വാഴ്സോ: നിയന്ത്രണം വിട്ട് റൗണ്ട് എബൗട്ടിലിടിച്ച കാർ ഏഴുമീറ്ററോളം ഉയരത്തിൽ പറന്ന് മീറ്ററുകൾക്കപ്പുറം പതിച്ചു. 41 കാരനായ ഡ്രൈവറെ കാർ വെട്ടിപ്പൊളിച്ച് പുറത്തെടുത്തു.
പോളണ്ടിലെ റാബിയൻ ഗ്രാമത്തിലാണ് സംഭവം. ഒഴിഞ്ഞ നിരത്തിലൂടെ അതിവേഗതയിലാണ് കാർ വന്നത്. സ്ട്രീറ്റ് ഓഫ് ലോർഡ്സിലെ റൗണ്ട് എബൗട്ടിലേക്ക് ഇടിച്ചു കയറിയ കാർ വാനിലേക്ക് പറന്നുയർന്നു. ഏഴുമീറ്ററോളം ഉയരമുള്ള മരത്തിലിടിച്ച് സമീപത്തെ ഇടവകയുടെ കെട്ടിടത്തിൽ ഇടിച്ചാണ് താഴേക്ക് പതിച്ചത്. സമീപത്തെ സി.സി.ടിവി കാമറയിൽ പതിഞ്ഞ, കാർ വായുവിലൂടെ പറക്കുന്ന ദൃശ്യം ഇതിനകം പത്തുലക്ഷത്തിേലറെ പേരാണ് കണ്ടത്.
പോളിഷ് അധികൃതർ പുറത്തുവിട്ട ഈ വിഡിയോ നിരവധി പേർ പങ്കുവെച്ചു. അഗ്നിശമന സേനാംഗങ്ങൾ ആശുപത്രിയിലെത്തിക്കുേമ്പാൾ 41 കാരനായ ഡ്രൈവർക്ക് ബോധമുണ്ടായിരുന്നതായി ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ഏപ്രിൽ 12ന് വൈകീട്ട് ആറുമണിയോടെയാണ് അപകടം. ഡ്രൈവർ ലഹരിയിലാണോയെന്നറിയാൻ രക്തപരിശോധന ഫലം കാത്തിരിക്കുകയാണ് പോലീസ്.