മോദിയെ ജി7 ഉച്ചകോടിക്ക് ക്ഷണിച്ചതിൽ എതിർപ്പ് നേരിട്ട് കനേഡിയൻ പ്രധാനമന്ത്രി
text_fieldsഒട്ടാവ: ആൽബർട്ടയിൽ നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച തന്റെ തീരുമാനത്തിൽ എതിർപ്പ് നേരിട്ട് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ബ്രിട്ടീഷ് കൊളംബിയയിലെ ഒരു പ്രമുഖ സിഖ് ആക്ടിവിസ്റ്റിന്റെ കൊലപാതകം ഇന്ത്യൻ സർക്കാറിലെ ‘ഉന്നത തലങ്ങൾ’ ആസൂത്രണം ചെയ്തതാണെന്ന് കാനഡ ഫെഡറൽ പൊലീസിന്റെ നിഗമനത്തിന്റെ പശ്ചാത്തലത്തിലാണിത്.
ഹർദീപ് സിങ് നിജ്ജാറിന്റെ രാഷ്ട്രീയ പ്രേരിത കൊലപാതകത്തിൽ കഴിഞ്ഞ വർഷം കാനഡയും ഇന്ത്യയും പരസ്പരം ഉന്നത നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു. കൂട്ട അക്രമത്തിലും ഭീഷണിയിലും ഇന്ത്യ ഭാഗഭാക്കായെന്ന് കനേഡിയൻ നിയമപാലകരും ആരോപിച്ചു.
മോദിയെ ക്ഷണിക്കാനുള്ള കാർണിയുടെ തീരുമാനം വേൾഡ് സിഖ് ഓർഗനൈസേഷനിൽ നിന്ന് രോഷാകുലമായ പ്രതികരണത്തിന് കാരണമായി. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യ പങ്ക് നിഷേധിക്കുകയും കനേഡിയൻ അധികാരികളുമായി സഹകരിക്കാൻ വിസമ്മതിക്കുകയും ചെയ്യുമ്പോൾ നരേന്ദ്ര മോദിയെ ക്ഷണിക്കാനുള്ള പ്രധാനമന്ത്രി കാർണിയുടെ തീരുമാനം ലജ്ജാകരവും അപകടകരവുമാണ് - സംഘടനയുടെ പ്രസിഡന്റ് ഡാനിഷ് സിങ് ഒരു പ്രസ്താവനയിൽ പറഞ്ഞു. കനഡയിലെ സിഖുകാരെ സംബന്ധിച്ചിടത്തോളം ഇത് നമ്മുടെ സമൂഹത്തെ മാത്രമല്ല, കനേഡിയൻ മൂല്യങ്ങളെയും വഞ്ചിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മോദിയെ ക്ഷണിച്ചതിനെ ന്യായീകരിക്കുകയാണ് കാർണി. നിജ്ജാറിന്റെ കൊലപാതകത്തിൽ മോദിക്ക് പങ്കുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അദ്ദേഹം വിസമ്മതിച്ചു.
കാനഡയിൽ അക്ഷരാർത്ഥത്തിൽ നടന്നുകൊണ്ടിരിക്കുന്നതും വളരെ പുരോഗമിച്ചതുമായ ഒരു നിയമ പ്രക്രിയയുണ്ട്. ആ നിയമ പ്രക്രിയകളെക്കുറിച്ച് അഭിപ്രായങ്ങൾ പറയുന്നത് ഒരിക്കലും ഉചിതമല്ല - അദ്ദേഹം പറഞ്ഞു. കാനഡയിൽ താമസിക്കുന്ന നാല് ഇന്ത്യൻ പൗരന്മാർക്കെതിരെ നിജ്ജാറിന്റെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.
പ്രധാന ലോക നേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടി ജൂൺ 15 മുതൽ 17 വരെ ആൽബർട്ടയിലെ കനനാസ്കിസിൽ നടക്കും. ‘ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയും, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യവും, വിതരണ ശൃംഖലകളുടെ കേന്ദ്രവുമായ ഇന്ത്യയുടെ നേതാവിനെ ക്ഷണിക്കേണ്ടത് പ്രധാനമാണെന്ന് കാർണി പറഞ്ഞു. പ്രധാനമന്ത്രി മോദിക്ക് ഞാൻ ക്ഷണം നൽകി, ആ സാഹചര്യത്തിൽ അദ്ദേഹം അത് സ്വീകരിച്ചുവെന്നും കാർണി പറഞ്ഞു.
കാർണിയിൽ നിന്ന് കോൾ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. കൂടാതെ സമീപകാല തെരഞ്ഞെടുപ്പ് വിജയത്തിന് ലിബറൽ നേതാവിനെ അഭിനന്ദിക്കുകയും ചെയ്തു. ‘ആഴത്തിലുള്ള തമ്മിലുള്ള ബന്ധങ്ങളാൽ ബന്ധിതമായ ഊർജസ്വലമായ ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ പരസ്പര ബഹുമാനവും താൽപര്യങ്ങളും വഴി പുതുക്കിയ വീര്യത്തോടെ ഇന്ത്യയും കാനഡയും ഒരുമിച്ച് പ്രവർത്തിക്കും. ഉച്ചകോടിയിലെ ഞങ്ങളുടെ കൂടിക്കാഴ്ചക്കായി കാത്തിരിക്കുന്നു’- മോദി പ്രസ്താവനയിൽ പറഞ്ഞു.
കാനഡയുമായി ശത്രുത പുലർത്തുന്ന മറ്റ് രാജ്യങ്ങളുമായുള്ള സംഘർഷം ലഘൂകരിക്കാൻ തന്റെ പുതിയ സർക്കാർ ശ്രമിക്കുന്നതിനിടെയാണ് കാർണിയുടെ തീരുമാനം. കനേഡിയൻ സ്റ്റീലിനും അലുമിനിയത്തിനും സാമ്പത്തികമായി ദോഷകരമായ തീരുവകൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് രണ്ട് സഖ്യകക്ഷികളും തമ്മിലുള്ള വ്യാപാര യുദ്ധം അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി കാർണി നേരിട്ട് ചർച്ചകൾ നടത്തുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.