ഒമാന് സമീപം ചരക്ക് കപ്പലിന് നേരെ ആക്രമണം; ഹുർമുസിൽ കപ്പലുകൾ അതീവ ജാഗ്രതയിൽ
text_fields(ഫയൽ ചിത്രം)
ലണ്ടൻ: ഒമാൻ തീരത്തിന് സമീപം ചരക്ക് കപ്പലിന് നേരെ ആക്രമണമുണ്ടായതായി യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് റിപ്പോർട്ട് ചെയ്തു. ഹുർമുസ് കടലിടുക്കിന് സമീപത്ത്, ഒമാനിലെ ഖസബിന് ഏകദേശം 20 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി സഞ്ചരിക്കവെയാണ് കപ്പലിന് നേരെ ആക്രമണമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തെക്കുറിച്ച് അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് യു.കെ മാരിടൈം അറിയിച്ചു. ഈ പ്രദേശത്തുകൂടി കടന്നുപോകുന്ന മറ്റ് കപ്പലുകൾ അതീവ ജാഗ്രത പാലിക്കണമെന്നും ഏതെങ്കിലും തരത്തിലുള്ള അസാധാരണ പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെടുകയാണെങ്കിൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങളെ തുടർന്ന് ഹുർമുസ് കടലിടുക്കിൽ നിലനിൽക്കുന്ന അനിശ്ചിതത്വത്തിനിടയിലാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെയുള്ള കപ്പൽ ഗതാഗതത്തിന്റെ സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി നിലവിൽ ഇറാൻ ഒമാനുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. കടലിടുക്കിന്റെ തെക്കുഭാഗത്തുള്ള ഒമാൻ സമുദ്രാതിർത്തിയും വടക്കുഭാഗത്തുള്ള ഇറാൻ സമുദ്രാതിർത്തിയും സംയോജിപ്പിച്ച് ഇരുവശത്തേക്കും സഞ്ചരിക്കാവുന്ന യാത്രാ ഇടനാഴി ആക്കി മാറ്റുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്.
അതേസമയം ഹുർമുസ് വിഷയത്തിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കൂടുതൽ വഷളാകുന്ന സാഹചര്യമാണുള്ളത്. പ്രാദേശിക മാധ്യസ്ഥ ശ്രമങ്ങളെ തുടർന്ന് ഇറാനെതിരെ നടത്താൻ നിശ്ചയിച്ചിരുന്ന സൈനികാക്രമണം റദ്ദാക്കിയതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഹുർമുസ് കടലിടുക്ക് പൂർണമായി തുറക്കുന്നതുൾപ്പെടെയുള്ള സമാധാന കരാറുകളുടെ രൂപരേഖ തയാറാക്കാൻ ഇറാനും മറ്റ് രാജ്യങ്ങളും അഭ്യർത്ഥിച്ചതിനെ തുടർന്നാണ് ആക്രമണം മാറ്റിവെച്ചതെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.
എന്നാൽ, ഈ അവകാശവാദങ്ങൾ ഇറാൻ ഔദ്യോഗികമായി തള്ളിക്കളഞ്ഞു. അമേരിക്കയുമായി യാതൊരുവിധ ചർച്ചകളും നടത്തുവാൻ ഉദ്ദേശിക്കുന്നില്ലെന്നും, വാഷിങ്ടണിന്റെ ശത്രുതാപരമായ നടപടികൾ തുടരുന്നിടത്തോളം കാലം ഹുർമുസ് കടലിടുക്ക് തുറന്നുനൽകില്ലെന്നും ഇറാനിയൻ വിദേശകാര്യ മന്ത്രാലയവും സൈനിക വൃത്തങ്ങളും വ്യക്തമാക്കി. അമേരിക്കയുടെ ഏതൊരു സൈനിക നീക്കത്തെയും നേരിടാൻ തങ്ങളുടെ സൈന്യം പൂർണ സജ്ജമാണെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമാധാന ചർച്ചകളെക്കുറിച്ചുള്ള യു.എസിന്റെയും ഇറാന്റെയും പരസ്പരവിരുദ്ധമായ ഈ നിലപാടുകൾ പശ്ചിമേഷ്യയിൽ വീണ്ടും കനത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

