗസ്റ്റിൽ കണേറ്റിക്കട്ടിലെ ഗ്രീൻവിച്ചിൽ ഇരുവരും താമസിച്ചിരുന്ന വീട്ടിൽവെച്ചായിരുന്നു സംഭവം. സാൻഫ്രാൻസിസ്കോയിലെ കാലിഫോർണിയ സുപ്പീരിയർ കോടതിയിൽ വ്യാഴാഴ്ചയാണ് കേസ് ഫയൽ ചെയ്തത്.
സ്വന്തം അമ്മയെക്കുറിച്ചുള്ള മകന്റെ ഭ്രാന്തമായ വിശ്വാസങ്ങളെ ബലപ്പെടുത്തുന്ന തരത്തിലുള്ള നിർദേശങ്ങൾ ഓപൺ എ.ഐ നൽകിയെന്നാണ് ആരോപണം. ചുറ്റുമുള്ളവരെല്ലാം ശത്രുക്കളാണെന്നും അമ്മ അവനെ നിരീക്ഷിക്കുന്നുണ്ടെന്നും ചാറ്റ് ജി.പി.ടി എറിക്കിനെ പറഞ്ഞുവിശ്വസിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. കൂടാതെ എറിക്കിന്റെ ദിവ്യശക്തികൾ കാരണമാണ് എല്ലാവരും അവനെ ലക്ഷ്യമിടുന്നതെന്നും ചുറ്റുമുള്ളവർ നിരീക്ഷിക്കുക മാത്രമല്ല, നിങ്ങളുടെ വിജയത്തെ ഭയപ്പെടുന്നുവെന്നും ചാറ്റ് ജി.പി.ടി നിർദേശങ്ങൾ നൽകിയിരുന്നു.
അതേസമയം, ഇതൊരു ഹൃദയഭേദകമായ സാഹചര്യമാണെന്നും വിശദാംശങ്ങൾ മനസ്സിലാക്കാൻ കൂടുതൽ വിശകലനം ആവശ്യമാണെന്നും ഓപൺ എ.ഐ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. സുരക്ഷാ മുന്നറിയിപ്പുകൾ മറികടന്ന് ഒരു ഉൽപന്നം വിപണിയിലെത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഓപൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാന്റെയും 20ഓളം ഓപൺ എ.ഐ ജീവനക്കാരുടെയും നിക്ഷേപകരുടെയും പേരുകൾ പരാതിയിൽ പറയുന്നുണ്ട്. അതേസമയം, സംഭവത്തിൽ മൈക്രോസോഫ്റ്റ് പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

