'വീട്ടുമുറ്റത്ത് വിഷപ്പാമ്പുകളെ വളര്‍ത്തിയാല്‍ അത് അയല്‍ക്കാരെ മാത്രമേ കടിക്കൂ എന്ന് കരുതരുത്'; യു.എസിൽ പാക് സംഘത്തിന് കനത്ത മറുപടിയുമായി ശശി തരൂർ
text_fieldsവാഷിങ്ടൺ: ഭീകരവാദത്തിലൂടെ ഇന്ത്യയേക്കാൾ കൂടുതൽ ജീവൻ തങ്ങൾക്ക് നഷ്ടപ്പെട്ടുവെന്ന് യു.എസിലെത്തി സമർത്ഥിക്കാൻ ശ്രമിച്ച പാക് സംഘത്തെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എം.പി.
ഓപറേഷൻ സിന്ദൂർ വിശദീകരിക്കാൻ ഇന്ത്യൻ സംഘം യു.എസിലെത്തിയ സമയത്ത് തന്നെയാണ് പാകിസ്താൻ തങ്ങളുടെ ഭാഗം വിശദീകരിക്കായി എത്തിയത്. മുൻ പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പാക് സംഘം തങ്ങളും തീവ്രവാദത്തിന്റെ ഇരകളാണെന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കവേയാണ് ശശി തരൂരിന്റെ കടുത്ത വിമർശനം.
'തങ്ങളും ഭീകരപ്രവര്‍ത്തനത്തിന്റെ ഇരകളാണെന്നാണ് പാകിസ്താന്‍ അവകാശപ്പെടാന്‍ പോകുന്നത്. ഭീകരാക്രണമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇന്ത്യയിലേക്കാള്‍ പാകിസ്താനിലാണ് കൂടുതല്‍. ആരുടെ തെറ്റാണിത്? പത്തുകൊല്ലം മുന്‍പ് ഹിലാരി ക്ലിന്റണ്‍ പറഞ്ഞ പ്രശസ്തമായ ഒരു പ്രസ്താവനയുണ്ട്. നിങ്ങളുടെ വീട്ടുമുറ്റത്ത് വിഷപ്പാമ്പുകളെ വളര്‍ത്തിയാല്‍ അത് അയല്‍ക്കാരെ മാത്രമേ കടിക്കൂ എന്ന് ഒരിക്കലും കരുതരുത്.
പാകിസ്താന്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഭീകരാക്രമണങ്ങള്‍ അങ്ങനെ സംഭവിച്ചതാണ്. പാകിസ്താനില്‍ ആക്രമണങ്ങള്‍ നടത്തുന്ന തെഹ്‌രീകെ താലിബാന്‍ എങ്ങനെയുണ്ടായി, താലിബാനില്‍നിന്ന് വേര്‍പ്പെട്ടാണ് തെഹ്‌രീകെ താലിബാന്‍ ഉണ്ടായത്, താലിബാനെ സൃഷ്ടിച്ചതാരാണ്? എല്ലാവര്‍ക്കും അതിന്റെ ഉത്തരമറിയാം. നിരപരാധിത്വം വാദിക്കും മുൻപ് പാകിസ്താന്‍ ആത്മപരിശോധന നടത്തട്ടെ'- ശശി തരൂര്‍ പറഞ്ഞു.
ഐ.എസ്.ഐയും റോയും സംയുക്തമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാണെങ്കില്‍ ഇന്ത്യയിലും പാകിസ്താനിലും ഭീകരപ്രവര്‍ത്തനം ഗണ്യമായി കുറയുന്നത് നമുക്ക് കാണാന്‍ കഴിയുമെന്ന ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവനക്കുള്ള മറുപടി കൂടിയായിരുന്നു ശശി തരൂർ നൽകിയത്.
സമാധാന പ്രതിനിധി സംഘമെന്ന് സ്വയം വിശേഷിപ്പിക്കുന്ന പാകിസ്ഥാൻ പ്രതിനിധി സംഘത്തെ ഇന്ത്യൻ പ്രതിനിധി സംഘാംഗവും ബി.ജെ.പി എം.പിയുമായ തേജസ്വി സൂര്യ രൂക്ഷമായി പരിഹസിച്ചു. ചെകുത്താന്‍ വേദമോതുന്നതിന് സമാനമാണതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

