ട്രംപിന്‍റെ അധിക തീരുവയിൽ തിരിച്ചടിച്ച് കനേഡിയൻ പ്രവിശ്യകള്‍; യു.എസ് മദ്യ വിൽപന നിരോധിച്ചു
text_fieldsഒട്ടാവ: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ഇറക്കുമതി തീരുവയ്ക്ക് തിരിച്ചടിയുമായി കനേഡിയൻ പ്രവിശ്യകള്‍. ഒന്‍റാറിയോ, ക്യൂബെക്ക് എന്നിവയുൾപ്പെടെയുള്ള ഒന്നിലധികം കനേഡിയൻ പ്രവിശ്യകള്‍ യു.എസ് മദ്യത്തിന് വിലക്കേർപ്പെടുത്തി. ഇത് അമേരിക്കൻ ഉൽപാദകർക്ക് വൻ തിരിച്ചടിയാണെന്ന് വിലക്ക് പ്രഖ്യാപിച്ച് ഒന്റാരിയോ പ്രീമിയറായ ഡൗജ് ഫോര്‍ഡ് വ്യക്തമാക്കി.
ഒന്റാരിയോ പ്രവിശ്യയിലെ ഔട്ട്ലെറ്റ് ശൃംഖലയായ ലിക്വര്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഓഫ് ഒന്റാരിയോ (എല്‍.സി.ബി.ഒ) വെബ്സൈറ്റ് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വച്ചു. അമേരിക്കന്‍ മദ്യം ഔട്ട്ലെറ്റുകളില്‍ നിന്ന് നീക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എല്‍.സി.ബി.ഒ നടത്തുന്ന സ്‌റ്റോറുകള്‍ ഓരോ വര്‍ഷവും ഏകദേശം ഒരു ബില്ല്യണ്‍ കനേഡിയന്‍ ഡോളര്‍ മൂല്യമുള്ള യു.എസ്. ആല്‍ക്കഹോള്‍ ഉൽപന്നങ്ങൾ വില്‍ക്കുന്നുണ്ടെന്ന് ഫോര്‍ഡ് ചൂണ്ടിക്കാട്ടുന്നു.
സ്റ്റോറുകള്‍, ബാറുകള്‍, റസ്റ്ററന്റുകള്‍ എന്നിവയിലേക്ക് അമേരിക്കന്‍ ലഹരി പാനീയങ്ങള്‍ വിതരണം ചെയ്യുന്നത് നിര്‍ത്താന്‍ പ്രവിശ്യാ മദ്യ വിതരണക്കാരോട് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മുന്‍തൂക്കം നല്‍കിയ സംസ്ഥാനങ്ങളില്‍ നിന്ന് അമേരിക്കയുടെ മദ്യം വാങ്ങുന്നത് മദ്യ വിതരണക്കാര്‍ നിര്‍ത്തുമെന്ന് ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ സര്‍ക്കാരും വ്യക്തമാക്കിയിരുന്നു.
നിയമവിരുദ്ധ കുടിയേറ്റം, മയക്കുമരുന്ന് കള്ളക്കടത്ത് എന്നിവ തടയുന്നതില്‍ പരാജയപ്പെട്ടെന്നാരോപിച്ചാണ് കാനഡയ്ക്കും മെക്സിക്കോയ്ക്കും ട്രംപ് 25 ശതമാനം ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തിയത്. ഇത് ചൊവ്വാഴ്ച്ച അര്‍ധരാത്രിയോടെ നലവില്‍വന്നു.
ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട് കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണയുള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ക്ക് 10 ശതമാനം ഇറക്കുമതി തീരുവയാണ് യു.എസ്. ഏര്‍പ്പെടുത്തിയിരിക്കുന്നത്
ഇതിന് മറുപടിയായി 15,500 കോടി കനേഡിയന്‍ ഡോളറിന് മുകളില്‍ വരുന്ന യു.എസ് ഉല്‍പന്നങ്ങള്‍ക്ക് 21 ദിവസത്തിനുള്ളില്‍ തീരുവ ചുമത്തുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചിരുന്നു.
3000 കോടി കനേഡിയന്‍ ഡോളര്‍ വിലമതിക്കുന്ന യു.എസ് ഉല്‍പന്നങ്ങള്‍ക്കുള്ള കാനഡയുടെ 25 ശതമാനം തീരുവ ചൊവ്വാഴ്ച പ്രാബല്യത്തില്‍ വന്നു. അമേരിക്ക നികുതി പിന്‍വലിക്കുന്നതു വരെ കാനഡ ചുമത്തിയ താരിഫും നിലനില്‍ക്കുമെന്ന് ട്രൂഡോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

