Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രംപിന്‍റെ ‘അമേരിക്ക തടാക’ത്തിന് കാനഡയുടെ മറുപടി; ‘ഒന്റാറിയോ തടാകം’ എന്ന കൂറ്റൻ ബോർഡുമായി ഡഗ് ഫോർഡ്

text_fields
bookmark_border
ട്രംപിന്‍റെ ‘അമേരിക്ക തടാക’ത്തിന് കാനഡയുടെ മറുപടി; ‘ഒന്റാറിയോ തടാകം’ എന്ന കൂറ്റൻ ബോർഡുമായി ഡഗ് ഫോർഡ്
cancel

ടൊറന്റോ: ഒന്റാറിയോ തടാകത്തിന്‍റെ പേര് ‘അമേരിക്ക തടാകം’ എന്നാക്കി മാറ്റാനുള്ള യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉത്തരവിന് കാനഡയുടെ മറുപടി. ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് തടാകത്തിന്റെ കനേഡിയൻ തീരത്ത് ‘ലേക്ക് ഒന്റാറിയോ, നൗ ഏൻഡ് ഓൾവെയ്സ്’ എന്ന സന്ദേശമുള്ള കൂറ്റൻ ബോർഡ് സ്ഥാപിച്ചു.

ഒന്റാറിയോയിലെ ഗ്രിംസ്ബിക്ക് സമീപം ശനിയാഴ്ചയാണ് ഫോർഡ് ബോർഡ് അനാച്ഛാദനം ചെയ്തത്. ‘ടീം കാനഡ’ ഫുട്ബോൾ ജേഴ്സി ധരിച്ചെത്തിയ അദ്ദേഹം ബോർഡിന് മുന്നിൽ ചിത്രങ്ങൾക്കായി പോസ് ചെയ്തു. ഏകദേശം 7.3 മീറ്റർ നീളവും 3.6 മീറ്റർ ഉയരവുമുള്ള ബോർഡ് ഏകദേശം രണ്ട് നില കെട്ടിടത്തിന്റെ ഉയരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. സന്ദേശം ഫ്രഞ്ചിലും രേഖപ്പെടുത്തിയിട്ടുണ്ട്.

ആഗസ്റ്റ് 27ന് ട്രംപ് ഒപ്പുവച്ച എക്സിക്യൂട്ടീവ് ഉത്തരവിലാണ് ഒന്റാറിയോ തടാകത്തെ ‘അമേരിക്ക തടാകം’ എന്ന് പുനർനാമകരണം ചെയ്യാൻ യു.എസ് ഫെഡറൽ ഏജൻസികൾക്ക് നിർദേശം നൽകിയത്. 30 ദിവസത്തിനകം യു.എസ് ജിയോഗ്രാഫിക് നെയിംസ് ഇൻഫർമേഷൻ സിസ്റ്റത്തിലും മറ്റ് ഫെഡറൽ രേഖകളിലും പേര് മാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

എന്നാൽ യു.എസ് ഉത്തരവ് കാനഡക്ക് ബാധകമല്ല. കാനഡയിൽ തടാകം ‘ഒന്റാറിയോ തടാകം’ എന്നുതന്നെ അറിയപ്പെടുമെന്നാണ് പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നിലപാട്. ഈ പേര് കാനഡയുടെ കോൺഫെഡറേഷനും അമേരിക്കയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിനും മുമ്പേ നിലവിലുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ട്രംപിന്റെ നീക്കത്തെ കനേഡിയൻ രാഷ്ട്രീയ നേതാക്കൾ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്തു. മാനിറ്റോബ പ്രീമിയർ വാബ് കിന്യു, മെക്സിക്കോ ഉൾക്കടലിന്റെ പേര് ‘ഗൾഫ് ഓഫ് അമേരിക്ക’ എന്നാക്കി മാറ്റിയ ട്രംപിന്റെ മുൻ തീരുമാനത്തെ പരാമർശിച്ചാണ് പുതിയ നീക്കത്തെ പരിഹസിച്ചത്.

പേരുമാറ്റ വിവാദം യു.എസും കാനഡയും തമ്മിലുള്ള വ്യാപാര തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് ഉണ്ടായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾ കഴിഞ്ഞ ആഴ്ച തകർന്നതിന് പിന്നാലെ കാനഡ യു.എസ് ഉൽപ്പന്നങ്ങൾക്ക് തിരിച്ചടി തീരുവ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒന്റാറിയോ തടാകം എന്ന പേരിന് തദ്ദേശീയ ചരിത്രവുമായി ദീർഘമായ ബന്ധമുണ്ട്. വെൻഡാറ്റ് ജനതയുടെ ഭാഷയിൽ നിന്നാണ് ‘ഒന്റാറിയോ’ എന്ന പേര് വന്നതെന്നാണ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കിയത്. നൂറ്റാണ്ടുകളായി ഉപയോഗത്തിലുള്ള ഈ പേര് മാറ്റാനുള്ള ശ്രമം തദ്ദേശീയ ചരിത്രത്തെയും പൈതൃകത്തെയും അവഗണിക്കുന്നതാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

തടാകത്തിന്റെ പേര് മാറ്റാനുള്ള ട്രംപിന്റെ ഉത്തരവ് യു.എസ് സർക്കാരിന്റെ ഔദ്യോഗിക രേഖകളിലും ഫെഡറൽ സംവിധാനങ്ങളിലും മാത്രമാണ് പ്രാബല്യത്തിൽ വരുന്നത്. കാനഡയോ മറ്റ് രാജ്യങ്ങളോ പുതിയ പേര് സ്വീകരിക്കണമെന്ന് നിർബന്ധിക്കാനുള്ള അധികാരം യു.എസ് സർക്കാരിനില്ല. അതിനാൽ കാനഡയിൽ ഒന്റാറിയോ തടാകം എന്ന പേര് തുടരുമെന്നാണ് കനേഡിയൻ സർക്കാരിന്റെ നിലപാട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Canada Rejects Trump Lake Renaming
Next Story