തീപിടിച്ച് അലാസ്ക കടലിൽ ഉപേക്ഷിച്ച കപ്പലിലുള്ളത് 3159 കാറുകൾ; ഇതിൽ 65 ഇ.വികൾ, 681 ഹൈബ്രിഡ്, എട്ട് ദിവസമായിട്ടും അണയാതെ തീ
text_fieldsവാഷിങ്ടൺ ഡി.സി: മെക്സിക്കോയിലേക്കുള്ള യാത്രക്കിടെ യു.എസിലെ അലാസ്കക്ക് സമീപം കടലിൽ തീപിടിച്ച് ഉപേക്ഷിച്ച കണ്ടെയ്നർ കപ്പലിൽ ആകെയുള്ളത് 3159 കാറുകൾ. ഇതിൽ 65 ഇലക്ട്രിക് കാറുകളും 681 ഹൈബ്രിഡ് കാറുകളുമാണുള്ളത്. തീയണക്കാനുള്ള ശ്രമം തുടരുകയാണെന്ന് യു.എസ് കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇലക്ട്രിക്, ഹൈബ്രിഡ് കാറുകളിലെ ലിഥിയം-അയൺ ബാറ്ററികൾ തീപടരുന്നതിന്‍റെ ആഘാതം വർധിപ്പിച്ചതായി വിലയിരുത്തലുകളുണ്ട്.
തീയണക്കാനുള്ള പ്രവർത്തനങ്ങൾക്കായി യു.എസ് കോസ്റ്റ് ഗാർഡിന്‍റെ നിരവധി കപ്പലുകളും ഹെലികോപ്ടറുകളും സാൽവേജ് ടഗും സ്ഥലത്തെത്തിയിട്ടുണ്ട്. കപ്പൽ നിലവിൽ മണിക്കൂറിൽ 1.8 മൈൽ വേഗത്തിൽ കടലിൽ ഒഴുകുകയാണ്. കപ്പലിന്‍റെ വെള്ളത്തിലെ നിൽപ്പ് സാധാരണഗതിയിലാണെന്നും കടൽ മലിനീകരണത്തിന്‍റെ ലക്ഷണങ്ങളൊന്നും നിലവിൽ കാണാനാകുന്നില്ലെന്നും കോസ്റ്റ് ഗാർഡിന്‍റെ സൂപ്പർ ഹെർകുലീസ് ഹെലികോപ്റ്ററുകൾ നടത്തിയ നിരീക്ഷണത്തിൽ പറഞ്ഞു.
ലണ്ടൻ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈമിന്‍റെ മോണിങ് മിഡാസ് എന്ന കപ്പലിനാണ് ജൂൺ മൂന്നിന് പുലർച്ചെ തീപിടിച്ചത്. മേയ് 26നാണ് കാറുകളുമായി ചൈനയിൽ നിന്ന് മെക്സിക്കോയിലേക്ക് കപ്പൽ പുറപ്പെട്ടത്. ചൈനീസ് കമ്പനികളായ ചെറി ഓട്ടോമൊബൈൽസിന്‍റെയും ഗ്രേറ്റ് വാൾ മോട്ടോഴ്സിന്‍റെയും കാറുകളാണ് കപ്പലിലുണ്ടായിരുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 15നായിരുന്നു മെക്സിക്കോയിലെത്തേണ്ടിയിരുന്നത്.
കപ്പലിൽ 350 മെട്രിക് ടൺ ഗ്യാസ് ഫ്യൂവലും 1530 മെട്രിക് ടൺ സൾഫർ ഫ്യൂവലും അവശേഷിക്കുന്നുണ്ട്. കത്തിക്കൊണ്ടിരിക്കുന്ന കപ്പലിൽ നിന്ന് വൻതോതിൽ പുകപടലമാണ് ഉയരുന്നത്. കാറ്റിന്‍റെ ഗതിയും മറ്റ് സാഹചര്യങ്ങളും വിലയിരുത്തിയാണ് സാൽവേജ് കമ്പനികളുമായി കൂടിയാലോചിച്ച് കൂടുതൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുക.
22 ജീവനക്കാരായിരുന്നു മോണിങ് മിഡാസ് കപ്പലിലുണ്ടായിരുന്നത്. തീയുണ്ടായതോടെ ഇത് അണക്കാനുള്ള ജീവനക്കാരുടെ ശ്രമം വിജയിച്ചില്ല. തുടർന്ന് മറ്റു വഴികളില്ലാതായതോടെ അലാസ്കയുടെ സമുദ്രാതിർത്തിയിൽ അല്യൂഷ്യൻ ദ്വീപുകൾക്ക് സമീപത്തായി കപ്പൽ ഉപേക്ഷിച്ച് ജീവനക്കാർ രക്ഷപ്പെട്ടിരുന്നു. സമീപത്തുണ്ടായിരുന്ന കോകോ ഹെല്ലാസ് എന്ന കപ്പൽ മുഴുവൻ ജീവനക്കാരെയും രക്ഷപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

