Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എൻ പൊതുസഭയിൽ...

യു.എൻ പൊതുസഭയിൽ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കും; ചരിത്ര പ്രഖ്യാപനവുമായി കാനഡ

text_fields
bookmark_border
Canada PM  Mark Carney
cancel

ഓട്ടവ: പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കാൻ ദ്വിരാഷ്ട്ര പരിഹാരമെന്ന ഫോർമുലക്ക് പിന്തുണയുമായി കൂടുതൽ പാശ്ചാത്യ രാജ്യങ്ങൾ. ബ്രിട്ടനും ഫ്രാൻസിനും പിന്നാലെ കാനഡയാണ് ഇപ്പോൾ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന് വ്യക്തമാക്കിയത്. സെപ്റ്റംബറിൽ നടക്കുന്ന യു.എൻ പൊതുസഭയിൽ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്നാണ് കാനഡയുടെ ചരിത്ര പ്രഖ്യാപനം. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

കാലങ്ങളായി തുടരുന്ന ഫലസ്തീൻ-ഇസ്രായേൽ സംഘർഷം അവസാനിപ്പിക്കാനുള്ള ദ്വിരാഷ്ട്ര പരിഹാരമെന്ന ചട്ടക്കൂടിന് ചുറ്റും അന്താരാഷ്ട്ര സമവായം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള നയതന്ത്ര മുന്നൊരുക്കവും ഈ തീരുമാനത്തോടൊപ്പം ഉണ്ടാകുമെന്നും കാനഡ അറിയിച്ചു. ഗസ്സ ദുരിതാശ്വാസത്തിനായി 30 മില്യൺ ഡോളറും വെസ്റ്റ്ബാങ്കിലെ ഭരണത്തെ പിന്തുണക്കുന്നതിന് 10 മില്യൺ ഡോളറും ഉൾപ്പെടെ 340 മില്യൺ ഡോളറിന്റെ മാനുഷിക സഹായം കാനഡ വാഗ്ദാനം ചെയ്തിരുന്നു.

ദ്വിരാഷ്ട്ര പരിഹാരമെന്ന മാർഗം തകർന്നതിലെ ആശങ്ക അറിയിച്ചാണ് കാനഡയുടെ നീക്കമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറൂസലമിലും ഇ​​സ്രായേൽ നിരന്തരംതുടരുന്ന കുടിയേറ്റ പ്രവർത്തനങ്ങളെയും ഗസ്സയിൽ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധിയും ഹമാസിന്റെ വെല്ലുവിളിയെയും കുറിച്ച് കാർണി എക്സ് പോസ്റ്റിൽ പ്രത്യേകം പരാമർശിച്ചു.

ഫലസ്തീനിൽ സമാധാനം സ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ഒപ്പം നിന്ന് പ്രവർത്തിക്കും. അതിൽ നിന്ന് കാനഡക്ക് മാറിനിൽക്കാൻ കഴിയില്ല. പശ്ചിമേഷ്യൻ മേഖലയിൽ സ്ഥിരതയും പ്രതീക്ഷയും പുലരാനുള്ള ഏക മാർഗം ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കലാണെന്നും കാർണി പ്രഖ്യാപിച്ചു. അതേസമയം, ഫലസ്തീൻ അതോറിറ്റിയുടെ സുപ്രധാന പരിഷ്‍കാരങ്ങളെ ആശ്രയിച്ചായിരിക്കും തങ്ങളുടെ പിന്തുണയെന്നും കാർണി സൂചന നൽകിയിട്ടുണ്ട്. 2026ൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തുക, ഭാവി സർക്കാറിൽ നിന്ന് ഹമാസിനെ ഒഴിവാക്കുക, ​സൈനികവത്കരണത്തോടുള്ള പ്രതിബദ്ധത എന്നീ പരിഷ്‍കാരങ്ങൾ ഫലസ്തീൻ ​അതോറിറ്റി നടപ്പാക്കണമെന്നാണ് കാനഡ ഉദ്ദേശിച്ചത്.

അതോടൊപ്പം 2023​ ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ ഹമാസ് ബന്ദികളാക്കിയ എല്ലാ ഇസ്രോയൽ പൗരൻമാരെയും മോചിപ്പിക്കണം. അക്രമത്തിലൂടെ ഒരിക്കലും സമാധാനം കൈവരിക്കാൻ കഴിയില്ല. സുരക്ഷ നിലനിർത്താനുള്ള ഇസ്രായേലിന്റെ അവകാശത്തെ മാനിക്കുന്നു. എന്നാൽ ഫലസ്തീനികൾക്ക് അവരുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാനും അവകാശമുണ്ടെന്നും കാർണി ഓർമപ്പെടുത്തി.

അതിനിടെ, ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനുള്ള കാനഡയുടെ നീക്കത്തെ വിമർശിച്ച് ഇസ്രോയേൽ രംഗത്തുവന്നു. ഹമാസിനുള്ള പ്രതിഫലമാണ് ഈ നീക്കമെന്ന് ഇസ്രായേൽ വിദേശകാര്യമന്ത്രി എക്സിൽ കുറിച്ചു. ഇത് വെടിനിർത്തലിനെയും ബന്ദികളുടെ മോചനത്തെയും സാരമായി ബാധിക്കുമെന്നും ഇസ്രായേൽ വിദേശകാര്യമന്ത്രി പറഞ്ഞു. യു.എസും ഇസ്രായേലിന് പിന്തുണയുമായി വന്നിട്ടുണ്ട്. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനുള്ള കാനഡയുടെ നീക്കം ഹമാസിന് കിട്ടുന്ന​ പ്രതിഫലമാണെന്നാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കരുതുന്നതെന്ന് വൈറ്റ്ഹൗസ് വക്താവ് ​പ്രതികരിച്ചു.

ഫലസ്തീൻ രാഷ്ട്രം വേണമെന്ന നിർദേശത്തിന് നിരവധി പാശ്ചാത്യ രാജ്യങ്ങളിൽ പിന്തുണ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കാനഡയുടെ തീരുമാനം. ഇസ്രായേൽ ഗസ്സയിലേക്ക് മാനുഷിക സഹായം അനുവദിക്കുകയും ദ്വിരാഷ്ട്ര പരിഹാരത്തിന് പ്രതിജ്ഞാബദ്ധമാവുകയും അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ കുടിയേറ്റ പ്രവർത്തനങ്ങൾ നിർത്തിവെക്കുകയും ചെയ്തില്ലെങ്കിൽ ഫലസ്തീനെ ഐക്യരാഷ്ട്രസഭയിൽ രാഷ്ട്രമായി അംഗീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും പ്രഖ്യാപിച്ചിരുന്നു. മാൾട്ട പ്രധാനമന്ത്രി റോബർട്ട് അബേലയും ഫലസ്തീനെ യു.എന്നിൽ രാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു.

സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടക്കുന്ന യു.എൻ സമ്മേളനത്തിൽ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന് ഫ്രാൻസും അറിയിച്ചിരുന്നു. അതിനു പിന്നാലെ ആസ്​ട്രേലിയ, കാനഡ തുടങ്ങിയ 14രാജ്യങ്ങളോടും ഇതേ നിലപാട് പിന്തുടരാൻ ഫ്രഞ്ച് പ്രധാനമ​ന്ത്രി ഇമ്മാനുവൽ മാ​ക്രോൺ ആഹ്വാനം ചെയ്യുകയുമുണ്ടായി. 2012 മുതൽ യു.എന്നിലെ നിരീക്ഷക രാഷ്ട്രമായി ഫലസ്തീൻ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അമേരിക്ക, ആസ്ട്രേലിയ, ജർമനി, ഇറ്റലി, ജപ്പാൻ ദക്ഷിണ കൊറിയ തുടങ്ങിയ നിരവധി രാഷ്ട്രങ്ങൾ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineCanadaWorld NewsGaza GenocideMark CarneyPalestine statehood
News Summary - Canada to recognise Palestinian State in September
Next Story